ഓരോ ആവശ്യങ്ങളുമായി യേശുവിനെ സമീപിച്ച എല്ലാവരും സന്തോഷത്തോടെ തിരിച്ചു പോയതായിട്ടാണ് വചനത്തിൽ ഉടനീളം നമ്മൾ കാണുന്നത്. എന്നാൽ ഒരിക്കലും അവസാനിക്കില്ലാത്ത സന്തോഷവും സമാധാനവും തേടി യേശുവിനെ സമീപിച്ച ഒരു യുവാവ് സങ്കടത്തോടെയാണ് തിരിച്ചുപോയത്. ഇവിടെ ശ്രദ്ധേയമായ കാര്യം ആ യുവാവ് വളരെ നല്ല ഒരു ജീവിതം നയിച്ചുവന്നിരുന്ന ദൈവം നല്കിയ കല്പനകളെല്ലാം പാലിക്കുന്ന വ്യക്തി ആയിരുന്നു, അയാളിലെ അസമാധാനത്തിനും അസംതൃപ്തിക്കും ഒക്കെ കാരണം അയാളുടെ സമ്പത്തിനോടുള്ള ആശ്രിത മനോഭാവമാണെന്ന് തിരിച്ചറിഞ്ഞ ഈശോ, പൂർണ്ണത പ്രാപിക്കാൻ എല്ലാ സമ്പത്തും ഉപേക്ഷിച്ചു തന്നെ അനുഗമിക്കാൻ ആ യുവാവിനോട് ആവശ്യപ്പെടുകയാണ്. അപ്പോൾ ആ വ്യക്തി സങ്കടത്തോടെ തിരിച്ചു പോയി

നമ്മൾ ജീവിതത്തിൽ ഒട്ടേറെ ഇഷ്ടപ്പെടുന്ന വ്യക്തികൾക്കും വസ്തുക്കൾക്കും നമ്മുടെ ഹൃദയത്തിൽ എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരിക്കും. നമ്മുടെ ഹൃദയത്തിൽ നാമേറ്റവും ഉന്നതമായ സ്ഥാനം എന്തിനു നൽകുന്നുവോ, അതായിരിക്കും നമ്മുടെ ജീവിതത്തിൽ നാമേറ്റവും വിലപ്പെട്ടതായി കരുതുന്നത്. സാമാന്യം നല്ല സാമ്പത്തിക രീതിയിൽ ജീവിക്കുന്ന ഒരു വ്യക്തി, ദൈവപ്രമാണങ്ങൾ അനുസരിക്കുമ്പോൾ, നന്മപ്രവർത്തികൾ ചെയ്യുമ്പോൾ, പലപ്പോഴും കരുതുന്നത് അയാൾ ജീവിക്കുന്നത് ദൈവഹിതപ്രകാരമാണ് എന്നാണ്. എന്നാൽ ഈ കല്പനകൾക്കൊക്കെ ഉപരിയായി ദൈവം നൽകിയിരിക്കുന്ന കല്പനയാണ്, എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം എന്നത്. ദൈവമാണ് ഏറ്റവും വിലപ്പെട്ടത്‌ എന്ന് വിശ്വസിക്കണമെങ്കിൽ ഹൃദയത്തിൽ ദൈവത്തിനു ഒന്നാം സ്ഥാനം നൽകണം.

ദൈവത്തിലൂടെ ലഭ്യമാകുന്ന സൗഭാഗ്യങ്ങളും സന്തോഷവും സമാധാനവും ഭൂമിയിലുള്ള ഒന്നിനും നല്കാൻ സാധിക്കുകയില്ല. എന്നാൽ കാണപ്പെടുന്നവയിൽ മാത്രം വിശ്വാസമർപ്പിക്കാനാണ് നമുക്കിഷ്ടം. അതുകൊണ്ട്, കാണപ്പെടുന്ന നമ്മുടെ സമ്പത്തിനും പ്രിയപ്പെട്ടവർക്കും മുകളിലായി ദൈവത്തിനു സ്ഥാനം നല്കാൻ നമുക്ക് മിക്ക അവസരങ്ങളിലും സാധിക്കാറുമില്ല. അപ്പോഴെക്കെ നാം ദൈവഹിതത്തിൽ നിന്നും, തിരുവചനത്തിൽ നിന്നും പിൻതിരിയുന്നു. നാം ഓരോരുത്തർക്കും പൂർണ്ണ ഹൃദയത്തോടെ കർത്താവിന് ജീവിതത്തിൽ പ്രഥമസ്ഥാനം നൽകാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ

Phone 9446329343

നിങ്ങൾ വിട്ടുപോയത്