ലോകത്തെ വിധിക്കുവാൻ അല്ല, രക്ഷിക്കുവാനാണ് കാലത്തിന്റെ സമ്പൂർണ്ണത വന്നപ്പോൾ, യേശുക്രിസ്തു സ്ത്രീയിൽ നിന്ന് ജാതനായത്. പഴയ നിയമകാലത്ത് നാം എല്ലാവരും നിയമത്തിന് (ന്യായപ്രമാണം) കീഴിലായിരുന്നു. എന്നാൽ നിയമ ഗ്രന്ഥത്തിൽ പറയുന്നതൊന്നും ആർക്കും പാലിക്കാൻ സാധിച്ചില്ല.(ഗലാത്തിയാ 3:24) നിയമഗ്രന്‌ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതെല്ലാം അനുസരിക്കാതെയും പ്രവര്‍ത്തിക്കാതെയും ഇരിക്കുന്നവന്‍ ശപിക്കപ്പെട്ടവനാണ്. അങ്ങനെ നാം നിയമത്തിൽ പറയുന്നതൊന്നും അനുസരിക്കാത്തതു കൊണ്ട് ശാപത്തിൻ കീഴിൽ ആയി (ഗലാത്തിയാ 3 : 10). എന്നാൽ നമ്മുടെ സ്വർഗ്ഗീയ പിതാവായ ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു. ശാപത്തിന്റെ കീഴിൽ നിന്ന് രക്ഷപ്രാപിക്കാൻ സ്വർഗ്ഗീയ പിതാവ് ഏകജാതനായ യേശുക്രിസ്തുവിനെ ലോകത്തിലേക്ക് അയച്ചു.
ദൈവത്തിൻറെ വചനം മാംസമായി ഭൂമിയിൽ അവതരിച്ചതായിരുന്നു, യേശുക്രിസ്തു. യേശുക്രിസ്തു ഭൂമിയിൽ വന്നപ്പോൾ, യേശുവിനെ നയിച്ചത്, ന്യായപ്രമാണത്തിൽ അധിഷ്ഠിതമായ നിയമം അല്ലായിരുന്നു പകരം യേശുവിനെ നയിച്ചത് ദൈവത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട വചനത്തിൽ അധിഷ്ഠിതമായ ജീവിതമായിരുന്നു. യേശു സ്നാനം സ്വീകരിച്ചപ്പോൾ സ്വർഗ്ഗം തുറക്കുകയും, ദൈവാത്മാവ് പ്രാവിന്റെ രൂപത്തിൽ ഇറങ്ങിവരുകയും ചെയ്തു. സാത്താന്റ പരീക്ഷണത്തിനായി യേശുവിനെ മരുഭൂമിയിലേക്ക് നയിച്ചതും പരിശുദ്ധാത്മായിരുന്നു.
യേശു ദൈവപുത്രൻ ആണെന്നും ദൈവരാജ്യം തന്നില്‍ തുടങ്ങുന്നുവെന്നും അത്ഭുതകൃത്യങ്ങളിലൂടെ അവിടന്നു വ്യക്തമാക്കി. അങ്ങനെ പുതിയ ലോകത്തിന്‍റെ ഉദയം അനുഭവിക്കുക സാധ്യമായിത്തീര്‍ന്നു: അവിടന്ന് ആളുകളെ വിശപ്പില്‍ നിന്നും, അനീതിയില്‍ നിന്നും, രോഗത്തില്‍ നിന്നും, മരണത്തില്‍ നിന്നും വിമോചിപിച്ചു. പിശാചുക്കളെ പുറത്താക്കിക്കൊണ്ട് സാത്തനെതിരെ വിജയപൂര്‍വ്വം മുന്നേറി. യേശു പ്രധാനമായി പാപത്തിന്‍റെ അടിമത്തത്തില്‍ നിന്ന്‍ ജനങ്ങളെ മോചിപ്പിക്കുന്നതിലാണ് ശ്രദ്ധിച്ചത്. അവസാനം നാം ഒരോരുത്തരുടെയും പാപത്തിനു പരിഹാരമായി ക്രൂശിൽ യേശു സ്വന്തം ജീവനെ യാഗം അർപ്പിച്ചു. നാം ഓരോരുത്തർക്കും ദൈവകരങ്ങളിൽ നമ്മളെ തന്നെ സമർപ്പിക്കാം. ആമ്മേൻ