അഞ്ച് വർഷം പലരിൽ നിന്നും ലൈംഗീക പീഡനത്തിന് വിധേയയായിയെന്ന വെളിപ്പെടുത്തൽ ഉണ്ടാകുമ്പോൾ എന്തിന് ഇവൾ നിശ്ശബ്ദം സഹിച്ചുവെന്ന ചോദ്യമുണ്ടാകാം .
തുറന്ന് പറച്ചിലിനുള്ള പരിസരമുണ്ടാക്കാൻ സമൂഹത്തിന്
കഴിഞ്ഞിട്ടുണ്ടോയെന്ന ചോദ്യം
എല്ലാവരും സ്വയം ചോദിക്കുകയല്ലേ വേണ്ടത് ?
കുറ്റപ്പെടുത്തുകയും പെണ്ണിന്റെ സ്വഭാവത്തെ കുറിച്ച് വൃത്തികെട്ട വർത്തമാനം പറയുകയും ചെയ്യുന്ന നാവിനെ അടക്കാൻ സമൂഹത്തിന്
കഴിയാറുണ്ടോ ?ഇത്തരത്തിൽ ലൈംഗീക ചൂഷണം നേരിട്ട പെൺകുട്ടിയെ എങ്ങനെയാണ് പലരും കാണുന്നത് ?ഇവൾ ഇത്ര എളുപ്പത്തിൽ സമ്മർദ്ദത്തിലും ബ്ലാക്ക് മെയ്‌ലിങ്ങിലും വീഴുമെങ്കിൽ ഒന്ന് നോക്കി കളയാമെന്ന് കരുതുന്ന ഒരു ഉപസംസ്കാരം വളരുന്നില്ലേ ?ഉപദ്രവിച്ചവരുടെ എണ്ണവും ആ വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. രക്ഷിക്കാൻ ശ്രമിച്ച സംഭവങ്ങൾ കേൾക്കുന്നുമില്ല .
ദേശീയ യുവജന ദിനത്തിലാണ് പത്തനംതിട്ട ലൈംഗീക പീഡന കേസിൽ ഇരുപത്തിയെട്ട് യുവജനങ്ങൾ അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്തവരുമുണ്ട് .
വീണ പെൺകുട്ടിയെ വീണ്ടും വീണ്ടും വീഴിക്കാൻ അണി ചേരുന്ന ഒരു വിഭാഗം ഇങ്ങനെ രൂപപ്പെടുന്നത് ഭയപ്പെടുത്തുന്നു. സമൂഹത്തിന്റെ പോക്കിനെ കുറിച്ച് ആശങ്ക ഉണർത്തുന്ന സൂചനകൾ നൽകുന്നു .
ഈ കെണിയിൽ നിന്നും മോചിപ്പിക്കാൻ ഒപ്പം നിൽക്കാമെന്ന് ആരും പറഞ്ഞില്ലേ?
(ഡോ. സി ജെ ജോൺ)