“You came near when I called on you; you said, ‘Do not fear!’”
(Lamentations 3:57)
ജീവിതത്തിലെ പ്രതിസന്ധികളിൽ ഭയപ്പെടുമ്പോൾ ദയപ്പെകേണ്ട എന്നു പറഞ്ഞു ഓടി എത്തുന്നവനാണ് ദൈവം. ദൈവം നമ്മുടെ ഏറ്റവും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധാലുവാണ്. കേവലം നിസ്സാരമെന്നു തോന്നാവുന്ന കുരുവികളേക്കുറിച്ചും, പൊഴിഞ്ഞുപോകാനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മുടിയിഴകളെക്കുറിച്ചും വരെ ശ്രദ്ധയുള്ളവനാണ് സ്വർഗ്ഗസ്ഥനായ പിതാവ്. എന്നാൽ ഇത് പൂർണ്ണമായും ഗ്രഹിക്കാതെ, ജീവിതത്തിൽ ഭയപ്പെടുത്തുന്ന സാഹചര്യങ്ങളുണ്ടാകുമ്പോൾ സർവശക്തനായ സ്വർഗ്ഗീയപിതാവിൽ അഭയം തേടാതെ, ഭയത്തിനു കീഴടങ്ങുന്ന പ്രവണത നമ്മളിൽ എല്ലാവരിലും ഉണ്ട്. ജീവിതത്തിൽ തെറ്റായ ഭയത്തിനു അടിപ്പെടുന്നതാണ് നമ്മുടെ ഒട്ടേറെ പ്രശ്നങ്ങൾക്ക് കാരണം.
ശരീരത്തെയോ ജീവനെ തന്നെയോ നശിപ്പിക്കാൻ കഴിവുള്ളവയെ അല്ല നമ്മൾ ഭയക്കേണ്ടത്; ദൈവത്തെയാണ് നാം ഭയപ്പെടേണ്ടത്. ദൈവഭയം ഉള്ളവർ മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല, കാരണം ദൈവഭയം മറ്റെല്ലാ ഭയങ്ങൾക്കുമുള്ള പ്രതിവിധിയാണ്. “കർത്താവിന്റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിൻ; അവിടുത്തെ ഭയപ്പെടുന്നവർക്ക് ഒന്നിനും കുറവുണ്ടാകുകയില്ല” എന്ന് സങ്കീർത്തനം 34:9 ൽ പറയുന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും കർത്താവിനോട് പ്രാർത്ഥിക്കുക അവിടുന്ന് ഉത്തരം നൽകും. ജീവിത പ്രതിസന്ധിയിൽ പലപ്പോഴും പ്രാർത്ഥനയിൽ യാതൊരു കാര്യവുമില്ല എന്ന് നാം ചിന്തിക്കും. പ്രാർത്ഥനയുടെ ലക്ഷ്യം ദൈവത്തിന്റെ മനസ്സുമാറ്റുക എന്ന ലക്ഷ്യത്തെക്കാളുപരിയായി, ദൈവം നമുക്കായി ഒരുക്കിവച്ചിരിക്കുന്ന നിരവധിയായ നന്മകൾ സ്വീകരിക്കുന്നതിനായി ഹൃദയത്തെ ഒരുക്കുക എന്നതാണ്
ദൈവം നമുക്ക് വേണ്ടതെല്ലാം നല്കാൻ കഴിവുള്ളവനാണ് എന്ന വിശ്വാസത്തോടൊപ്പം, നമുക്കാവശ്യമുള്ളവ നമ്മേക്കാൾ നന്നായി അറിയുന്നവനാണ് ദൈവം എന്ന ബോധ്യവും നമ്മുടെ ആവശ്യങ്ങളിൽ സഹായംതേടി ദൈവത്തെ സമീപിക്കുമ്പോൾ നമുക്കു ഉണ്ടാവണം. പ്രാർത്ഥന കൂടാതെ നമ്മുടെ ജീവിതത്തെ ദൈവഹിതത്തിന് അനുയോജ്യമാക്കുന്ന ദൈവാത്മാവിന്റെ പ്രചോദനങ്ങൾക്കായി ചെവികൊടുക്കാൻ നമുക്ക് സാധിക്കുകയില്ല. നാം ഒരോരുത്തർക്കും ഏത് പ്രതിസന്ധിയിലും തളരാതെ കർത്താവിനോട് പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ