എൺപതുകളിലാണ്. പൗരോഹിത്യത്തിന്റെ ആദ്യനാളുകളിൽ ബംഗലൂരുവിലെ ധർമാരാമിലേക്ക് ഉപരിപഠനത്തിനാർത്ഥം അദ്ദേഹം അയയ്ക്കപ്പെട്ടു. അക്കാലത്ത് അവിടെയുള്ള മലങ്കര സഭാമക്കളുടെ ഒരു കൂട്ടായ്മ സംഘടിപ്പിക്കാൻ അദ്ദേഹം മുൻകയ്യെടുത്തു. ധർമാരാമിനു തൊട്ടടുത്തുള്ള ഒരു സന്യാസഭവനത്തിന്റെ ചാപ്പലിലാണ് താൽക്കാലികമായി അവർ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചിരുന്നത്.

എല്ലാ ഞായറാഴ്ചയും വി. കുർബാന കഴിയുമ്പോൾ ഒരമ്മ അദ്ദേഹത്തെ കാണാൻ കാത്തുനിൽക്കും. പള്ളി പിരിഞ്ഞ് മിക്കവരും പോയി തിരക്കൊഴിയുമ്പോൾ അവർ അടുത്തു വരും. “അച്ചൻ ഇതുവരെ ഒന്നും കഴിച്ചില്ലല്ലോ! സാരമില്ല… പുതിയ കൂട്ടായ്മയല്ലേ, ഇവിടിതൊന്നും ആരും അത്ര ശ്രദ്ധിച്ചെന്നുവരില്ല.”

പിന്നെ നിറഞ്ഞ പുഞ്ചിരിയോടും വാൽസല്യത്തോടും കൂടെ പഴയൊരു പഴ്സ് തുറന്ന് ഒരിരുപതു രൂപയെടുത്തു നീട്ടും. “വിശന്നിരിക്കണ്ട… തിരിച്ചു പോകുമ്പോ മോൻ കാപ്പി കുടിച്ചിട്ടു പൊയ്ക്കോ!”

ആദ്യം അതുവാങ്ങാൻ മടിയായിരുന്നെങ്കിലും സ്വന്തം അമ്മയോടെന്നെ പോലെ ഒരു സ്വാതന്ത്ര്യവും അടുപ്പവും തോന്നിയപ്പോൾ സ്നേഹമസൃണമായ ആ നിർബന്ധത്തിന് അദ്ദേഹം വഴങ്ങി. പിന്നീടെല്ലാ ഞായറാഴ്ചകളിലും അതാവർത്തിച്ചു. അവിടെയുണ്ടായിരുന്ന നാളത്രയും ആ കരുതലിനു മാറ്റമുണ്ടായിട്ടില്ല.

ആത്മീയ പിതാവായ ഒരു പുരോഹിതനോടുള്ള ബന്ധത്തിനപ്പുറം മാതൃനിർവിശേഷമായ ആ സ്നേഹത്തിനു പിന്നിൽ ഒരു കാരണമുണ്ടായിരുന്നു – അവരുടെ മകനും ഒരു പുരോഹിതനായിരുന്നു!

പഠനമൊക്കെ പൂർത്തിയായപ്പോൾ അദ്ദേഹം നാട്ടിലേക്കു മടങ്ങി. വർഷങ്ങൾ ഒരുപാടു കടന്നുപോയി. മേൽപ്പട്ട ശുശ്രൂഷയിലേക്കു പ്രവേശിച്ച ശേഷം ഒരിക്കൽ ആ അമ്മയെ ഒന്നുകൂടി കാണാൻ അദ്ദേഹത്തിനൊരാഗ്രഹം തോന്നി. കുറെ അന്വേഷിച്ച് ഒടുവിൽ കണ്ടെത്തി.

കണ്ടപ്പോൾ ശാരീരികമായി ആളിത്തിരി അവശയായിരുന്നു. വാർദ്ധക്യം ചുളിവുകൾ വീഴ്ത്തിയ മുഖത്തേക്കു പാറിവീണ നരകലർന്ന മുടിയിഴകൾ തെല്ലൊതുക്കി അമ്മ ചിരിച്ചു. ക്ഷീണിച്ച മുഖം പുഞ്ചിരിയുടെ മൂടുപടമണിഞ്ഞിരുന്നെങ്കിലും അവരുടെ ഹൃദയത്തിനുള്ളിൽ എന്തോ ഒരു ദുഃഖം ഘനീഭവിച്ചു കിടക്കുന്നതുപോലെ തിരുമേനിക്കു തോന്നി. കണ്ണുകളിൽ ചുവപ്പു രാശിപടർത്തി ആ വ്യസനം തുള്ളിത്തുളുമ്പി നിന്നിരുന്നു.

കാര്യമന്വേഷിച്ചപ്പോഴറിഞ്ഞു, അമ്മയുടെ മകൻ പൗരോഹിത്യം ഉപേക്ഷിച്ചിരിക്കുന്നു. അത് അവരെ വല്ലാതെ തളർത്തിക്കളഞ്ഞു. തിരുമേനി കുറെ നേരം ആ അമ്മയുടെ അടുത്തിരുന്നു. സന്തോഷ വർത്തമാനങ്ങൾ പറഞ്ഞു. സ്നേഹം പങ്കുവച്ചു. സ്വന്തം മകനെ തിരിച്ചു കിട്ടിയാലെന്നപോലെ അവരുടെ ഹൃദയം ആനന്ദഭരിതമായി. പിരിയാൻ നേരത്ത് അമ്മ തന്റെ പതിവു മറന്നില്ല. ഇരുപതു രുപായെടുത്ത് തിരുമേനിയുടെ കയ്യിൽ വച്ചു കൊടുത്തു- “സമയം കിട്ടുമ്പോ കാപ്പി കുടിച്ചേക്കണം!” ഭൂതകാലത്തിൽ നിന്നു പൊടുന്നനവേ ചീന്തിയെടുത്ത ആ സ്നേഹാനുഭവത്തിന്റെ മധുരനൊമ്പരത്തിൽ തിരുമേനി സ്തബ്ദനായി. വാക്കുകൾ കിട്ടാതെയൊരു തേങ്ങലിൽ, ഗാഢമായ ഒരാശ്ളേഷത്തിൽ അമ്മയെ അദ്ദേഹം ചേർത്തു പിടിച്ചു. മൂല്യം നിശ്ചയിക്കാനാവാത്ത ഒരു നോട്ട് അദ്ദേഹത്തിന്റെ ഉള്ളംകയ്യിലിരുന്നു വിറച്ചു.

സഭാശുശ്രൂഷയിൽ ദൈവം തരുന്ന സ്നേഹാനുഭവങ്ങളുടെ മുദ്രയും അടയാളവുമായി തിരുമേനിയതു ഹൃദയത്തിൽ സ്വീകരിച്ചു.

അദ്ദേഹമതു പറഞ്ഞു നിർത്തിയപ്പോൾ ഞങ്ങൾ പുരോഹിതരുടെ മാതാപിതാക്കളെക്കുറിച്ച് ഒരു പിടച്ചിൽ ഉള്ളിലുണ്ടായി.

ദൈവവിളി ഒരു വലിയ രഹസ്യമാണ്. ദൈവം തന്നൊരു പൈതലിനെ ചങ്കുപിടച്ചാലും ചോരവാർന്നാലും മനസ്സൊരുക്കി ദൈവശുശ്രുഷയ്ക്കു മടക്കിക്കൊടുക്കുമ്പോൾ മക്കൾക്കൊപ്പം ദൈവവിളി സ്വീകരിക്കുന്നത് മാതാപിതാക്കളും കൂടിയാണ്. പാതിവഴിയിൽ കൈവിട്ടുകളയാതെ മക്കൾ ആ കുരിശുയാത്ര പൂർത്തിയാക്കണമെന്ന് മറ്റാരെയുംകാൾ കൂടുതലായി ആഗ്രഹിക്കുന്നത് അവരായിരിക്കും. മക്കൾ താഴ്‌വരയിൽ പടപൊരുതുമ്പോൾ അവർ മലമുകളിൽ മുട്ടുകുത്തി കരങ്ങൾ വിരിക്കും. ആണിപ്പഴുതുകളിലേക്കു മക്കളുടെ ജീവിതം വലിച്ചു നീട്ടപ്പെടുമ്പോൾ ഹൃദയത്തിൽ തറയുന്ന വാളിനാൽ അവരും മുറിവേൽക്കും. മക്കൾക്കു വേണ്ടി പ്രാർത്ഥിച്ചും കണ്ണീരൊഴുക്കിയും അവർ സ്വയം ഉരുകിയുരുകിത്തീരും. മരണത്തോളം ഇല്ലാതാകും. സ്വന്തം ചോരയിൽ പിറന്നവൻ മാത്രമല്ല, എല്ലാ പുരോഹിതരും അവർക്കു മക്കളാവും. ആർക്കുവേണ്ടിയും ആ ഹൃദയങ്ങൾ പ്രാർത്ഥന ചുരത്തും.

സത്യത്തിൽ വിശുദ്ധരായ അവരെ പ്രതിയാണ് പോഴൻമാരായ ഞങ്ങളെ ദൈവം തെരഞ്ഞെടുത്തത്!

(ഫെബ്രുവരി 13 ന് വൈദികരാകുന്ന ഞങ്ങളുടെ 7 ശെമ്മാശൻമാർ ഇതാ അവരുടെ പ്രിയപ്പെട്ട മാതാപിതാക്കൾക്കൊപ്പം. പ്രാർത്ഥനയിൽ ഓർത്തേക്കണേ…!)

✍🏻 ഫാ. ഷീൻ പാലക്കുഴി

നിങ്ങൾ വിട്ടുപോയത്