കോവിഡിൽ നീറുന്ന വീട്ടകങ്ങൾ
അശാന്ത മനസ്സുകൾക്ക്കൈത്താങ്ങേകാൻ നാംഉടനെ എന്തു ചെയ്യണം?രണ്ടാം തരംഗത്തോടെ മുമ്പത്തേക്കാൾ രൂക്ഷമായ പ്രശ്നങ്ങളിലേക്ക് നമ്മളെ വലിച്ചിടുകയാണ് കോവിഡ്.
ചികിത്സാപ്രതിസന്ധികളും ആരോഗ്യപ്രശ്നങ്ങളും ഒരു വിധം കടന്നുകിട്ടാൻ സാധിച്ചാൽപ്പോലും,തൊഴിൽപ്രതിസന്ധികളും അതിന്റെ സന്തതിയായി വറുതിയും വ്യാപകമായി തുറിച്ചുനോക്കുമെന്നത് കാണാതിരിക്കാൻ പറ്റുന്നില്ല. അതിനേക്കാൾ മാരകമായ വിപത്ത് അപ്പോഴും നമ്മൾ കാണാതെ പോകലാണ് പതിവ്. കണ്ടാലും പരിഹാരത്തിന് സംവിധാനമൊരുക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കാതെ പോകുന്ന ഒരു മേഖലയാണത് –
നമ്മുടെയൊക്കെ കുടുംബങ്ങളിലെ മാനസികാരോഗ്യത്തെക്കുറിച്ചാണ് പറയുന്നത്. കുട്ടികളും പ്രായംചെന്ന മാതാപിതാക്കളും തൊട്ട്, യുവതീയുവാക്കളും വീട്ടമ്മമാരും ഗൃഹനാഥന്മാരുമൊക്കെ മഹാമാരിയുടെ മാനസിക സ്ട്രോക്ക് ഒരിക്കൽ നേരിട്ടതിന് ഒന്നാം കോവിഡ് ഘട്ടത്തിൽ, പ്രത്യേകിച്ച് അതിലെ അടച്ചുപൂട്ടൽ സമയങ്ങളിൽ, നാം ഓരോരുത്തരും സാക്ഷികളാണ്.
മാനസികാഘാതങ്ങളുടെ ഏറ്റവും പ്രധാനമായ പ്രത്യേകത പരസ്പരം പങ്കുവെയ്ക്കാൻ കഴിയായ്കയാണ്. ഓരോരുത്തരെയും രോഗാവസ്ഥയുടെ തുരുത്തിലേക്ക് ഒതുക്കുന്ന അനുഭവം ഉറ്റവരുമായി പങ്കിടാൻ സാധിക്കുന്നതാണ് ആ അവസ്ഥയിൽ ലഭിക്കാവുന്ന ഏറ്റവും വലിയ സമാശ്വാസം. എന്നാൽ, കോവിഡ് കുടുംബങ്ങളിൽ സൃഷ്ടിക്കുന്ന രോഗാവസ്ഥ ഒരാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നതാണ് ഗുരുതരം. കുടുംബങ്ങളിലെ ഓരോ അംഗവും അവരവരുടെ തൊഴിലും വിദ്യാഭ്യാസവും സംബന്ധിച്ച ആധികളിൽ കുടുങ്ങി, ഒറ്റയ്ക്കൊറ്റയ്ക്ക് ഓരോ തുരുത്തുകളായി മാറുന്നതിനെപ്പറ്റി മഹാമാരിയുടെ ഒന്നാംഘട്ടത്തിൽ നാം വായിച്ചു മാത്രമല്ല, അനുഭവിച്ചും മനസ്സിലാക്കിയിരുന്നു. ആ അനുഭവത്തിൽനിന്ന് ഇനിയും പുറത്തുപോന്നിരുന്നില്ല മിക്കവരും. എരിഞ്ഞു നിൽക്കുന്ന കുടുംബ അകങ്ങളിൽ തീ ആളിപ്പടർത്താൻ പോവുകയാണ് രണ്ടാം തരംഗമെന്ന് പൊതുവിൽ ഭയപ്പെടേണ്ടിയിരിക്കുന്നു.
മാനസികാരോഗ്യ സംരക്ഷണമെന്നത് കേരളീയ സമൂഹത്തിൽ ഇനിയും അവബോധം ഉണരേണ്ട ഒരു മേഖലയാണെന്നത് പ്രത്യേകം കാണണം. യുവതീയുവാക്കളിലും കൗമാരക്കാരിൽ വരെയും ഡിപ്രഷൻ അവസ്ഥ വളരെ സാധാരണമാണെന്ന് ഒന്ന് ചുറ്റും നോക്കിയാൽ അറിയാം. സാമൂഹിക അവസ്ഥകളുടെയും സാമൂഹിക പ്രതിസന്ധികളുടെയും പ്രതിഫലനമാണ് ഈ രോഗാവസ്ഥയെന്ന് ആധുനിക മനശ്ശാസ്ത്രം സ്ഥിരീകരിച്ചതാണ്. ആ നിലയ്ക്ക് പ്രത്യേക പരിചരണം സമൂഹത്തിൽനിന്ന് ലഭിക്കേണ്ടവരാണ് മനോനിലയിൽ ചാഞ്ചാട്ടം അനുഭവിക്കേണ്ടി വരുന്ന ഓരോ വ്യക്തിയും.
ധാർമ്മികമായി ഈ ഉത്തരവാദിത്തം നിർവഹിക്കാൻ തക്കവണ്ണം നമ്മുടെ സമൂഹത്തിന് പല കാരണങ്ങളാൽ ഉയരാൻ കഴിയാറില്ല. അവബോധത്തിന്റെ അഭാവംതന്നെയാണ് ഇതിന് മുഖ്യ കാരണം. നേരിയ താളംതെറ്റലുകളെപ്പോലും ഗുരുതരമായി ചിത്രീകരിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണതയാണ് ഇതിന്റെ ഫലം.
സമൂഹത്തിൽ മാത്രമല്ല, കുടുംബങ്ങളിൽത്തന്നെ ഈ അറിവില്ലായ്മ നിലനിൽക്കുന്നുണ്ടെന്നതാണ് കൂടുതൽ സങ്കടം. അപ്പോഴും, കൈത്താങ്ങാവാൻ സഹോദരനോ സഹോദരിയോ പിതാവോ കുടുംബസുഹൃത്തോ ഉണ്ടാവാറുണ്ട് ഓരോരുത്തർക്കും. ആ ഒരു സൗഭാഗ്യത്തിനാണ് കോവിഡ് ഇടിത്തീ വീഴ്ത്തിയത്. ‘അമ്പ് കൊള്ളാത്തവരില്ല കുരുക്കളിൽ’ എന്ന വചനത്തിലേതുപോലെ, ഓരോ വ്യക്തിയും മനോചാഞ്ചല്യത്തിന് അടിപ്പെടേണ്ട ഭൗതിക സാഹചര്യം ഇന്നുള്ളത് കൂടുതൽ പറയാതെതന്നെ വ്യക്തമാണല്ലോ. വയോജനങ്ങളുടെയും കൗമാരക്കാരുടെയും സാഹചര്യം ഇതിൽ എടുത്തുനില്ക്കുന്നവയാണെന്നതുകൊണ്ടു മാത്രം ഒന്ന് പരാമർശിക്കാതെ വയ്യ. പ്ലസ് റ്റു, എസ്എസ്എൽസി പരീക്ഷകൾ ഈയാഴ്ച തീരുകയായി. മുഴുവനായും ഓൺലൈൻ മോഡിലേക്ക് തിരിഞ്ഞ കഴിഞ്ഞ അദ്ധ്യയനവർഷത്തെപ്പറ്റി എന്തൊക്കെ മേനി പറയാൻ പറ്റിയാലും അതൊരു ഞാണിന്മേൽക്കളി ആയിരുന്നെന്ന് വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവർക്കൊക്കെ അറിയാം.
‘കോവിഡ് ബാച്ച്’ എന്ന ചീത്തപ്പേരോടെ കരിയറിലേക്ക് ഇറങ്ങേണ്ടവരാവും ഭാവിയിൽ ഈ തലമുറയിലെ വിദ്യാർത്ഥികളെന്ന ആധി പരക്കെയുണ്ട്. തങ്ങൾ ഉപരിപഠനത്തിലേക്ക് പ്രവേശിക്കാൻ പോകുന്നതും ഇതേ അനിശ്ചിതത്വത്തിലേക്കാണെന്നത് മിടുക്കരായ വിദ്യാർത്ഥികളിൽ ഏൽപ്പിക്കുന്ന മാനസിക പരിക്ക് നിസ്സാരമായി കണ്ടുകൂടാ.വൃദ്ധജനങ്ങൾ ഇതിനകംതന്നെ ഏകാന്തവാസത്തിൽ തളയ്ക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. പുറത്തിറങ്ങിയുള്ള സാമൂഹിക സമാഗമങ്ങളിൽനിന്നെല്ലാം അറുപത്തഞ്ചിനുമേൽ പ്രായമുള്ളവർക്ക് വിലക്കാണല്ലോ. മനശ്ശാന്തിയ്ക്ക് ആശ്രയിക്കുന്ന ആരാധനാലയങ്ങളിൽപ്പോലും വിലക്കപ്പെട്ട അവരുടെ സ്ഥിതി കൂടുതൽ ഗുരുതരമായ മാനസികപ്രത്യാഘാതങ്ങളുള്ളതാണ്.
വീട്ടകങ്ങളിൽ പുകയുന്ന നെരിപ്പോടിന്റെ ചെറുചിത്രം മാത്രമാണ് പറയാൻ ശ്രമിച്ചത്. വ്യക്തികൾതോറും വ്യത്യസ്തമായ, നീറുന്ന അനുഭവങ്ങൾ നമ്മെയൊക്കെയും കാത്തിരിക്കുകയാണെന്ന് വേദനയോടെ നമുക്കൊക്കെ കാണാൻ പറ്റുന്നുണ്ടല്ലോ.എങ്കിലും, നിരാശപ്പെട്ടിരിക്കാൻ പറ്റുന്ന സാഹചര്യമല്ല ഒരിക്കലും ഇത്. സാമൂഹികസ്ഥാപനങ്ങളും പ്രാദേശികവും അല്ലാത്തതുമായ സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രതയിലേക്ക് ഉണരണം.
കേവലമായ രോഗപരിചരണമാണ് ഇപ്പോൾ ഏറ്റവും പ്രധാനമെന്ന് അംഗീകരിക്കുമ്പോഴും, അതു മാത്രമല്ല കോവിഡ് സാഹചര്യം ആവശ്യപ്പെടുന്നതെന്ന് തിരിച്ചറിയണം. കൗൺസലിംഗുകൾക്കും മാനസികാരോഗ്യ അവബോധം നൽകലടക്കമുള്ള പദ്ധതികൾക്കും വിപുലമായ ആസൂത്രണം സമാന്തരമായി ഇപ്പോൾ നടക്കണം.
ഓരോ ചെറുചുറ്റുവട്ടങ്ങളിലും ഇത്തരം ആശ്വാസകേന്ദ്രങ്ങൾ ഉറപ്പാക്കണം. അതിന് സന്നദ്ധസംഘങ്ങളുടെയും യുവജനസംഘടനകളുടെയും കൂട്ടായ്മകൾ ഉണ്ടാവണം. അവർക്ക് അതിനുവേണ്ട പരിശീലനം നൽകാൻ യുദ്ധകാലാടിസ്ഥാനത്തിൽത്തന്നെ പ്രാദേശിക-സംസ്ഥാന സർക്കാരുകൾ മുൻകയ്യെടുക്കണം. ഇതിനായി വിദഗ്ധാഭിപ്രായങ്ങളും വിദഗ്ധരുടെ സേവനവും സമാഹരിക്കണം. ഇതിനെല്ലാം എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന് ഓരോ സംഘടനകളുടെയും നിർദ്ദേശമെടുക്കണം.ഏത് ഭീഷണമായ സാഹചര്യത്തെയും ഉള്ളുലയാതെ നേരിട്ടേ പറ്റൂ നമുക്ക്. അതിന്, ഓരോ മനസ്സുകളെയും നമുക്ക് ഉറപ്പിച്ചു നിർത്തിയേ പറ്റൂ, താളപ്പിഴകളില്ലാതെ.
സിറിയക് ചാഴികാടൻ