കുരിശിന്റെ വഴി (For Personal devotion)
പ്രാരംഭ പ്രാർത്ഥന
ദിവ്യ ഈശോയെ, ഞങ്ങൾക്കു വേണ്ടിയും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടിയും കുരിശിന്റെ വഴി കഴിക്കുന്നവർക്ക് നൽകപ്പെട്ടിട്ടുള്ള ദണ്ഡ വിമോചനങ്ങൾ ലഭിക്കുന്നതിന് കൃപ ചെയ്യണമെന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
പരിശുദ്ധ മറിയമേ, വ്യാകുല മാതാവേ, നിന്നോട് ഒരുമിച്ച് ഈ കുരിശിന്റെ വഴി കഴിക്കുന്നതിന് ആഗ്രഹിക്കുന്ന ഞങ്ങൾ അതിനു നല്കപ്പെട്ടിട്ടുളള ദണ്ഡവിമോചനങ്ങൾ പ്രാപിക്കാൻ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ.
കർത്താവേ അനുഗ്രഹിക്കണമേ…..
പരിശുദ്ധ ദൈവമാതാവേ….
- ഒന്നാം സ്ഥലം – ഈശോമിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു.
ഈശോമിശിഹായേ…..
ദിവ്യ ഈശോയെ, അങ്ങ് കുരിശു മരണത്തിന് വിധിക്കപ്പെട്ടതിനെ ധ്യാനിച്ച് ഞങ്ങൾ അങ്ങയെ വണങ്ങി ആരാധിക്കുന്നു. കഠിന വിധിയിൽ നിന്ന് ഞങ്ങളെ രക്ഷിച്ചുകൊള്ളണമേ.
കർത്താവേ അനുഗ്രഹിക്കണമേ….. - രണ്ടാം സ്ഥലം – ഈശോമിശിഹാ കുരിശു ചുമക്കുന്നു.
ഈശോമിശിഹായേ…..
ദിവ്യ ഈശോയെ, അങ്ങ് ഭാരമേറിയ സ്ലീവാമരം ചുമന്നുകൊണ്ട് പോകുന്നതിൻമേൽ ധ്യാനിച്ച് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഈ ലോകത്തിൽ ഞങ്ങൾക്കുണ്ടാകുന്ന ദുഃഖ സങ്കടങ്ങളെ ക്ഷമയോടു കൂടെ സഹിക്കാൻ ഞങ്ങൾക്ക് കൃപ ചെയ്തരുളണമേ.
കർത്താവേ അനുഗ്രഹിക്കണമേ….. - മൂന്നാം സ്ഥലം – ഈശോമിശിഹാ കുരിശും കൊണ്ട് വീഴുന്നു.
ഈശോമിശിഹായേ…..
ദിവ്യ ഈശോയെ, അങ്ങ് കുരിശും കൊണ്ട് വീഴുന്നതിനെ ധ്യാനിച്ച് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങൾ ചെയ്ത പാപങ്ങളിൽ മൂർഖതയോട നിലനിൽക്കാതെ അവയിൽ നിന്ന് ഉടനെ വിട്ടു മാറുവാൻ കൃപ ചെയ്തരുളണമേ.
കർത്താവേ അനുഗ്രഹിക്കണമേ….. - നാലാം സ്ഥലം – ഈശോമിശിഹാ തന്റെ പരിശുദ്ധ മാതാവിനെ കാണുന്നു.
ഈശോമിശിഹായേ…..
ദിവ്യ ഈശോയെ, പരിശുദ്ധ മാതാവ് അങ്ങേ എതിരെ വരുന്നതിനെ കണ്ട് പറഞ്ഞൊപ്പിക്കാനാകാത്ത ദുഃഖ സങ്കടങ്ങൾ അനുഭവിച്ചതിനെ ധ്യാനിച്ച്, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ മരണനേരത്തിൽ വ്യാകുല മാതാവിന്റെ സങ്കേതം ഞങ്ങൾക്കു ലഭിക്കുവാൻ കൃപ ചെയ്തരുളണമേ.
കർത്താവേ അനുഗ്രഹിക്കണമേ….. - അഞ്ചാം സ്ഥലം – ഈശോമിശിഹാ കുരിശു ചുമന്നു കൊണ്ട് പോവുകയിൽ ശെമയോൻ എന്ന മഹാത്മാവ് സഹായിക്കുന്നു.
ഈശോമിശിഹായേ…..
ദിവ്യ ഈശോയെ, അങ്ങേ കുരിശു ചുമക്കുന്നതിന് ശെമയോനെന്ന മഹാത്മാവ് സഹായിക്കുന്നതിനെ ധ്യാനിച്ച് അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. ഞങ്ങൾക്ക് വരാനിരിക്കുന്ന കുരിശുകളായ ദുഃഖ സങ്കടങ്ങളെ നല്ല മനസ്സോടുകൂടെ സഹിക്കുവാൻ കൃപ ചെയ്തരുളണമേ.
കർത്താവേ അനുഗ്രഹിക്കണമേ…. - ആറാം സ്ഥലം – വേറോനിക്ക കർത്താവിന്റെ തിരുമുഖം തുടയ്ക്കുന്നു.
ഈശോമിശിഹായെ…..
ദിവ്യ ഈശോയെ, വേറോനിക്ക അങ്ങേ തിരുമുഖം തുടയ്ക്കുന്നതിനെ ധ്യാനിച്ച് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. മുഖദാക്ഷിണ്യം കൂടാതെ പുണ്യ വഴിയിൽ സ്ഥിരമായി ജീവിക്കുവാൻ ഞങ്ങൾക്ക് കൃപ ചെയ്തരുളണമേ.
കർത്താവേ അനുഗ്രഹിക്കണമേ….. - ഏഴാം സ്ഥലം – ദിവ്യ രക്ഷിതാവ് രണ്ടാം പ്രാവശ്യം വീഴുന്നു.
ഈശോമിശിഹായെ…..
ദിവ്യ ഈശോയെ, അങ്ങ് രണ്ടാമതും വീഴുന്നതിനെ ധ്യാനിച്ച് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങൾ ഇനിമേൽ യാതൊരു പാപത്തിലും വീഴാതിരിക്കാൻ മനോഗുണം ചെയ്യേണമേ.
കർത്താവേ അനുഗ്രഹിക്കണമേ….. - എട്ടാം സ്ഥലം – ഈശോമിശിഹാ ഓർശലേമിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു.
ഈശോമിശിഹായെ…..
ദിവ്യ ഈശോയെ, അങ്ങയെ നോക്കി കരയുന്ന ഓർശലേം പട്ടണത്തിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നതിനെ ധ്യാനിച്ച് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങൾ ചെയ്തു പോയ പാപങ്ങളെക്കുറിച്ച് എപ്പോഴും മനസ്താപപ്പെട്ടു കരയുവാൻ ഞങ്ങൾക്ക് കൃപ ചെയ്തരുളണമേ.
കർത്താവേ അനുഗ്രഹിക്കണമേ….. - ഒമ്പതാം സ്ഥലം – ഈശോമിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു.
ഈശോമിശിഹായെ…..
ദിവ്യ ഈശോയെ, അങ്ങ് സ്ലീവാമരത്തിൻ കീഴ് വീണ്ടും വീഴുന്നതിനെ ധ്യാനിച്ച് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ചാവുദോഷത്തോടുകൂടെ മരിച്ച് നിത്യ നരകത്തിൽ വീഴാതിരിക്കാൻ ഞങ്ങൾക്ക് കൃപ ചെയ്തരുളണമേ.
കർത്താവേ അനുഗ്രഹിക്കണമേ…… - പത്താം സ്ഥലം – ദിവ്യ രക്ഷകന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത് കയ്പുനീര് കുടിപ്പിക്കുന്നു.
ഈശോമിശിഹായെ…..
ദിവ്യ ഈശോയെ, അങ്ങേ തിരുവസ്ത്രങ്ങൾ ഉരിഞ്ഞെടുത്ത് കയ്പുനീര് കുടിപ്പിക്കുന്നതിനെ ധ്യാനിച്ച് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. സകലത്തിലും ദൈവതിരുമനസിനു കീഴ്വഴങ്ങി ക്ഷമിച്ചിരിപ്പാൻ ഞങ്ങൾക്ക് മനോഗുണം ചെയ്യേണമേ.
കർത്താവേ അനുഗ്രഹിക്കണമേ…… - പതിനൊന്നാം സ്ഥലം – ദിവ്യ രക്ഷിതാവ് കുരിശിൻമേൽ തറയ്ക്കപ്പെടുന്നു.
ഈശോമിശിഹായെ…..
ദിവ്യ ഈശോയെ, അങ്ങ് സ്ലീവാമരത്തിൻ മേൽ തറയ്ക്കപ്പെടുന്നതിനെ ധ്യാനിച്ച് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങൾ ഈ ലോകസന്തോഷങ്ങളെല്ലാം വെറുത്തുപേക്ഷിച്ച് പരലോക ഭാഗ്യത്തെ മാത്രം ആഗ്രഹിച്ച് തേടുവാൻ ഞങ്ങൾക്ക് കൃപ ചെയ്തരുളണമേ.
കർത്താവേ അനുഗ്രഹിക്കണമേ….. - പന്ത്രണ്ടാം സ്ഥലം – ഈശോമിശിഹാ കുരിശിൽ മരിക്കുന്നു.
ഈശോമിശിഹായെ…..
ദിവ്യ ഈശോയെ, അങ്ങ് കുരിശു മരത്തിൻമേൽ മരിക്കുന്നതിനെ ഞങ്ങൾ ധ്യാനിച്ച് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങൾ അങ്ങയെ മാത്രം സ്നേഹിച്ചും ദൈവേഷ്ട പ്രസാദത്തോടുകൂടെ മരിച്ച് മോക്ഷത്തിൽ അങ്ങയോടു കൂടെ ഒന്നിച്ചിരിപ്പാൻ ഞങ്ങൾക്ക് കൃപ ചെയ്തരുളണമേ.
കർത്താവേ അനുഗ്രഹിക്കണമേ…… - പതിമൂന്നാം സ്ഥലം – ഈശോമിശിഹായുടെ തിരുമേനി പരിശുദ്ധ മാതാവിന്റെ മടിയിൽ കിടത്തുന്നു.
ഈശോമിശിഹായെ…..
ദിവ്യ ഈശോയെ, അങ്ങേ തിരുശരീരം സ്ലീവായിൽ നിന്നിറക്കി അങ്ങേ വ്യാകുല മാതാവിന്റെ മടിയിൽ കിടത്തിയതിനെ ധ്യാനിച്ച് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ ഹൃദയങ്ങളിൽ അങ്ങേ തിരുമുറിവുകളും പരിശുദ്ധ മാതാവിന്റെ വ്യാകുലതകളും പതിച്ചരുളണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.
കർത്താവേ അനുഗ്രഹിക്കണമേ…. - പതിനാലാം സ്ഥലം – ഈശോമിശിഹായുടെ തിരുശരീരം കല്ലറയിൽ അടക്കപ്പെടുന്നു.
ഈശോമിശിഹായെ…..
ദിവ്യ ഈശോയെ, അങ്ങേ തിരുശരീരം കല്ലറയിൽ അടക്കപ്പെടുന്നതിനെ ധ്യാനിച്ച് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങൾ മരണത്തോളം അങ്ങയെ സ്നേഹിച്ച് നിത്യ ഭാഗ്യം പ്രാപിക്കാൻ ഞങ്ങൾക്ക് മനോഗുണം ചെയ്യേണമേ.
കർത്താവേ അനുഗ്രഹിക്കണമെ…
സമാപന പ്രാർത്ഥന
ജീവൻ നല്കുന്ന സ്ലീവാക്കൊടിയെ ഏകപുത്രന്റെ മാണിക്യമായ തിരുച്ചോരയാൽ പുണ്യപ്പെടുത്തുവാൻ തിരുമനസ്സായ ദൈവമേ, ഈ വിശുദ്ധ കുരിശിന്റെ ബഹുമാനത്തെക്കുറിച്ച് സന്തോഷിക്കുന്നവർ എല്ലായിടത്തും നിന്റെ ആദരവ് പ്രാപിക്കാൻ അനുഗ്രഹം ചെയ്യണമെന്ന് ഞങ്ങളുടെ കർത്താവീശോമിശിഹായുടെ തിരുമുഖത്തേക്കുറിച്ച് നിന്നോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
1 സ്വർഗ്ഗ. 1 നന്മ 1 ത്രീത്വ
മനസ്താപപ്രകരണം