നമ്മുടെ ജീവിതത്തിൽ യേശുവുള്ളപ്പോൾ നമുക്ക് പ്രത്യാശയുണ്ട്. രോഗികളും വേദന അനുഭവിക്കുന്നവരുമായ ജനങ്ങൾ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരെ സൗഖ്യമാക്കിയതായി നാം വചനത്തിൽ വായിക്കുന്നു. അതെ, യേശുവാണ് നമ്മുടെ പ്രശ്നങ്ങളുടെ ഉത്തരം. അതുകൊണ്ടാണ്, “അവനാണ് നമ്മുടെ ജീവിതത്തിന്റെ പ്രത്യാശ’ എന്ന് നാം പറയുന്നത്. നാം ഒരിക്കലും നിസ്സഹായരോ പ്രതീക്ഷയില്ലാത്തവരോ ആയിരിക്കേണ്ടതില്ല. കാരണം, നമ്മുടെ പ്രശ്നങ്ങൾക്കുള്ള പോംവഴി യേശുവിൽ ഉണ്ട്. ഏശയ്യാ 43 : 19ൽ പറയുന്നു, ഞാന്‍ വിജനദേശത്ത് ഒരു പാതയും മരുഭൂമിയില്‍ നദികളും ഉണ്ടാക്കും. നാം ഒരോരുത്തരുടെയും ഏതു സാഹചര്യത്തെയും നോക്കി കാണുന്നവനാണ് കർത്താവ്.
കർത്താവിൽ പ്രത്യാശയർപ്പിക്കുന്നവർ യേശുവിന്റെ ഹൃദയത്തിൽ ഇടം തേടുന്നു. കർത്താവിൽ പ്രത്യാശ അർപ്പിക്കുന്നവർ ശക്തരും, ധൈര്യശാലികളും ആകും. കർത്താവിനായി കാത്തിരിക്കുന്നവരെ ദൈവിക ശക്തിയാൽ ശക്തരും, ധീരരും ഏത് പ്രലോഭനത്തെയും നേരിടാൻ കഴിവുള്ള വരുമാക്കും. നമ്മുടെ ജീവിതത്തിലെ സാഹചര്യങ്ങളെ നോക്കി ദുർബലരാകരുത്, സാഹചര്യങ്ങളെ നോക്കാതെ യേശുവിലേയ്ക്ക് നോക്കുക.
കർത്താവിനെ കാത്തിരിക്കുക എന്നു പറഞ്ഞാൽ ദൈവ ഹിതത്തിനായി കാത്തിരിക്കുക എന്നതാണ്. കാത്തിരിക്കുവാൻ തയാറാകുന്നവനേ കർത്താവിന്റെ ഇടപെടൽ കാണുവാനുള്ള ഭാഗ്യം ലഭിക്കുകയുള്ളൂ. അക്ഷമ നാശത്തിലേക്കും അവിവേക പ്രവൃത്തികളിലേക്കും നയിക്കും. എപ്പോഴും കൊടുങ്കാറ്റ് അടിക്കുകയില്ല. അത് നിശ്ചയമായും കടന്നുപോകും. പിന്നെ ശാന്തതയുണ്ടാകും എന്ന് ഉറച്ച് വിശ്വസിക്കുക. ജീവിതത്തിന്റെ എല്ലാ നാളുകളിലും ദൈവത്തിന്റെ കരങ്ങൾ കാണുവാനുള്ള കൃപയ്ക്കായി പ്രത്യേകം പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ