തൃശൂര്‍: മധ്യപ്രദേശിലെ സാഗര്‍ രൂപതയുടെ മുന്‍ ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിനു ജന്മനാട് ബാഷ്പാഞ്ജലികളോടെ വിടയേകി. ദേവാലയത്തിന്റെ അള്‍ത്താരയിലും പ്രധാന വാതില്‍ക്കലും മഞ്ചല്‍ മുട്ടിച്ചുകൊണ്ടായിരുന്ന വിടവാങ്ങല്‍. ദീര്‍ഘകാലം മിഷന്‍ സേവനങ്ങള്‍ ചെയ്ത സഭാതനയന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്കു സഭാധ്യക്ഷന്മാര്‍ മുഖ്യകാര്‍മികരായി. ജന്മനാടായ അരണാട്ടുകരയിലെ സെന്റ് തോമസ് പള്ളിയില്‍ നടന്ന ശുശ്രൂഷകള്‍ക്കു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനായി.

തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദേശം നല്‍കി. ആര്‍ച്ച് ബിഷപ്പ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്, ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, രാമനാഥപുരം ബിഷപ്പ് മാര്‍ പോള്‍ ആലപ്പാട്ട്, തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ജന്മനാടായ അരണാട്ടുകരയിലെ വസതിയില്‍ രാവിലെ മാര്‍ ടോണി നീലങ്കാവിലിന്റെ കാര്‍മികത്വത്തില്‍ ശുശ്രൂഷകള്‍ ആരംഭിച്ചിരുന്നു. കോവിഡ് ബാധിതനായിരുന്നെന്നു കണ്ടെത്തിയതിനാല്‍ ഭൗതികശരീരം വ്യാഴാഴ്ച രാവിലെ ലാലൂരിലെ വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിച്ചിരുന്നു. അതിനു മുമ്പേ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിച്ചതാണ്.

പ്രകാശമായി കത്തിജ്വലിച്ചുകൊണ്ടാണ് മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍ യാത്രയായതെന്ന് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സംസ്‌കാര ശുശ്രൂഷയ്ക്കിടെ സന്ദേശം നല്‍കവേ പറഞ്ഞു. മെത്രാന്റെ ഭൗതികശരീരം ദഹിപ്പിച്ചപ്പോള്‍ വേദന തോന്നിയവരുണ്ട്. ഈ നശ്വര ശരീരം ചാരമാണ്, മണ്ണാണ്. മണ്ണില്‍നിന്നാണ് ദൈവം മനുഷ്യനെ തന്റെ സാദൃശ്യത്തില്‍ മെനഞ്ഞെടുത്തത്. ആ ജീവന്‍ ദൈവം എടുക്കുമ്പോഴാണ് അനശ്വരമാകുന്നത്. പ്രകാശമായി കത്തിജ്വലിച്ചുകൊണ്ടാണ് മാര്‍ ജോസഫ് നീലങ്കാവില്‍ അനശ്വരനായത്. വിശുദ്ധിയിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കി. മാര്‍ താഴത്ത് പറഞ്ഞു.

മാര്‍ ജോസഫ് പാസറ്റര്‍ നീലങ്കാവില്‍ ആഗ്രഹിച്ചതുപോലെ വിശുദ്ധനാകാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ക്‌ളേശങ്ങളനുഭവിച്ചു സാഗര്‍ രൂപതയുടെ വളര്‍ച്ചയ്ക്കായി സേവനം ചെയ്ത അദ്ദേഹത്തോടു സഭ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മനാടും സഭയും വളരെ സ്‌നേഹാദരങ്ങളോടയുള്ള യാത്രയയപ്പാണു നല്‍കുന്നതെന്ന് സംസ്‌കാര ശുശ്രൂഷ തുടങ്ങുന്നതിനു മുമ്പ് നല്‍കിയ സന്ദേശത്തില്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. തൃശൂര്‍ അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍ തോമസ് കാക്കശേരി, മോണ്‍ ജോസ് വല്ലൂരാന്‍, സിഎംഐ പ്രിയോര്‍ ജനറല്‍ ഫാ. തോമസ് ചാത്തപറമ്പില്‍, തൃശൂര്‍ ദേവമാതാ പ്രോവിന്‍സ് പ്രോവിന്‍ഷ്യാല്‍ ഫാ. ഡേവിസ് പനയ്ക്കല്‍, അരണാട്ടുകര പള്ളി വികാരി ഫാ. സൈമണ്‍ തേര്‍മഠം തുടങ്ങിയവരും അതിരൂപതയിലേയും സിഎംഐ സഭയിലേയും വൈദികരും സിസ്റ്റര്‍മാരും പങ്കെടുത്തു.

മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവിലിന്റെ സഹോദരങ്ങളായ പോള്‍ നീലങ്കാവില്‍, സിസ്റ്റര്‍ ലയോണ്‍ഷ്യ എഫ്‌സിസി, സിസ്റ്റര്‍ ടെറീസ എഫ്‌സിസി, സിസിലി ജോര്‍ജ്, ഡോ. റോസിലി പോള്‍ എന്നിവരും കുടുംബാംഗങ്ങളും അരണാട്ടുകര ഇടവകാംഗങ്ങളും അതിരൂപതയിലെ അത്മായപ്രമുഖരും പങ്കെടുത്തു. ചടങ്ങുകള്‍ക്കുശേഷം ഭൗതികാവശിഷ്ടം കുറ്റൂര്‍ ദേവമാതാ പള്ളിയിലേക്കു കൊണ്ടുപോയി. തുടര്‍ന്ന് അദ്ദേഹം മെത്രാനായിരുന്ന സാഗറിലേക്കു കൊണ്ടുപോകും.

നിങ്ങൾ വിട്ടുപോയത്