ദുബായ്: ഗള്‍ഫ് നാടുകളിലെ സിറോ മലബാര്‍ വിശ്വാസികളുടെ തീക്ഷ്ണതയും സഭാ സ്‌നേഹവും തന്നെ എല്ലായ്‌പ്പോഴും അത്ഭുതപ്പെടുത്തുന്നുവെന്നും അവരെ ഓര്‍ത്തു അഭിമാനമുണ്ടെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം. ദുബായ് സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ സിറോ മലബാര്‍ സഭാ വിശ്വാസികളുടെ വാര്‍ഷിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസവും പാരമ്പര്യവും പ്രവാസ ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന വിശ്വാസികള്‍ സഭയുടെ സമ്പത്താണെന്നും മാര്‍ ജോസഫ് പെരുന്തോട്ടം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടിന് സെന്റ് മേരീസ് ദേവാലയത്തില്‍ നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ക്കു തുടക്കമായത്. മാര്‍ ജോസഫ് പെരുന്തോട്ടം വിശുദ്ധ കുര്‍ബാനയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് സമ്മേളനവേദിയായ ഗേള്‍സ് സ്‌കൂള്‍ വളപ്പിലേക്ക് വിശിഷ്ട വ്യക്തികളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചാനയിച്ചു.എസ്.എം.സി പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ചു. സതേണ്‍ അറേബ്യ വികാരിയാത്തിന്റെ അധ്യക്ഷന്‍ ബിഷപ്പ് പൗലോ മാര്‍ട്ടിനെല്ലി അനുഗ്രഹ പ്രഭാഷണം നടത്തി. സിറോ മലബാര്‍ സഭാ തലവന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീഡിയോ സന്ദേശം നല്‍കി. എസ്.എം.സി ജോയിന്‍ സെക്രട്ടറി ഷാജി ജോര്‍ജ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഡിജിറ്റല്‍ സുവനീര്‍ ‘അവനോടൊപ്പം’ ബിഷപ്പ് പൗലോ മാര്‍ട്ടിനെല്ലി പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ. ലെന്നി കോന്നോലി കപ്പൂച്ചിന്‍, മലയാളം സമൂഹത്തിന്റെ ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോഴിപ്പാടന്‍ കപ്പൂച്ചിന്‍, വിപിന്‍ വര്‍ഗീസ്, ബെന്നി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാത്യു ആന്റണി സ്വാഗതവും ബെന്നി തോമസ് പുല്ലാട്ട് നന്ദിയും രേഖപ്പെടുത്തി. പൊതുസമ്മേളനത്തിനു ശേഷം ‘ഇതാ ഞാന്‍’ എന്ന മ്യൂസിക്കല്‍ ഡ്രാമയോടെയാണ് പരിപാടികള്‍ സമാപിച്ചത്. പരിപാടിയില്‍ 5000 ത്തിലേറെ വിശ്വാസികള്‍ പങ്കെടുത്തു.