അധിക സമയവും, അലസനേരവും ഒരുപാട് വയോജനങ്ങളുടെ മനസ്സിനെ ചെകുത്താന്റെ പണിശാലയാക്കി മാറ്റുന്നുണ്ട്. ടൈം മാനേജ്മെന്റ് വൈഭവം പ്രയോഗിച്ചു ആ ചെകുത്താനെ ഇറക്കി വിട്ടില്ലെങ്കിൽ പാർക്കുന്ന ഹോം സ്വീറ്റാകില്ല. ഇന്നലത്തെ മനോരമ ദിനപത്രത്തിൽ നിന്ന്.
ജോലിയിൽ നിന്നും റിട്ടയർ ചെയ്ത ശേഷം ഒരുപാട് സമയമുണ്ട്. വീട്ടിൽ ബാക്കിയുള്ളവരൊക്കെ അവരുടെ തിരക്കുകളിലാണ്. അത് കൊണ്ട് വല്ലാതെ ഒറ്റപ്പെടുന്നു. ബോറടിയും സങ്കടവുമുണ്ട്. ഈ മുതിർന്ന പൗരന്റെ ആവലാതിക്ക് പ്രാതിനിധ്യ സ്വഭാവമുണ്ട്.
ജോലിയിൽ നിന്ന് വിരമിച്ചത് കൊണ്ടും, സജീവ ഉത്തരവാദിത്തങ്ങൾ ഇല്ലാത്തത് കൊണ്ടുമൊക്കെ ഈ പ്രായത്തിലുള്ളവർക്ക് സമയം ബാക്കിയാകാം.ഈ സമയം കൈകാര്യം ചെയ്യുന്നതിൽ ആണുങ്ങളാണ് പെണ്ണുങ്ങളേക്കാൾ കഷ്ടപ്പെടുന്നത്. സ്ത്രീകൾക്ക് അവരുടെ പതിവ് ഗാർഹീക ചുമതലകളുണ്ടെന്നത് നേട്ടമാകുന്നു.
ഫലപ്രദമായി കൈകാര്യം ചെയ്തില്ലെങ്കിൽ ഈ സമയം മനസ്സിനെ ശ്വാസം മുട്ടിക്കുന്ന വില്ലനായി മാറാം.
വീട്ടിലെ മറ്റുള്ളവരുടെ സമയമില്ലായ്മയും തിരക്കും, നെഗറ്റീവ് ചിന്തകളുടെ തിരി കൊളുത്താതിരിക്കാൻ എന്ത് ചെയ്യണം?അലസ മണിക്കൂറുകളെ നന്നായി പ്രയോജനപ്പെടുത്തും വിധത്തിൽ വെടിപ്പായൊരു ദിനചര്യ ഉണ്ടാക്കുകയെന്നതാണ് പരിഹാരം. പണ്ടത്തെ പോലെ നിന്ന് തിരിയാൻ നേരമില്ലാത്ത മട്ടിലാകാൻ ശ്രമിക്കേണ്ട. ചെയ്യുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ അർത്ഥ പൂർണ്ണമാകണം. ആഹ്ലാദം നൽകുന്നവയുമാകണം.വീട്ടിലെ ചില ചുമതലകൾ കൂടി മടി കൂടാതെ ഏറ്റെടുക്കാം. ജോലി തിരക്കിനും, ജീവിത ചുമതലകൾക്കുമിടയിൽ ചെയ്യാൻ കഴിയാതെ പോയ അഭിരുചികളും ഇഷ്ടങ്ങളും ഉൾപ്പെടുത്താം. അത് വരയാകാം. വായനയാകാം. സമപ്രായക്കാരുമായുള്ള കൂട്ടായ്മകളാകാം.ചെറു സംരംഭങ്ങളാകാം. ഇതിന്റെയൊക്കെ ഒരു ലിസ്റ്റ് ഉണ്ടാക്കി മുൻഗണനകൾ നിശ്ചയിച്ചു ആസ്വദിച്ച്
നടപ്പിലാക്കാനുള്ള പദ്ധതിയുണ്ടാക്കാം. എല്ലാം എല്ലാ ദിവസവും കുത്തി തിരുകി തലച്ചോറിന് ഓവർ ലോഡ് കൊടുക്കരുത്.
വ്യായാമത്തിനും, നടത്തത്തിനും, ധ്യാനത്തിനും പ്രാർത്ഥനയ്ക്കും കണിശ്ശമായി നേരം കൊടുക്കണം. മക്കളോടും, പേരക്കുട്ടികളോടും കൂട്ടുകാരോടും, മറ്റ് ബന്ധുക്കളോടും മിണ്ടാനും, അവരെ കേൾക്കാനും വേളകൾ ഉണ്ടാക്കണം. ആശയവിനിമയ കണ്ണികൾ ദൃഢമാക്കാനുള്ള പ്രവർത്തികൾ ഉറപ്പായും വേണം. അതില്ലാതെ പോകുന്നത് കൊണ്ടാണ് ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നല്ലഉല്ലാസങ്ങൾക്കുള്ള ഇനങ്ങൾ ചേർക്കണം. നേരം കൊല്ലാൻ യൂട്യൂബ് വിഡിയോകളിലും, വാട്സാപ്പ് ഫോർവേഡുകളിലും അഭിരമിക്കുന്നതിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ അത് സമൂഹിക ഇടപെടലുകളെ ബാധിച്ചേക്കാം.
ഈശ്വര വിശ്വാസികൾക്ക്
ആത്മീയ കാര്യങ്ങൾക്കായുള്ള സമയം വേണം. സമൂഹിക സേവനം ഇഷ്ടമുള്ളവർക്ക് അതാകാം. കൃഷിയിലും പൂന്തോട്ടമുണ്ടാക്കലിലുമൊക്കെ താൽപ്പര്യമുള്ളവർ അതിന് ഇറങ്ങട്ടെ. തൊഴിലുകൾക്ക് അവസരമുണ്ടെങ്കിൽ ജോർ. പക്ഷേ അത് എപ്പോഴും കിട്ടണമെന്നില്ല. എല്ലാം വേണ്ട പോലെ ചേർത്ത് ഭംഗിയായി ടൈം മാനേജ് ചെയ്യാം. അലസ നേരങ്ങൾക്ക് ഇങ്ങനെയൊക്കെ സുല്ലിടാൻ പറ്റിയാൽ ജീവിത സായാഹ്നം ഉഷാർ.
ഡോ .സി ജെ ജോൺ