വിനയത്തിന്റെ മാതൃകയായി യേശു ശിഷ്യരുടെ കാല് കഴുകി ചുംബിക്കുകയും സ്വയം ബലിയായി വിശുദ്ധ കുര്‍ബാന സ്ഥാപിക്കുകയും ചെയ്തതിന്റെ ഓര്‍മപുതുക്കി ആഗോള ക്രൈസ്തവര്‍ നാളെ പെസഹാ ആചരിക്കും. ദേവാലയങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കു വിധേയമായി പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും മധ്യേ കാല്‍കഴുകല്‍ ശുശ്രൂഷ നടക്കും. കോവിഡ് മഹാമാരിയെ തുടര്‍ന്നു കഴിഞ്ഞവര്‍ഷം ഇത്തരം തിരുക്കര്‍മങ്ങള്‍ ഒഴിവാക്കിയിരുന്നു. യേശു പന്ത്രണ്ടു ശിഷ്യരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിനെ അനുസ്മരിപ്പിച്ചുകൊണ്ട് വൈദികര്‍ 12 പേരുടെ പാദങ്ങള്‍ കഴുകി ചുംബിക്കും.
ഗദ്സെമന്‍ തോട്ടത്തില്‍ രക്തംവിയര്‍ത്തു പ്രാര്‍ത്ഥിച്ച യേശുവിന്റെ പാത പിന്തുടര്ന്ന് രാത്രി വൈകുംവരെയും വിശ്വാസികള്‍ ആരാധനയില്‍ പങ്കെടുക്കും. വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെ ഓര്മ പുതുക്കിക്കൊണ്ട് ദേവാലയങ്ങളിലും ഭവനങ്ങളിലും അപ്പംമുറിക്കും. ദേവാലയങ്ങളില്‍ ക്രമീകരിക്കുന്ന ദിവ്യകാരുണ്യ ആരാധന വൈകുന്നേരം വരെ നീളും. ലോക രക്ഷയ്ക്കായി യേശുക്രിസ്തു പീഡാനുഭവങ്ങള്‍ക്കൊടുവില്‍ കുരിശുമരണം വരിക്കുന്ന ദുഃഖവെള്ളിയാഴ്ചയിലേക്കു പ്രാര്ത്ഥനാനിര്ഭരവും ത്യാഗപൂര്‍ണവുമായ ഒരുക്കംകൂടിയാണ് പെസഹാദിനം.