ഷെവലിയർ ഫാ. സി. കെ. മറ്റം (1888-1966); സാഹിത്യാത്മാവും, ശുശ്രൂഷകനും,കലാകാരനുമായ ആത്മീയ ഗുരുനാഥൻ

19 നവംബർ 2025, കുറവിലങ്ങാട് സ്വദേശി ബഹുമാനപ്പെട്ട ഷെവലിയർ ഫാ. സി കെ. മറ്റത്തിന്റെ 59-ാമത് ചരമവാർഷിക ദിനമാണ് ഇന്ന്. മലയാള സാഹിത്യത്തിനും കേരളസഭാ ചരിത്രത്തിനും അനശ്വര സംഭാവനകൾ നൽകി നമ്മോടൊപ്പമുണ്ടായിരുന്ന ഒരു മഹാപുരോഹിതനെയാണ് ഇന്ന് സ്മരിക്കുന്നത്.

ഫാ. സി കെ.മറ്റം അച്ചൻ ഏകദേശം 89-ഓളം പ്രസിദ്ധീകരണങ്ങൾ മലയാള ഭാഷയ്ക്കു നൽകിയ അതുല്യ സാഹിത്യ പ്രതിഭയായിരുന്നു. വിശുദ്ധ ബൈബിൾ മലയാളത്തിലേക്ക് ആദ്യമായി പകർന്നെഴുതിയതും ഈ മഹാപുരോഹിതനായിരുന്നു എന്നത് കേരളസഭാ ചരിത്രത്തിലെ ഒരു തിളങ്ങുന്ന ഏടാണ് .

തികഞ്ഞ നസ്രാണി പാരമ്പര്യത്തിനുടമയായ അദ്ദേഹം മലങ്കരയും ലാറ്റിൻ സഭകളും ഉൾപ്പെടെ വിവിധ സാംസ്കാരിക-അക്കാദമിക വേദികളിൽ മലയാള ഭാഷയുടെ ക്രിസ്തീയ ഭാഷ സംസ്കാര ശൈലീ പ്രസ്ഥാനത്തിന് ശബ്ദമൊരുക്കി. തൃശൂർ സെന്റ് തോമസ് കോളേജ്, പാലാ സെന്റ് തോമസ് കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ മലയാള പ്രൊഫസറായി പ്രവർത്തിച്ച് അനേകം വിദ്യാർത്ഥികൾക്ക് വിദ്യാപ്രകാശം പകർന്നു.

കുറവിലങ്ങാട് മറ്റത്തിൽ കുടുംബാംഗമായ ഫാ. മറ്റം, കേരളത്തിന് പുറത്തും, റോമിലും, വിവിധ രാജ്യങ്ങളിലും യാത്ര ചെയ്ത് അതിന്റെ അനുഭവങ്ങൾ മലയാളികൾക്കായി പുസ്തകരൂപത്തിൽ അവതരിപ്പിച്ചു. അദ്ദേഹത്തിന്റെ സാഹിത്യ കൃതികളും യാത്രാവിവരണങ്ങളും ആത്മീയ സംഭാവനകളും ഇന്നും സാമൂഹ്യ-സഭാ ലോകങ്ങൾക്ക് പ്രചോദനമാണ്.

ബഹു .അച്ചന്റെ മൃതസംസ്കാരശുശ്രൂഷകൾക്ക് കുറവിലങ്ങാട് മർത്താ മറിയം പള്ളിയിൽ അക്കാലത്തു പാലാ രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിൽ പിതാവാണ് .അടുത്ത ദിവസം തന്നെ ദീപിക പത്രത്തിൽ അഭിവന്ദ്യ വയലിൽ പിതാവ് ബഹു . അച്ചന്റെ പ്രത്യേക സ്മരണക്കുറിപ്പും പ്രസിദ്ധീകരിച്ചിരുന്നു.’ഫാ. സി. കെ. മറ്റം ,ഒരു സാഹിത്യാത്മാവും, ഒരു ശുശ്രൂഷകനും,ഒരു കലാകാരനും,ഒരു ആത്മീയഗുരുവുമായിരുന്നു.’

അദ്ദേഹത്തിന്റെ പാസ്റ്ററൽ ചുമതലകളും സാഹിത്യസേവനങ്ങളും ഇതുവരെ മലയാള സമൂഹം പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ എക്ക്മെനിക്കൽ വീക്ഷണവും പരിശ്രമവും വത്തിക്കാനിൽ പരിശുദ്ധ സിംഹാസനം ശ്രദ്ധിക്കുകയും ‘ ഷെവലിയർ’ പദവി നൽകി ആദരിക്കുകയും ചെയ്തു . 1930 കളിൽ മലങ്കര സഭാ പുനരൈക്യത്തിന്റെ പിന്നണിയിൽ ചുക്കാൻ പിടിച്ചതും സുറിയാനി സഭക്ക് ( ഇപ്പോഴത്തെ തലശ്ശേരി അതിരൂപത) പ്രവിശ്യാ രൂപീകരണശ്രമ കാലത്തും നിസ്തുലമായ സംഭവനകൾ നൽകിയ വ്യക്തിയാണ് . ഡോ. തെക്കേടത്ത് മാത്യു എഴുതി പ്രസിദ്ധീകരിച്ച ‘കുറവിലങ്ങാടും കേരളം ക്രിസ്ത്യാനികളും ‘ എന്ന പുസ്തകത്തിൽ ബഹു . ഫാ. സി. കെ. മറ്റം അച്ചനുമായി സംസാരിച്ചു വിവിധ രീതികളിൽ അദ്ദേഹത്തിൽനിന്നും പകർന്നു കിട്ടിയ അറിവുകളുടെ ഒരു സംക്ഷിപ്ത വിവരണം തന്നെ നൽകിയിട്ടുണ്ട്

അടുത്ത വർഷം 2026 – (60-ാം ചരമവാർഷികം) മുൻപായി, ഇടവക പള്ളി , മറ്റം കുടുംബാംഗങ്ങൾ, കേരളത്തിലെ സാംസ്കാരിക സംഘടനകൾ എന്നിവ സംയുക്തമായി ജീവിതവും കൃതികളും പ്രഖ്യാതമാക്കിയും, കുറവിലങ്ങാട് ഒരു യുക്ത്യർത്ഥമായ സ്മാരകം ഉയർത്തിയും ആദരിക്കപ്പെടണമെന്ന് പ്രത്യാശിക്കുന്നു. ഫാ. സി. കെ. മറ്റം അച്ചന്റെ ആത്മാവിന് ദൈവശാന്തി ലഭിക്കട്ടെ.

Adv. Siji Antony Thekkedath

കുറവിലങ്ങാട്

നിങ്ങൾ വിട്ടുപോയത്