കേരളത്തിലെ ഭരണ പ്രതിപക്ഷ വർഗ്ഗങ്ങളോടാണ്,

സൗമ്യയുടെ ശരീരം ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ മണ്ണോടു ചേരും. പക്ഷെ ആ ശരീരം ഇന്നലെ മണ്ണിലേക്കു വച്ചപ്പോൾ മലയാളികളുടെ നെഞ്ചിൽ ബാക്കിയായ ഒരു നീറ്റലുണ്ടല്ലോ, അതിനിയൊരു പ്രളയം വന്നു കേരളമണ്ണിനെ കടലെടുത്താലും മായുമെന്നു തോന്നുന്നില്ല.

അങ്ങനെ തോന്നാതിരിക്കണമെങ്കിൽ ചില ഉത്തരങ്ങൾ വേണം!

ഇസ്രായേൽ ഇപ്പോൾ നടത്തുന്ന പ്രത്യാക്രമണങ്ങളോടു യോജിക്കാതെ തന്നെ ചോദിക്കട്ടെ, ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തിലല്ലേ സൗമ്യ കൊല്ലപ്പെട്ടത്? അതു സമ്മതിക്കാൻ നിങ്ങൾക്കിത്ര ഭയമെന്തിനാണ്?

തീവ്രവാദവും വർഗ്ഗീയതയുമൊക്കെ വച്ചുപൊറുപ്പിക്കില്ലെന്ന് പ്രകടനപത്രികയിൽ അച്ചടിച്ചു വച്ച്, സംസ്ഥാനത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ തരാതരം നോക്കി, ആഴം കൂട്ടിയും കുറച്ചും അതു വിശദീകരിച്ച്, ഞങ്ങളുടെ വോട്ടു വാങ്ങി പെട്ടിയിലിട്ട നിങ്ങൾക്ക്, സമയം വരുമ്പോൾ ഒരിക്കലെങ്കിലും അതു തുറന്നു സമ്മതിക്കാനുള്ള ചങ്കൂറ്റമില്ലെങ്കിൽപ്പിന്നെ, നിങ്ങളൊക്കെ ഏതു ജെൻഡറിൽ പെട്ടവരാണ്?

സൗമ്യ കേരളത്തിൽ ജനിച്ചു വളർന്ന പെൺകുട്ടിയല്ലേ! ഈ മണ്ണിന്റെ തന്നെ മകളല്ലേ! നിങ്ങൾ അവളുടേയും ഭരണാധികാരികളല്ലേ! ഉറ്റവരുടെ പശിയടക്കാൻ മറ്റൊരു ദേശത്തു പോയി കഷ്ടപ്പെട്ട്, ഒടുവിൽ അപ്രതീക്ഷിതമായ ഒരു ദുരന്തത്തിനിരയായി പ്രാണനറ്റ് ഒരു ശരീരം മാത്രമായി മടങ്ങിയെത്തുമ്പോൾ, സഹജീവിയെന്ന പരിഗണനയിൽ ഒരാശ്വാസ വാക്കു പോലും പറയാൻ കഴിയാത്തവണ്ണം നിങ്ങളുടെ മനുഷ്യത്വത്തെയും കരളിലെ കാരുണ്യത്തേയും നിങ്ങൾ ആർക്കാണു പണയംവച്ചത്?

ചാനൽ ചർച്ചകളിലും മൈതാന പ്രസംഗങ്ങളിലുമൊക്കെ യാതൊരുളുപ്പുമില്ലാതെ ന്യായാന്യായങ്ങൾ നിരത്തി പൂണ്ടു വിളയാടിയിട്ടുള്ള നിങ്ങളുടെ നാവുകൾ ഏതു പാതാളത്തിലേക്കാണ് ഇപ്പോൾ താണിറങ്ങിപ്പോയത്?

കാറ്റും മഴയും ഉഴുതുമറിച്ചൊരു പകലിൽ, കീരിത്തോടെന്ന ഗ്രാമത്തിന്റെ കുന്നും മലയും ചവിട്ടിക്കയറി ഇസ്രായേൽ എന്ന രാജ്യത്തിന്റെ പ്രതിനിധി സൗമ്യയുടെ വീട്ടിലെത്തി ആദരവറിയിച്ചപ്പോൾ, കൂടെയുണ്ടാകുമെന്ന് ആവർത്തിച്ചു പറഞ്ഞ് കണ്ണു നനച്ചപ്പോൾ, ഒപ്പമുണ്ടാകുമെന്നും കണ്ണീരൊപ്പുമെന്നും നാടു നന്നാക്കുമെന്നുമൊക്കെ പലകുറി ആണയിട്ടു പറഞ്ഞ നിങ്ങളിൽ ഉത്തരവാദിത്വപ്പെട്ട ഒരാൾ പേരിനെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളോടു ക്ഷമിക്കുമായിരുന്നു.

ഇലക്ഷൻ സമയങ്ങളിൽ മരണ വീടുകൾ തേടിപ്പിടിച്ചു പാഞ്ഞെത്തി, യാതൊരു പരിചയവുമില്ലാത്തവരെക്കുറിച്ചു പോലും ഘോരഘോരം അനുശോചനങ്ങൾ ഛർദ്ദിച്ചിരുന്ന നിങ്ങൾ ആരെ ഭയന്നിട്ടാണ് ഇന്നലെ മാളങ്ങളിൽത്തന്നെ അടയിരുന്നത്? വൈകി മനസ്സിലാക്കിയ എന്തു സത്യത്തിന്റെ പേരിലാണ് നിങ്ങൾ നിങ്ങളുടെ അഭിപ്രായങ്ങൾ തിരുത്തിയതും പിൻവലിച്ചതും?

ബോധപൂർവ്വമുള്ള ഈ മൗനം കൊണ്ട് നിങ്ങളിപ്പോൾ കുഴിച്ചു കൊണ്ടിരിക്കുന്നത് നിങ്ങൾക്കു തന്നെയുള്ള കുഴിയാണ്. നിസംഗമായി നിങ്ങളിപ്പോൾ വെള്ള പൂശിക്കൊണ്ടിരിക്കുന്നത് നിങ്ങളുടെ തന്നെ കുഴിമാടങ്ങളെയാണ്.

നിങ്ങളുടെ വൃത്തികെട്ട കച്ചവട രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ ഈ പാവം പെൺകുട്ടിയെ ഇങ്ങനെ അനാഥയാക്കി മടക്കിയയച്ചത് ഒട്ടും ശരിയായില്ല! രാഷ്ട്രീയത്തിനപ്പുറത്ത് മനുഷ്യനൊപ്പം നിൽക്കാൻ നിങ്ങൾ മറന്നുപോയി.

വിലയ്ക്കെടുത്ത മാധ്യമങ്ങൾ പറയാത്ത സത്യം പറയാൻ, ഇവിടെ വിലയ്ക്കെടുക്കാനാവാത്ത പൊതുജനമുണ്ടെന്ന യാഥാർത്ഥ്യം മറന്നുപോകരുത്!

(പലസ്തീനികളുടെ നിലനിൽപ്പിനായുള്ള ആഗ്രഹത്തെ മാനിക്കുന്നു. പക്ഷെ ആ പേരിൽ ഹമാസും ഇസ്രായേലും നടത്തുന്ന കൂട്ടക്കൊലകളെ എതിർക്കുന്നു. തീവ്രവാദവും അക്രമവും നരഹത്യയും ആരുചെയ്താലും അതിനോടു തെല്ലും യോജിപ്പില്ല)

ഫാ .ഷീൻ പാലക്കുഴി