സർവചരാചരങ്ങളും സൃഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ദാസരായി പോലും പരിഗണിക്കപ്പെടാൻ യോഗ്യത ഇല്ലാത്തവരാണ് നാമെന്ന് നമുക്കെല്ലാം അറിവുള്ള കാര്യമാണ്. നമ്മിലെ പാപം ദൈവവുമായുള്ള നമ്മുടെ ബന്ധത്തിൽ സദാ വിള്ളലുകൾ വീഴ്ത്തിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും, സ്നേഹനിധിയായ ദൈവത്തിന്റെ ആഗ്രഹം നമ്മൾ ദൈവവുമായി സ്നേഹബന്ധത്തിൽ ഏർപ്പെടണമെന്നും, അതിൽ നിലനിൽക്കണമെന്നുമാണ്. സൗഹൃദം എന്നത് ഒരു ദിശയിൽ മാത്രം നീങ്ങുന്ന ഒന്നല്ല എന്നതാണ്, ഏതൊരു സുഹൃത് ബന്ധത്തിനും കുറഞ്ഞത് രണ്ടുപേരുടെയെങ്കിലും സഹകരണം ആവശ്യമാണ്. ദൈവത്തിൽ വിശ്വസിച്ച അബ്രാഹാമിന് അത് നീതിയായി പരിണമിച്ചു, അബ്രാഹം ദൈവത്തിന്റെ സൗഹൃദത്തെ ഹൃദയംകൊണ്ട് സ്വീകരിച്ചു.

യേശുക്രിസ്തുവിലൂടെ ദൈവം ഇന്നും നാം ഒരോരുത്തരെയും തിരഞ്ഞെടുക്കുന്നുണ്ട്. ദാസരാകാനല്ല സ്നേഹിതരാകാനാണ് ഈശോ നമ്മെ വിളിക്കുന്നത്. നാം ഒരോരുത്തരും ദൈവത്തിന്റെ സ്നേഹിതനാകാനുള്ള വിളിക്ക് പലപ്പോഴും ചെവി കൊടുക്കാതെ പിൻ തിരിഞ്ഞ് നടക്കുന്നു. ദൈവവത്തിന്റെ വിളിയിൽ നിന്നും സ്നേഹബന്ധത്തിൽനിന്നും നമ്മെ അകറ്റിനിർത്തുന്ന പാപങ്ങളെ വെറുത്തുപേക്ഷിക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. ഇത്രയുമൊക്കെ പാപം ചെയ്തിട്ടും, ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന തിരിച്ചറിവാണ്, ദൈവസ്നേഹത്തോട് പ്രതികരിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്.

ദൈവത്തിന്റെ കൽപന പാലിക്കുന്നവർ ദൈവത്തിന്റെ സ്നേഹിതരാണ്. അതിനാൽ, ദൈവം നമ്മെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് തിരിച്ചറിയുവാനുള്ള കൃപയ്ക്കായി നമുക്കും പ്രാർഥിക്കാം. ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും ഗ്രഹിക്കാനുള്ള ശക്തി നൽകുന്ന അവിടുത്തെ ആത്മാവിനാൽ നാം ഒരോരുത്തരെയും അഭിഷേകം ചെയ്യണമേ എന്നു പ്രാർത്ഥിക്കാം. ദൈവത്തിന്റെ സ്നേഹത്തോടെയുള്ള വിളിക്ക് നാം ഓരോരുത്തർക്കും കാതോർക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.





