ചങ്ങനാശേരി: രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കുവേണ്ടി നിലകൊള്ളുകയും ജനാധിപത്യ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കുകയും ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യുന്നവരാണ് ഇലക്ഷനില്‍ തെരഞ്ഞെടുക്കപ്പെടേണ്ടതെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അതിരൂപതാംഗങ്ങള്‍ക്കും വൈദികര്‍ക്കുമായി അയച്ച സര്‍ക്കുലറിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഓരോ പൗരനും ഉത്തരവാദിത്വത്തോടെയും സ്വാതന്ത്ര്യത്തോടെയും ഏറ്റവും ഉത്തമരായ ജനപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്നും മാര്‍ പെരുന്തോട്ടം ചൂണ്ടിക്കാട്ടി.
ആരുടെയും സമ്മര്‍ദ തന്ത്രങ്ങള്‍ക്കും സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കും ദുഃസ്വാധീനങ്ങള്‍ക്കും വഴിപ്പെടാതെ ഉത്തമ ബോധ്യത്തോടെ ശരിയായ ക്രൈസ്തവ മനഃസാക്ഷിയനുസരിച്ച് വോട്ട് രേഖപ്പെടുത്തണമെന്നും മാര്‍ പെരുന്തോട്ടം അഭ്യര്‍ത്ഥിച്ചു. ഉദാസീനതകൂടാതെയും അവസാനസമയത്തേക്ക് മാറ്റിവയ്ക്കാതെയും നേരത്തെതന്നെ വോട്ടവകാശം വിനിയോഗിക്കണം. നീതിയും ധര്‍മവും പുലരുന്ന ഒരു രാഷ്ട്രത്തിന്റെ ശില്പികളാകേണ്ടവരാണു ഭരണാധികാരികള്‍. അഴിമതിക്കും അക്രമത്തിനും കൂട്ടുനില്‍ക്കുന്നവരും സ്വന്തം താത്പര്യംമാത്രം ലക്ഷ്യം വയ്ക്കുന്നവരും മതസൗഹാര്‍ദത്തിനു കോട്ടംവരുത്തുന്നവരും നേതൃത്വത്തിലേക്കു കടന്നുവരാന്‍ പാടില്ലെന്നും മാര്‍ പെരുന്തോട്ടം സര്‍ക്കുലറില്‍ വ്യക്തമാക്കി.