എന്‍കാന്റഡോ, ബ്രസീല്‍: ആധുനിക ലോകാത്ഭുതങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ബ്രസീലിലെ ‘ക്രൈസ്റ്റ് ദി റെഡീമര്‍’ പ്രതിമയേക്കാളും വലിയ ക്രിസ്തു രൂപം ബ്രസീലില്‍ തന്നെ ഉയരുന്നു. 2019-ല്‍ നിര്‍മ്മാണം ആരംഭിച്ച 43 മീറ്റര്‍ ഉയരമുള്ള ‘ക്രിസ്റ്റോ പ്രൊട്ടക്റ്റര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ കൂറ്റന്‍ പ്രതിമയുടെ നിര്‍മ്മാണം റിയോ ഗ്രാന്‍ഡെ ഡൊ സുള് സംസ്ഥാനത്തിലെ വല്ലേ ഡെ ടക്വാരി മുനിസിപ്പാലിറ്റിയില്‍പ്പെട്ട മേഖലയിലാണ് ഉയര്‍ത്തിയിരിക്കുന്നത്. എന്കാന്റഡോയിലെ സമുദ്ര നിരപ്പില്‍ നിന്നും 432 മീറ്റര്‍ ഉയരമുള്ള സെറോ ഡെ ലാസ് ആന്റെനാസ് പര്‍വ്വത നിരയിലാണ് രൂപത്തിന്റെ സ്ഥാനം. 2021 അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും, ഈ മാസം അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനാണ് അധികൃതരുടെ ഇപ്പോഴത്തെ ലക്ഷ്യം.
റിയോ ഡി ജനീറോയില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ദി റെഡീമര്‍ പ്രതിമയേക്കാളും (38 മീറ്റര്‍ ഉയരം) അഞ്ചു മീറ്റര്‍ ഉയരം കൂടുതലാണ് ക്രിസ്റ്റോ പ്രൊട്ടക്റ്ററിന് (43). 36 മീറ്ററാണ് ക്രിസ്റ്റോ പ്രൊട്ടക്റ്റര്‍ പ്രതിമയുടെ ചുറ്റളവ്. ഉദ്ഘാടനം കഴിഞ്ഞാല്‍ സന്ദര്‍ശകര്‍ക്ക് പ്രതിമയുടെ ഹൃദയ ഭാഗം വരെ കയറാന്‍ അനുമതി ലഭിക്കും. “ക്രൈസ്റ്റ് ദി റെഡീമര്‍” പ്രതിമക്ക് 38 മീറ്റര്‍ ഉയരവും, വിരിച്ചു പിടിച്ചിരിക്കുന്ന കൈകളും ചേര്‍ത്ത് 28 മീറ്റര്‍ ചുറ്റളവാണ് ഉള്ളത്.
ഏകദേശം 3,64,000 ഡോളറിന്റെ ബജറ്റാണ് ക്രിസ്റ്റോ പ്രൊട്ടക്റ്റര്‍ രൂപ നിര്‍മ്മാണത്തിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. പ്രദേശവാസികളുടെ സംഭാവനകളും, അമിഗോസ് ഡെ ക്രിസ്റ്റോ എന്ന സന്നദ്ധ സംഘടനയുടെ സംഭാവനയുമാണ് നിര്‍മ്മാണ ചിലവുകളുടെ പ്രധാന സ്രോതസ്സ്. പ്ലാസ്റ്റിക് കലാകാരനായ ജെനെസിയോ ഗോമസ് ഡെ മൗറായും, അദ്ദേഹത്തിന്റെ മകനുമാണ് പ്രതിമ രൂപകല്‍പ്പന ചെയ്തതെന്നു സ്പെയിന് ആസ്ഥാനമായുള്ള അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ ‘എഫെ ഏജന്‍സി’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനം റിയോ ഗ്രാന്‍ഡെ ഡോ സുള് ഗവര്‍ണര്‍ എഡ്വാര്‍ഡോ ലെയിറ്റെയും വല്ലേ ഡെ ടാക്വാരി മേയറും തമ്മില്‍ രൂപത്തിനു അടുത്ത് എത്തുവാനുള്ള റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കരാറില്‍ ഒപ്പിട്ടിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിസ്തു രൂപമായിരിക്കും ഇത്. പോളണ്ടിലെ സ്വിബോഡ്സിനില് സ്ഥിതി ചെയ്യുന്ന ക്രിസ്തു രാജന്റെ രൂപമാണ് ലോകത്ത് ഏറ്റവും കൂടിയ ക്രിസ്തുരൂപം. 2010-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട രൂപത്തിന് കിരീടം ഉൾപ്പെടെ 52.5 മീറ്റർ (172 അടി) ഉയരമുണ്ട്.