ഭൂമിയിലെ സകല സൗഖ്യങ്ങളും തുടങ്ങുന്നത് പുഞ്ചിരിയോടെ എഴുന്നേൽക്കുന്ന എന്റെ അടുത്തുള്ള രണ്ടു വയസു മാത്രമുള്ള കുട്ടിയിൽ നിന്നാണ് എന്ന് തോന്നുന്നു. ഹൃദയം കൊണ്ട് പുഞ്ചിരിക്കുന്ന മനുഷ്യർ എന്നും നമ്മളെ മോഹിപ്പിക്കുന്നു. അത് എൻ. ഡി ടിവിയിലെ വാർത്ത വായിക്കുന്ന പെൺകുട്ടിയാവട്ടെ, വഴിവക്കിലെ യാചകനാവട്ടെ, അവർ എന്നെ കൊതിപ്പിക്കുന്നു. നമ്മുടെ ഉള്ളിലുള്ള സൗഖ്യത്തിന്റെ ബഹിർസ്ഫുരണമാണ് പുഞ്ചിരി. എന്താണീ പുഞ്ചിരിയുടെ കാതൽ ?

സൗഖ്യം ! ആശുപത്രിയിൽ ഡെങ്കിപ്പനിയും പിടിച്ച് മൂടിപ്പുതച്ച് കിടന്നുറങ്ങുമ്പോഴും നമുക്ക് സൗഖ്യത്തിലായിരിക്കാൻ പറ്റും. കാരണം നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾക്ക് അപ്പുറത്തുള്ള ആത്മാവിന്റെ അവസ്ഥയാണ് സൗഖ്യം. ഈ സൗഖ്യം ഉള്ളവരാണ് സദാ ആനന്ദിക്കുന്നത്. അപ്പോൾ അടുത്ത ചോദ്യം, എന്താണ് ഈ ” സൗഖ്യ “ത്തിന്റെ രഹസ്യം?

ഉണ്ണീശോയെ കൈയിലെടുത്ത് പാൽ പുഞ്ചിരി പൊഴിച്ചവരാണ് ശിമയോനും അന്നയും . ഈശോ അവർക്ക് സൗഖ്യം നൽകി. അവരുടെ ആഗ്രഹ പൂർത്തീകരണമായിരുന്നു അവരുടെ സൗഖ്യം. ആ സൗഖ്യത്തിന് അവരെ സഹായിച്ചത് അവരുടെ സമ്പൂർണ്ണ സമർപ്പണവും .

സമ്പൂർണ്ണ സമർപ്പണം ഇല്ലാതെ സൗഖ്യത്തിന്റെ കൊടുമുടി കയറാനാവില്ല. ഈ സൗഖ്യം മറ്റുള്ളവർക്ക് നേടിക്കൊടുക്കണമെങ്കിലും നമുക്ക് സമ്പൂർണ്ണ സമർപ്പണം ആവശ്യമാണ്. ശതാധിപനും ജായ്റോസുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സൗഖ്യം നേടിക്കൊടുത്തു. തങ്ങളുടെ ആവശ്യം നേടിയെടുക്കുന്നതു വരെ അവർ ഓടി. ഈ ഭൂമിയിൽ മനുഷ്യർക്ക് ചെയ്യാവുന്നതെല്ലാം അവർ ചെയ്തു. സമ്പൂർണ്ണ സമർപ്പണം എന്നു പറഞ്ഞാൽ തന്നെ മനുഷ്യസാധ്യമായതെല്ലം ചെയ്യുക എന്നതാണ്. എന്നാൽ സൗഖ്യം തുടങ്ങിയത് അവർ ഏറ്റവും മികച്ച ഭിഷഗ്വരനായ ഈശോയെ കൺസൾട്ട് ചെയ്തപ്പോഴാണ് . സമർപ്പണം മാനുഷികവും സൗഖ്യം ദൈവികവും ആണെന്ന് മറക്കരുതേ! ഇവ രണ്ടും ചേരുമ്പോൾ എന്തു സംഭവിക്കും?

സൗഖ്യവും സമർപ്പണവും ഏറ്റവും മനോഹരമാക്കുന്നത് നമ്മൾ ചിരപരിചയമില്ലാത്തവർക്ക് ചെയ്യുന്ന സുകൃതങ്ങൾ വഴിയാണ് എന്ന് ഈശോ പഠിപ്പിക്കുന്നു. നല്ല സമറിയാക്കാരന്റെ ഉപമയാണ് അതിന്റെ ക്ലാസിക് ഉദാഹരണം. ബയോഡേറ്റ നോക്കാതെ, പ്രതിഷേധങ്ങളോ പ്രഭാഷണങ്ങളോ കൂടാതെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ശുശ്രൂഷിച്ചതിന്റെ കഥയാണത്. ഈശോ ചൂണ്ടിക്കാട്ടുന്ന അധിക ദൂരം അയാൾ സഞ്ചരിച്ചു. അതിനുമപ്പുറത്ത് മുറിവേറ്റവൻ സുഖമാകുന്നത് വരെ അയാൾ കൂടെ ഉണ്ടാകും. അയാളുടെ തിരിച്ച് വരവ് അതാണ് സൂചിപ്പിക്കുന്നത്. ഇവിടെ നല്ല സമറിയാക്കാരൻ ഉള്ളിൽ സൗഖ്യം അനുഭവിക്കുന്ന മനുഷ്യൻ ആണ്. അതു കൊണ്ടാണ് സാഹചര്യങ്ങൾ ഒന്നും നോക്കാതെ മുറിവേറ്റവന് വേണ്ടി സമ്പൂർണ്ണ സമർപ്പണം നടത്താൻ അയാൾക്ക് സാധിച്ചത്. ഇതാണ് സമർപ്പണവും സൗഖ്യവും ഉള്ള നരജൻമങ്ങളുടെ തീക്ഷ്ണത .

ഇരിട്ടിയിലെ ഗവൺമെന്റ് ആശുപത്രിയിലെ ഡോക്ടറായ ആന്റോയെ ഓർക്കുന്നു. രാവിലെ പരിശുദ്ധ കുർബാനയ്ക്ക് ആൾത്താര യുവാവായി നിൽക്കുന്ന ആ 33 കാരൻ പാതി രാത്രി വരെ സമ്പൂർണ്ണ സമർപ്പണം തന്റെ രോഗികൾക്ക് നൽകുന്നു. ടോക്കൺ 400 കഴിഞ്ഞാലും ആളുകൾ കാത്തിരിക്കുന്നു , കാരണം അവർക്കറിയാം, വാതിലിനപ്പുറം സൗഖ്യമുണ്ടെന്ന് . സൗഖ്യം ഉള്ള മനുഷ്യരുടെ കാലം കഴിയാത്തതു കൊണ്ടല്ലേ ഇപ്പോഴും ഇവിടെ ജീവന്റെ തുടിപ്പുള്ളത് ?

സമർപ്പണം ഹൃദയം കൊണ്ട് നടത്തണം. എന്നാൽ കുറച്ചൊക്കെ തെറ്റിക്കാത്തവരായി ആരുണ്ട് എന്നതാണ് ഇന്ന് നമ്മുടെ രീതി. വ്രതങ്ങൾ പാലിക്കാൻ പറ്റില്ല , എങ്കിലും ഈ ളോഹയെ ഞാൻ പൊന്നു പോലെ സ്നേഹിക്കുന്നു എന്ന മനസിന്റെ ആഗ്രഹം ദൈവജനത്തിന് സമ്മാനിക്കുന്നത് എന്തായിരിക്കും?അതു പോലെ ശമ്പളം കൂടണം, ഡ്യൂട്ടി കുറഞ്ഞാലും എന്ന ജോലിക്കാരുടെ പരിദേവനങ്ങളും കാതിൽ മുഴങ്ങുന്നു. ഹൃദയമില്ലാത്ത സമർപ്പണങ്ങൾ നടത്തുന്ന വ്യക്തികൾ എവിടെയും അസ്വസ്ഥത സൃഷ്ടിക്കുന്നു. അവർ നന്നായി ജോലി ചെയ്യുന്നവരെക്കൂടി വഴി തെറ്റിക്കാൻ ശ്രമിക്കും. ജോലി ചെയ്യാതിരിക്കാൻ നൂറ് കാരണങ്ങളും പറയും , പഠിക്കാത്തതിന് നമ്മുടെ ഉള്ളിലുള്ള “കുട്ടി ” പറയുന്ന അതേ കാരണങ്ങൾ തന്നെ ! അസന്തുഷ്ടിയുടെ വീർപ്പുമുട്ടലുകളുമായി അത്തരം ജീവിതങ്ങൾ എന്തിനോ വേണ്ടി എരിഞ്ഞടങ്ങും.

സമ്പൂർണ്ണ സമർപ്പണത്തിന്റെ ഫലമായി ഉള്ളിൽ സന്തോഷം അനുഭവിക്കുന്നവരെ, സൗഖ്യം പ്രദാനം ചെയ്യുന്നവരെയാണ് നമുക്കിന്നാവശ്യം. അവർ എവിടെയും മാറ്റം സൃഷ്ടിക്കുന്നു. അപ്പോൾ ഒരു ചോദ്യം അവശേഷിക്കുന്നു , എങ്ങനെയാണ് സമ്പൂർണ്ണ സമർപ്പണത്തിന് വേണ്ടി ഒരുങ്ങാൻ പറ്റുക? വഴി ഈശോ പറഞ്ഞു തരുന്നു , മലമുകളിൽ രാത്രി മുഴുവൻ രക്തം വിയർത്ത് പ്രാർത്ഥിച്ച് അവൻ നടത്തിയത് സമ്പൂർണ്ണ സമർപ്പണമായിരുന്നല്ലോ… അതിന്റെ ഫലം നമ്മുടെ സൗഖ്യവും. നടക്കാം , നമുക്കും അപ്പന്റെ സന്നിധിയിലേക്ക് , അതു വഴി ലോകത്തെ ഈശോ തന്ന സൗഖ്യത്തെക്കുറിച്ച് ഓർമ്മിപ്പിക്കുകയും ചെയ്യാം.

ജിൻസൺ ജോസഫ് മാണി CMF
Jinsonjoseph.com

നിങ്ങൾ വിട്ടുപോയത്