സാദരം സമർപ്പിക്കുന്നു മൃഗസ്നേഹികളുടെ തിരിച്ചറിവിലേക്ക്. ..
ഇവർ രക്തസാക്ഷികൾ…
ഇതൊരു നിലവിളിയുടെ ചിത്രമാണ്, നിലയ്ക്കാത്ത നിലവിളിയുടെ..! ഒരു തെറ്റും ചെയ്യാതിരുന്നിട്ടും സ്വന്തം വീട്ടുമുറ്റത്തും കൃഷിയിടങ്ങളിലും സഞ്ചാരപാതകളിലും കാട്ടുമൃഗങ്ങളാൽ നിഷ്കരുണം കൊല ചെയ്യപ്പെട്ട നിഷ്കളങ്കരായ മനുഷ്യർ! അധികാരികളുടെ കണ്ണിൽ കാട്ടുമൃഗത്തിന്റെ പരിഗണനപോലും കിട്ടാതെ രക്തസാക്ഷിയായവർ. ഇവരെ ഓർമിക്കാൻ രക്തസാക്ഷി മണ്ഡപങ്ങൾ ഇല്ലായിരിക്കാം.
പക്ഷേ, ആയിരക്കണക്കിനു മനുഷ്യരുടെ മനസിൽ ഒരിക്കലും കൊഴിയാത്ത കണ്ണീർപൂക്കളായി ഈ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. വന്യജീവി ആക്രമണത്തിൽ രക്തസാക്ഷികളായ ചിലരുടെ ചിത്രങ്ങൾ ദീപിക ഇവിടെ പ്രസിദ്ധീകരിക്കുകയാണ്. ഓരോ ചിത്രത്തിനും പറയാനുണ്ട് ചോരയിൽ കുതിർന്ന ഏകപക്ഷീയമായ ഒരു ആക്രമണത്തിന്റെ കഥ. അത്താണി നഷ്ടമായ കുടുംബങ്ങളുടെ വിലാപങ്ങൾ ഈ നാടിനെ വേട്ടയാടിത്തുടങ്ങിയിരിക്കുന്നു. ഇനി ഏതു കുടുംബത്തിന്റെയാകും നിലവിളി ഉയരുകയെന്ന ഭീതിയോടെയാണ് കേരളം ഓരോ ദിനത്തിലേക്കും ചുവടുവയ്ക്കുന്നത്. മൃഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി നിയമങ്ങളുണ്ടാക്കാനും അതു പാലിക്കാനും മത്സരിക്കുന്നവർ ഇനിയെങ്കിലും സ്വന്തം മണ്ണിൽ കൊല ചെയ്യപ്പെടുന്ന മനുഷ്യർക്കുവേണ്ടി നിയമങ്ങളുണ്ടാക്കാൻ തയാറാകുമോ? ജീവിക്കാനുള്ള അവകാശത്തിനായി പൊരുതുന്ന ജനതയ്ക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ദീപിക ഈ ചിത്രങ്ങൾ അധികാരകേന്ദ്രങ്ങളുടെ മനഃസാക്ഷിക്കു മുന്നിൽ (നിങ്ങൾക്ക് അങ്ങനെയൊന്നുണ്ടെങ്കിൽ..) സമർപ്പിക്കുന്നു.