“നേരം വൈകി അസ്തമിക്കാറായല്ലോ, ഞങ്ങളോടു കൂടെ പാര്‍ക്കുമോ ?

പഴയ മലയാള ഭാഷയുടെ സൗന്ദര്യം ചില ഘട്ടങ്ങളില്‍ “സത്യവേദപുസ്തക” ബൈബിൾ പരിഭാഷയെ അനന്യമാക്കുന്നു. ലൂക്കോസ് 24ാം അധ്യായം 27 മുതല്‍ 32 വരെയുള്ള വാക്യങ്ങള്‍ വിവിധ മലയാളം, ഇംഗ്ലീഷ് ബൈബിള്‍ പരിഭാഷകളില്‍ വായിച്ചിട്ടുണ്ടെങ്കിലും ഈ വാക്യങ്ങള്‍ ഏറെ കാവ്യാത്മകമായി മൊഴിമാറ്റം നടത്തിയിരിക്കുന്നത് സത്യവേദപുസ്തകത്തിലാണ്. അത് ഇപ്രകാരമാണ്.

“മോശെ തുടങ്ങി സകല പ്രവാചകന്മാരില്‍നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നേക്കുറിച്ചുള്ളത് അവര്‍ക്ക് വ്യാഖ്യാനിച്ചുകൊടുത്തു.

അവര്‍ പോകുന്ന ഗ്രാമത്തോട് അടുത്തപ്പോള്‍ അവന്‍ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.

അവരോ ഞങ്ങളോടുകൂടെ പാര്‍ക്കുക, നേരം വൈകി അസ്തമിക്കാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബന്ധിച്ചു; അവന്‍ അവരോടുകൂടെ പാര്‍ക്കുവാന്‍ ചെന്നു”

“അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ അവന്‍ അപ്പം എടുത്ത് അനുഗ്രഹിച്ചു നുറുക്കി അവര്‍ക്കു കൊടുത്തു. ഉടനെ അവരുടെ കണ്ണു തുറന്നു അവര്‍ അവനെ അറിഞ്ഞു. അവന്‍ അവര്‍ക്ക് അപ്രത്യക്ഷനായി”

“അവന്‍ വഴിയില്‍ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോള്‍ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളില്‍ കത്തിക്കൊണ്ടിരുന്നില്ലയോ എന്ന് അവര്‍ തമ്മില്‍ പറഞ്ഞു “

ഉത്ഥിതനായ ക്രിസ്തുവും എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരും തമ്മിലുള്ള ഈ സംഭാഷണം ലൂക്കോസിന്‍റെ സുവിശേഷത്തില്‍ മാത്രമേ കാണുന്നുള്ളൂ. ഇതില്‍ ഏറെ ശ്രദ്ധേയമായ വരികള്‍ “അവര്‍ പോകുന്ന ഗ്രാമത്തോട് അടുത്തപ്പോള്‍ അവന്‍ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു. അവരോ ഞങ്ങളോടുകൂടെ പാര്‍ക്കുക, നേരം വൈകി അസ്തമിക്കാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബന്ധിച്ചു; അവന്‍ അവരോടുകൂടെ പാര്‍ക്കുവാന്‍ ചെന്നു”.

പോക്കുവെയില്‍ ദുര്‍ബലമായി ഇരുൾപരക്കുന്ന നേരം, ഗ്രാമവഴികള്‍ വേര്‍പിരിയുന്നിടത്തു മൂന്നുപേര്‍ ചേര്‍ന്നു നിന്ന് സംസാരിക്കുന്നു. ഒറ്റയ്ക്ക് യാത്രതുടരാന്‍ ഭാവിക്കുന്ന സഹയാത്രികനോട് ഈ രാത്രി ഞങ്ങളുടെ കൂടെ പാര്‍ത്ത്, പറഞ്ഞുകൊണ്ടിരുന്ന കഥകളും സംഭവങ്ങളും മുഴുമിപ്പിക്കുവാന്‍ ആവശ്യപ്പെടുന്ന രണ്ടുപേര്‍. അവരുടെ മുഖത്തെ ആശങ്ക വര്‍ദ്ധിപ്പിച്ചത് കട്ടപിടിച്ച് വ്യാപിച്ചുകൊണ്ടിരുന്ന ഇരുളായിരുന്നു. തങ്ങളുടെ സഹയാത്രികന് ഈ ഇരുളില്‍ പ്രകാശമാകാന്‍ കഴിയുമെന്ന് ഇതിനോടകം അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു!

“അവന്‍ വഴിയില്‍ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോള്‍ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളില്‍ കത്തിക്കൊണ്ടിരുന്നില്ലയോ” എന്നതായിരുന്നു എമ്മാവൂസ് യാത്രയുടെ പശ്ചാത്തല സംഭാഷണത്തില്‍

തിരുവെഴുത്തുകൾ പ്രസംഗിച്ചവർ ഏറെ ഇഷ്ടപ്പെട്ട വിഷയം. തങ്ങള്‍ അവനെ പ്രസംഗിക്കുമ്പോള്‍ കേള്‍വിക്കാരന്‍റെ ഹൃദയം ജ്വലിച്ചു പ്രകാശിക്കണം എന്ന് ആഗ്രഹിക്കാത്ത പ്രസംഗകരുണ്ടോ?

ഉയിര്‍പ്പു ഞായറിനു തൊട്ടടുത്ത ദിവസങ്ങളെ അവിസ്മരണീയമാക്കിയ നിത്യസൗഹൃദത്തിന്‍റെ സഞ്ചാരികളെയാണ് എമ്മാവൂസിലേക്കുള്ള കാട്ടുവഴികളിൽ വച്ച് നാം കണ്ടുമുട്ടുന്നത്. പാട്ടെഴുത്തുകാര്‍ക്ക് ഏറെ പ്രചോദനമായത് “ഞങ്ങളോടു കൂടെ പാര്‍ക്ക, നേരം വൈകി അസ്തമിക്കാറായല്ലോ” എന്ന വരികളായിരുന്നു. ഛായാചിത്രങ്ങളിലും പാട്ടുകളിലും പ്രസംഗങ്ങളിലും കവിതകളിലും മാനുഷിക ഭാവനയെ ഒരുപോലെ ദീപ്തമാക്കിയവരാണ് എമ്മാവൂസിലേക്കുള്ള യാത്രക്കാര്‍.

എമ്മാവൂസ് യാത്രികർക്ക് ക്രിസ്തു വിശദമാക്കിക്കൊടുത്ത രക്ഷാകര സംഭവങ്ങളുടെ രത്നച്ചുരുക്കങ്ങളാണ് എപ്പിസ്കോപ്പൽ സഭകളുടെ വിശുദ്ധ കുർബാന തക്സാകളെല്ലാം. മോശെ മുതൽ സകല പ്രവാചന്മാരും ക്രിസ്തുവിനെ കുറിച്ചു പറഞ്ഞതിൻ്റെ സാക്ഷ്യങ്ങൾ ഓരോ വിശുദ്ധ കുർബാനയിലും പുനരാവിഷ്കരിച്ചു കൊണ്ട് എമ്മാവൂസ് യാത്ര തീർത്ഥാടക സമൂഹത്തിന് എന്നും അവിസ്മരണീയ അനുഭവമാക്കുന്നു.

ക്രൈസ്തവചരിത്രത്തിലുടനീളം എമ്മാവൂസിലേക്കുള്ള വഴിത്താരകളും സജീവമാണ്. കൂടെപ്പാര്‍ക്കാന്‍ ക്ഷണിച്ചവര്‍ക്കെല്ലാം അവന്‍ ജീവന്‍റെ അപ്പം നുറുക്കിക്കൊടുത്ത എത്രയോ സംഭവങ്ങൾ!

19-ാം നൂറ്റാണ്ടുമുതല്‍ പ്രസിദ്ധമായ മനോഹരമായ ഇംഗ്ലീഷ് ആത്മീയഗീതം ”Abide with me” എമ്മാവൂസ് കഥയെ ഉപജീവിച്ച് ഉണ്ടായതാണ്. ആംഗ്ലിക്കന്‍ പുരോഹിതനായ ഹെന്‍ട്രി ഫ്രാന്‍സിസ് ലീറ്റ് ആണ് ഈ ഗാനത്തിന്‍റെ രചയിതാവ്. അദ്ദേഹം 54-ാം വയസില്‍ ക്ഷയരോഗബാധിതനായി. പ്രതിവിധിയില്ലാത്ത രോഗം ബാധിച്ച് താന്‍ ജീവിതാന്ത്യത്തിലേക്ക് വന്നിരിക്കുന്ന എന്ന ബോധ്യത്തില്‍ അദ്ദേഹം എഴുതിയതാണത്രെ ഈ ഗാനം. എന്നാല്‍ ഇതിനുള്ള ആശയം അദ്ദേഹത്തിന് ലഭിക്കുന്നത് മരണാസന്നനായ തന്‍റെ സുഹൃത്തായ വില്യം ഹണ്ടിനെ സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹം കൂടെക്കൂടെ “കര്‍ത്താവേ, എന്നോടു കൂടെ ആയിരിക്കണമേ” എന്നു ഉരുവിട്ടുകൊണ്ടിരുന്ന പ്രാര്‍ത്ഥനയില്‍ നിന്നാണ്. ഈ പ്രാര്‍ത്ഥന ഫാദര്‍ ഹെന്‍റി ലീറ്റിന്‍റെ ഉള്ളില്‍ വര്‍ഷങ്ങളോളം കിടന്നു. വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ ഇപ്രകാരം ജീവിതത്തിന്‍റെ അവസാനദിവസങ്ങളിലേക്ക് ഒരു ക്ഷയരോഗിയായി വന്നെത്തിയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. ചികിത്സയില്ലാത്ത രോഗവും അതുളവാക്കുന്ന വേദനയും ദുഃഖവും തൻ്റെ ജീവിതത്തില്‍ ഇരുളിമ പരത്തുന്നു എന്ന യാഥാര്‍ത്ഥ്യം അദ്ദേഹം തിരിച്ചറിഞ്ഞു.

എല്ലാ സഹായകന്മാരും ആശ്വാസപ്രദന്മാരും പിന്മാറിക്കൊണ്ടിരിക്കുന്നു,

നിത്യം സഹവസിക്കുന്നവനായ കര്‍ത്താവേ, അങ്ങ് എന്‍റെ കൂടെ പാര്‍ക്കുക” അദ്ദേഹം എഴുതി. കുറഞ്ഞകാലത്തെ മനുഷ്യജീവിതം അതിന്‍റെ അന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍, ഭൂമിയിലെ സന്തോഷവും അതിന്‍റെ പ്രതാപവും മറഞ്ഞുപോകുമ്പോള്‍, കണ്‍മുന്നിലുള്ളതെല്ലാം നിഴല്‍പോലെ മാറിക്കൊണ്ടിരിക്കുമ്പോള്‍ മാറ്റവില്ലാത്തവനേ, എന്നോടുകൂടെ പാര്‍ക്കുക…

ഭൗമികജീവിതത്തിന്‍റെ നശ്വരതയും മരണാന്തരം ക്രിസ്തുവിനോടൊത്തുള്ള അനശ്വരതതയുമെല്ലാം ഒരു വിശ്വാസിയുടെ ഹൃദയത്തില്‍ ഉണ്ടാക്കുന്ന ആത്മസംഘര്‍ഷങ്ങളാണ് ഈ ഗാനത്തിന്‍റെ അനുപല്ലവികള്‍. ഒടുവിൽ ചരണത്തിൽ അദ്ദേഹം എഴുതിയത്

എന്‍റെ കണ്ണുകളടയുന്നത് നിന്‍റെ കുരിശിനെ കണ്ടുകൊണ്ടായിരിക്കട്ടെ, അതെന്നേ നിത്യതയിലേക്ക് വഴികാണിക്കട്ടെ,

ഭൂമിയിലെ നിഴലുകള്‍ മാഞ്ഞു നിത്യതയുടെ പ്രഭാതത്തിലെത്തുവോളം, ജീവിതത്തിലും മരണത്തിലും കര്‍ത്താവേ, നീ എന്നോടുകൂടെ പാര്‍ക്കുക…

”Abide with me” എന്ന ഗാനത്തിൻ്റെ പശ്ചാത്തലത്തെ ആസ്പദമാക്കി, കഴിഞ്ഞ നൂറ്റാണ്ടിൽ മലയാളി ക്രൈസ്തവരിലെ ഭക്തകവി മൂത്താമ്പാക്കൽ സാധു കൊച്ചു കുഞ്ഞ് ഉപദേശി എഴുതി:

“കണ്‍കളടയുമ്പോള

കേള്‍വി കുറയുമ്പോള

എന്‍മണവാളാ നിന

ക്രൂശിനെ കാണിക്ക…”

ജീവിതത്തില്‍ “ഇരുട്ടു പരക്കുന്നു” എന്ന തോന്നല്‍ ജനകോടികളെ ക്രിസ്തുവിലേക്ക് നയിച്ചിട്ടുണ്ട്. ജീവിതമെന്ന നിഴല്‍ മാഞ്ഞുപോകുന്നതും മരണമെന്ന യാഥാര്‍ത്ഥ്യത്തോട് അതിവേഗം അടുക്കുന്നു എന്നു തിരിച്ചറിവും ബാഹ്യനയനങ്ങള്‍ക്ക് അപ്പുറത്തേക്ക് നോക്കുവാൻ ആരെയും പ്രേരിതനാക്കും. മുന്നിലുള്ള ഇരുട്ടിന്‍റെ ആഴത്തെ ദുർബലമാക്കാൻ കരുത്തുള്ള പ്രകാശമാണ് ഇവിടെ ആവശ്യം.

കെ.പി. അപ്പന്‍ എഴുതിയ ”ബൈബിള്‍: വെളിച്ചത്തിന്‍റെ കവചം” എന്ന ഗ്രന്ഥത്തില്‍ മതം, വിശ്വാസം, സാഹിത്യം എന്നിങ്ങനെ നാനാവിഷയങ്ങളെ ക്രിസ്തുവിന്‍റെയും ബൈബിളിന്‍റെയും വെളിച്ചത്തില്‍ അദ്ദേഹം പരിശോധിക്കുന്നു. അതിലൊരു ഭാഗം ഇങ്ങുനെയായിരുന്നു

”ഭൂതാവിഷ്ടര്‍ ” എന്ന നോവലില്‍ ക്ഷോഭിക്കുകയും അടിമുടി വിറയ്ക്കുകയും ചെയ്തുകൊണ്ട് സ്റ്റവ്റോജും ഷട്ടോവും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ ക്രിസ്തുവിലുള്ള ദസ്തയോവസ്കിയുടെ ഉലയാത്ത വിശ്വാസം പ്രതിഭയുടെ ഹിതപ്രകാരമുള്ള പ്രാര്‍ത്ഥനപോലെ നാം കേള്‍ക്കുന്നു. സത്യം ക്രിസ്തുവിന് പുറത്താണെന്നു തെളിയിച്ചാല്‍ സത്യത്തോടല്ല, ക്രിസ്തുവിനോടൊപ്പം നില്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് സ്റ്റവ്റോജിന്‍ പറയുമ്പോള്‍ നാം കേള്‍ക്കുന്നത് ദസ്തയോവസ്കിയുടെ ശബ്ദമാണ്. നിരീശ്വരവാദിയായ കിര്‍ലോവിനും ക്രിസ്തുവിനെ നിരാകരിക്കാന്‍ കഴിയുന്നില്ല. ക്രിസ്തു ഇല്ലായിരുന്നുവെങ്കില്‍ ഈ ഭൂമി വലിയൊരു ചിത്തഭ്രമം ആകുമായിരുന്നു എന്ന ഈ കഥാപാത്രത്തിന്‍റെ പ്രഖ്യാപനം ദസ്തയോവസ്കിയിലെ തന്നെ സംശയാലു സ്വന്തം സംശയത്തെ കുരിശില്‍ സമര്‍പ്പിച്ചുകൊണ്ട് നടത്തിയ കുറ്റസമ്മതത്തിന്‍റെ രേഖയായിരുന്നു….

ആത്മീയപിരിമുറുക്കം അനുഭവിക്കുന്ന ഈ കാലഘട്ടത്തിന്‍റെയും ലക്ഷ്യം ദൈവത്തെ തേടുക എന്നതാണ് “. (പേജ് 86, 87)

“സത്യം ക്രിസ്തുവിന് പുറത്താണെന്നു തെളിയിച്ചാല്‍ പോലും സത്യത്തോടല്ല, ക്രിസ്തുവിനോടൊപ്പം നില്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന്” പറയുന്നവന് ക്രിസ്തുവിനോടുള്ള സ്നേഹവും വിശ്വാസവും ആദരവും എത്രമേല്‍ ഉന്നതമായിരിക്കും! അവൻ സത്യത്തിൻ്റെ സജീവ സാക്ഷ്യമായിരിക്കും; പ്രകാശം പരത്തുന്ന സാക്ഷി!.

ക്രിസ്ത്യാനികളായ പലർക്കും ക്രിസ്തു ഇന്ന് വെറുമൊരു മതസ്ഥാപകനോ ദൈവശാസ്ത്ര വിഷയമോ ആണ്. ക്രിസ്തുവിനെയും ക്രിസ്തുമൊഴികളെയും തലനാരിഴകീറി പരിശോധിക്കുന്ന ഇവരിൽ നഷ്ടമാകുന്നത് ക്രിസ്തുവിനോടുള്ള ആദരവും ആത്മീയബന്ധവുമാണ്. “ക്രിസ്തു ഭൂമിയിലില്ലായിരുന്നുവെങ്കില്‍ ഈ ഭൂമി വലിയൊരു ഭ്രാന്താലയമാകുമായിരുന്നു” എന്ന പ്രസ്താവനയെക്കാൾ നമുക്ക് വേണ്ടത് ”ജീവിതത്തിൽ കൂടെ പാർക്കുന്ന ക്രിസ്തുവാണ്.” ക്രിസ്തു സ്വന്തം ജീവിതത്തിലില്ലെങ്കിലും ക്രിസ്തുവിൻ്റെ പേരില്‍ പോര്‍വിളികളും അട്ടഹാസങ്ങളും നടത്തി മിടുക്കുതെളിയിക്കുന്നവരുടെ ലോകം ഇന്ന് ദിനംപ്രതി പ്രബലപ്പെടുന്നു. ദസ്തയോവസ്കി ദർശിച്ച ഭ്രാന്താലയത്തിലെ അന്തേവാസികളുടെ എണ്ണം പെരുകുന്ന പോലെ !

എമ്മാവൂസിലേക്കുള്ള യാത്രകള്‍ വ്യക്തിപരമായ അന്വേഷണത്തിൻ്റെയും തിരിച്ചറിവിന്‍റെയും വഴിത്താരകളിലൂടെയുള്ള നിരന്തരയാത്രകളാണ്. ചരിത്രവും ദൈവശാസ്ത്രവും പാരമ്പര്യപ്രബോധനങ്ങളും നല്‍കുന്ന അര്‍ത്ഥതലങ്ങള്‍ക്ക് അപ്പുറത്തേക്ക് കടക്കാനാകാതെ ഇരുളിന്‍റെ കോട്ടയില്‍ അകപ്പെട്ടുപോയ നിഹിതന്മാര്‍ക്ക്

ഹൃദയം ഉള്ളില്‍ കത്തുന്ന അനുഭവത്തോടെ തന്നേ അറിയാന്‍ പരന്നൊഴുകുന്ന സത്യവെളിച്ചത്തിന്‍റെ തീവ്രതയില്‍ ക്രിസ്തു തന്നേ വെളിപ്പെടുത്തുന്നത് ഈ യാത്രകളിലാണ്. ക്ലയോപ്പാവിന്‍റെ കൂടെ സഞ്ചരിച്ചവരിൽ ഒരുവനായി നാം മാറുന്ന അനുഭവം ഉണ്ടാകുന്ന യാത്ര! ഹൃദയം കത്തിജ്വലിക്കുന്ന അനുഭവത്തോടെ ക്രിസ്തുവിനെ അറിഞ്ഞെങ്കില്‍ മാത്രമേ ചുറ്റിലും പരക്കുന്ന ഇരുളിനെ തൃണവല്‍ഗണിക്കാന്‍ കഴിയുകയുള്ളൂ എന്ന തിരിച്ചറിവു നൽകുന്ന യാത്ര! അവൻ നുറുക്കി നൽകുന്ന അപ്പത്തിനും വീഞ്ഞിനും മാത്രമേ വിശപ്പും ദാഹവും അകറ്റാൻ കഴിയുകയുള്ളൂ എന്ന സത്യം തിരിച്ചറിയുന്ന യാത്ര! രാവേറെ വൈകി ഇരുൾ കട്ടപിടിക്കുമ്പോഴും “പ്രകാശം ഇരുളിനെ കീഴടക്കുന്നു” എന്ന് അനുഭവിച്ചറിയാന്‍ കഴിയുന്ന യാത്ര!

എമ്മാവൂസിലേക്കുള്ള വഴിത്താരയിൽ ആൾക്കൂട്ടങ്ങളുണ്ടാകാറില്ല, ഒറ്റപ്പെട്ട യാത്രക്കാർ മാത്രം!

മാത്യൂ ചെമ്പുകണ്ടത്തിൽ

All reactions:

നിങ്ങൾ വിട്ടുപോയത്