ദൈവത്തിന്റെ വചനത്തിന്റെ ശക്തിയാണ് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുന്നത്. അസ്ഥി താഴ്‌വരയിലേക്ക് എസെക്കിയേൽ പ്രവാചകനെ കാണിച്ചു കൊണ്ട് ഈ അസ്ഥികൾ ജീവിക്കുമോ എന്ന് പ്രവാചകനോട് കർത്താവ് ചോദിക്കുന്നു. പ്രവാചകൻ പറഞ്ഞു എനിക്ക് അറിയില്ല എന്നും, അപ്പോൾ പ്രവാചകനോട് ദൈവം പറയുകയാണ് വരണ്ട് ഉണങ്ങിയ അസ്ഥികളോട് ദൈവത്തിന്റെ വചനം പ്രവചിക്കുക, അവ ജീവൻ പ്രാപിക്കും എന്ന്. ഇന്നും നമ്മളോട് കർത്താവ് പറയുന്നു, നമ്മളുടെ ജീവിതത്തിന്റെ വരണ്ട മേഖലകളെ നോക്കി വചനം പ്രവചിക്കാൻ. അപ്പോൾ ആ മേഖലകളിൽ ജീവൻ പ്രാപിക്കും എന്ന്.
ജീവിതത്തിന്റെ പല മേഖലകളിലും മനുഷ്യൻ വരണ്ട അവസ്ഥ കളിലൂടെയാണ് സഞ്ചരിക്കുന്നത് ഉദാഹരണമായി പറഞ്ഞാൽ മക്കളുടെ ഭാവിയെ പറ്റിയുള്ള ഉൽക്കണ്ഠകൾ, രോഗത്തിന്റെ അവസ്ഥകൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ തുടങ്ങിയ എല്ലാം അവസ്ഥകളെയും നോക്കി നാം ഒരോരുത്തർക്കും ദൈവത്തിന്റെ വചനം പറയുവാൻ സാധിക്കണം. ജീവിതത്തിൽ രോഗത്തിന്റെ അവസ്ഥയാണെങ്കിൽ 1 പത്രോസ് 2 : 24 ൽ പറയുന്നതു പോലെ നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു എന്ന് രോഗത്തിന്റെ അവസ്ഥയെ നോക്കി പറയണം. അവിടുന്ന് നിങ്ങളുടെ രോഗത്തിന്റെ അവസ്ഥകളെ മാറ്റും.
ദൈവത്തിന്റെ വചനത്താലാണ് ദൈവം ഭൂമിയെ സൃഷ്ടിച്ചത്, ആ വചനത്താൽ ദൈവത്തിന് നമ്മുടെ വരണ്ട അവസ്ഥകളെ മാറ്റാതിരിക്കുവാൻ പറ്റുമോ? ദൈവമക്കളായ നാം ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാകുന്ന വരണ്ട അവസ്ഥകളെ ദൈവം അനുവദിക്കുന്നത് നമ്മളെ തകർക്കാനല്ല, ദൈവത്തിന്റെ വചനത്താൽ പുതുജീവൻ പ്രാപിക്കാനാണ്. ദൈവ വചനം ഏറ്റുപറയുന്നതോടൊപ്പം ദൈവത്തിലും, ദൈവത്തിന്റെ വചനത്തിലും പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കണം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.