കർത്താവിന്റെ സ്വരം ശക്തി നിറഞ്ഞതാണ്. കർത്താവിന്റെ സ്വരത്തിനു മുൻപിൽ രോഗങ്ങൾ സുഖപ്പെടുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, സാത്താനിക കോട്ടകൾ തകരുന്നു, അന്ധകാരം വെളിച്ചമായി മാറുന്നു എന്നിങ്ങനെ കർത്താവിന്റെ സ്വരത്തിന്റെ ശക്തി വചനത്തിൽ ഉടനീളം കാണുവാൻ കഴിയും. ഇന്നും കർത്താവിന്റെ സ്വരത്തിന്റെ ശക്തി പരിശുദ്ധാൽമാവിനാൽ നമ്മിൽ പ്രവർത്തിക്കുന്നു. വെറുതെ ഇരുന്നു കർത്താവ് സംസാരിക്കുന്നില്ല എന്ന് പരാതി പറയുന്നതിൽ കാര്യമില്ല. കർത്താവ് സംസാരിക്കുന്നതിന് മുൻപ്, കർത്താവുമായി ഒരു ബന്ധം സ്ഥാപിച്ചെടുക്കണം.
ഈശോ പറയുന്നു ഇനിയും വളരെ കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. എന്നാൽ, അവ ഉൾക്കൊള്ളാൻ ഇപ്പേൾ നിങ്ങൾക്കു കഴിവില്ല. സത്യാത്മാവു വരുമ്പോൾ നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും.” (യോഹന്നാൻ 16 : 12-13) സത്യാൽമാവ് നമ്മുടെ വക്കീൽ ആണ്. നമുക്ക് വേണ്ടി വാദിക്കുകയും പിതാവുമായി സംവാദം നടത്തുകയും പിതാവിൽ നിന്ന് കേട്ട് നമുക്ക് ബോധ്യപ്പെടുത്തി തരികയും ചെയ്യും. അവൻ സ്വമേധയാ അല്ല സംസാരിക്കുന്നത്. അവൻ കേൾക്കുന്നത് മാത്രം നമ്മോട് പറയും. കർത്താവിന്റെ സ്വരത്തിന്റെ ശക്തി, വരണ്ട അനുഭവമുള്ള ജീവിതത്തെ, സമ്യദ്ധിയുടെ അനുഭവം ആക്കി മാറ്റും.
കർത്താവിന്റെ ശബ്ദം പ്രതാപമുറ്റതാണ്, കർത്താവിന്റെ ഓരോ വാക്കിന്റെയും ശക്തി ഇന്നും പ്രതിധ്വനിക്കുന്നു. ഉൽപത്തി 1:14 ആകാശ വിതാനങ്ങളെ വേർതിരിക്കാൻ ദീപങ്ങൾ അഥവാ നക്ഷത്രങ്ങൾ ഉണ്ടാകട്ടെ എന്നു പറഞ്ഞു. ഇന്നും ശാസ്ത്രജ്ഞൻമാർ പുതിയ തരം നക്ഷത്രങ്ങളെ ആകാശ വ്യതിയാനങ്ങളിൽ കണ്ടുപിടിക്കുന്നു. സൃഷ്ടി കർമ്മത്തിൽ ഉണ്ടാകട്ടെ എന്ന ദൈവത്തിന്റെ വാക്കിന്റെ ശക്തിയുടെ തുടർച്ചയാണ് ഇപ്പോഴും പുതിയ നക്ഷത്രങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതായത് ഇപ്പോഴും ദൈവത്തിന്റെ വാക്കിന്റെ പ്രതാപം ഭൂമി മുഴുവൻ നിറഞ്ഞു നിൽക്കുന്നു. ദൈവത്തിന്റെ വാക്കിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ പരിവർത്തിക്കുന്നതിക്കുന്നതിനായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ