മരണ സംസ്കാരത്തിന് മുന്നിലെ മനസ്സാക്ഷിയുടെ സ്വരം
വിശുദ്ധ ഗ്രന്ഥത്തിലെ പുറപ്പാടിന്റെ പുസ്തകം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുകയെന്നത് ആത്മീയവും ധാർമികവുമായ ഒരു മൽപ്പിടുത്തം തന്നെയാണ്. ആന്തരികമായ സംഘർഷത്തിലേക്ക് വാതിൽ തുറക്കുന്ന ഒരു ഗ്രന്ഥമാണത്. നമ്മെ അടിച്ചമർത്തുന്ന ഫറവോകളെ നമ്മൾ അവിടെ കണ്ടുമുട്ടും, സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ നമ്മൾ ആഗ്രഹിക്കും, അടിച്ചമർത്തപ്പെടുന്ന പാവങ്ങളുടെ നിലവിളികൾ നമ്മൾ കേൾക്കും, അവരിൽ ചിലരെയെങ്കിലും മോചിപ്പിക്കാൻ നമ്മൾ കൊതിക്കും. അതുപോലെതന്നെ ചിലരെ നമുക്ക് അനുകരിക്കാൻ തോന്നും. അങ്ങനെയുള്ള രണ്ടു സ്ത്രീരത്നങ്ങൾ ഈ ഗ്രന്ഥത്തിന്റെ ആദ്യ താളിലുണ്ട്; രണ്ടു സൂതികർമിണികൾ. മരണ സംസ്കാരത്തിന്റെ മുൻപിൽ ജീവനുവേണ്ടി നിലപാടെടുത്ത രണ്ടു വിശുദ്ധ ജന്മങ്ങൾ.
ഉല്പത്തി പുസ്തകത്തിൽ നിന്നും നേരിട്ടുള്ള ഒരു തുടർച്ചയാണ് പുറപ്പാട് പുസ്തകം. യഹൂദരുടെ വളർച്ചയെ ഓർത്ത് ആകുലപ്പെടുന്ന ഫറവോയുടെ ചിത്രത്തോട് കൂടിയാണ് അത് തുടങ്ങുന്നത്. ഇന്നലെകളിൽ ഉണ്ടായിരുന്ന സാഹോദര്യത്തിന്റെ ഓർമ്മകൾ നഷ്ടമായ ഒരു ഫറവോയുടെ ചിത്രം. ഇന്നിതാ, അവൻ തൻ്റെ വർഗ്ഗത്തിലും വർണ്ണത്തിലുമല്ലാത്തവരെ ശത്രുവായി കരുതുന്നു. ബഹുസ്വരതയുടെ സൗന്ദര്യം അനുഭവിച്ചിരുന്ന ഒരു ജനതയെ പരസ്പര ശത്രുക്കളാക്കി അവൻ മാറ്റുന്നു. ഭയത്തിന്റെ പാനപാത്രത്തിൽ നിന്നും കുടിച്ചവൻ വെറുപ്പിന്റെ കൽപ്പനകൾ പുറപ്പെടുവിക്കുന്നു. നവജാതശിശുക്കളെ പോലും ഭയക്കുന്നു അവൻ.
അധികാരികൾക്ക് അവരുടെ നിലനില്പിനെ കുറിച്ചോർത്തുള്ള ഭയമുണ്ടാകുമ്പോഴാണ് രാജ്യത്തിൽ സഹജവിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രങ്ങൾ ഉടലെടുക്കുക. അതിന്റെ ഏറ്റവും ക്രൂരമായ ചിത്രമാണ് പുറപ്പാട് 1:15-16; “ഈജിപ്തുരാജാവ്, ഷിഫ്റാ, പൂവാ എന്നു പേരായ രണ്ടു ഹെബ്രായ സൂതികര്‍മിണികളോടു പറഞ്ഞു: നിങ്ങള്‍ ഹെബ്രായ സ്ത്രീകള്‍ക്കു പ്രസവശുശ്രൂഷ നല്കുമ്പോള് ശ്രദ്ധിക്കുവിന്‍: പിറക്കുന്നത് ആണ്‍കുട്ടിയെങ്കില്‍ അവനെ വധിക്കണം. പെണ്‍കുട്ടിയെങ്കില്‍ ജീവിച്ചുകൊള്ളട്ടെ”.
പുരാതന ഈജിപ്തിലും ഇസ്രായേലിലും ഏറ്റവും ബഹുമാനിക്കപ്പെട്ടിരുന്ന ഒരു തൊഴിലാണ് സൂതികർമിണികളുടെ തൊഴിൽ. സ്ത്രീകൾക്കു മാത്രമായി നൽകിയിരിക്കുന്ന ഏക തൊഴിൽ. വിശുദ്ധമാണ് ഈ തൊഴിൽ. അതുകൊണ്ടുതന്നെ ഈ തൊഴിലിൽ ഏർപ്പെടുന്നവർക്കും ഒരു വിശുദ്ധിയുടെ പരിവേഷം സമൂഹം കൽപ്പിച്ചിരുന്നു. ഓരോ ഗ്രാമങ്ങളുടെയും പൊതുസ്വത്തായിട്ടാണ് സമൂഹം അവരെ കരുതിയിരുന്നത്. അമ്മമാരുടെ പ്രസവവേദനകളിൽ പങ്കുചേരുന്നവരാണവർ. അങ്ങനെ അവരുടെ കരങ്ങളിലൂടെ സമൂഹം പുതുതലമുറയെ സ്വീകരിക്കുന്നു. നോക്കുക, ആ വിശുദ്ധ കരങ്ങളിലാണ് മരണത്തിന്റെ എണ്ണ പുരട്ടാൻ ഫറവോ ശ്രമിക്കുന്നത്.
ബൈബിൾ സംസ്കാരത്തിൽ പ്രസവത്തിന് പ്രഥമസ്ഥാനമുണ്ട്. ഉല്പത്തി പുസ്തകത്തിലെ സ്ത്രീകഥാപാത്രങ്ങളിൽ ഏറ്റവും സുന്ദരിയാണ് റാഹേൽ. ഒരു കുഞ്ഞിനു വേണ്ടി അതിയായി ആഗ്രഹിച്ചവളാണവൾ. എന്നിട്ടും അവളുടെ രണ്ടാമത്തെ കുഞ്ഞായ ബെന്യാമിനെ പ്രസവിക്കുമ്പോഴാണ് അവൾ മരിക്കുന്നത്. ആ നിമിഷത്തിലാണ് ഒരു സൂതികർമിണിയുടെ വാക്കുകൾ വിശുദ്ധഗ്രന്ഥം ആദ്യമായി രേഖപ്പെടുത്തുന്നത്; “പ്രസവക്ലേശം കഠിനമായപ്പോള്‍ സൂതികര്‍മിണി അവളോടു പറഞ്ഞു: പേടിക്കേണ്ടാ, നിനക്ക് ഇപ്രാവശ്യവും ഒരു പുത്രനെ ലഭിക്കും” (ഉത്പ 35 :17). ഏറ്റവും സുന്ദരവും പ്രതീക്ഷ പകരുന്നതുമായ വാക്കുകൾ. നൊമ്പരങ്ങൾ അനുഭവിച്ചിട്ടുള്ളവർ മാത്രം പകരുന്ന മന്ത്രണമാണിത്.
താമാറിന്റെ പ്രസവസമയത്തും നമ്മൾ ഒരു സൂതികർമിണിയെ കാണുന്നുണ്ട്. ഇപ്പോഴിതാ, ഈജിപ്തിലെ വിപ്രവാസത്തിൽ രണ്ടു സൂതികർമിണികൾ. ഈജിപ്ത്കാരാണവർ. എന്നിട്ടും അവരുടെ പേരുകൾ വിശുദ്ധ ഗ്രന്ഥത്തിൽ ചേർക്കപ്പെട്ടിരിക്കുന്നു; ഷിഫ്റാ, പൂവാ. ഷിഫ്റാ എന്ന പദത്തിനർത്ഥം സുന്ദരിയെന്നും പൂവാ എന്നതിന് തേജസ്, വെളിച്ചം എന്നൊക്കെയാണ്. ഭയവും വിദ്വേഷവും കൂടി മരണം വിതച്ചപ്പോൾ മനസ്സാക്ഷിയുടെ സ്വരം ശ്രവിച്ചവരാണവർ; “എന്നാല്‍ ആ സൂതികര്‍മിണികള്‍ ദൈവഭയമുള്ളവരായിരുന്നതിനാല്‍ രാജാവു പറഞ്ഞതുപോലെ ചെയ്തില്ല” (പുറ1 :17). സഹജരോടുള്ള വിദ്വേഷവും വെറുപ്പും ചുറ്റിനും അലയടിക്കുമ്പോൾ ആദ്യം ശ്രവിക്കേണ്ടത് നമ്മുടെ മനസ്സാക്ഷിയെ തന്നെയാണ്. ദൈവഭയത്തിന്റെയും ബഹുമാനത്തിന്റെയും സിംഹാസനമാണത്.
ഭൂമിയിലെ ആദ്യ കലയാണ് സൂതികർമിണികളുടെ തൊഴിൽ. ജീവൻ നൽകാൻ സഹായിക്കുകയെന്നത് ദൈവീകമായ ഒരു കലയാണ്. ഈ കലയെ അപ്രത്യക്ഷമാക്കുന്ന തിന്മയുടെ ഇടപെടലുകളാണ് ഭ്രൂണഹത്യകളെ അനുകൂലിക്കുന്ന എല്ലാം നിലപാടുകളും പ്രത്യയശാസ്ത്രങ്ങളും നിയമവ്യവസ്ഥകളും. ഒരു കാര്യം നമ്മൾ ഓർക്കണം, ജീവന് പ്രഥമ സ്ഥാനം നൽകാത്ത നാഗരികതകൾ എല്ലാംതന്നെ ക്ഷയിച്ചു പോയിട്ടേയുള്ളൂ. മരണത്തെ നിയമമാക്കുന്ന ഏത് അധികാരിയോടും രാജിയാകാതിരിക്കുക എന്നത് തന്നെയാണ് മനസ്സാക്ഷിയുടെ ശുദ്ധത. ദൈവഭയത്തിന് മുൻപിൽ ഫറവോമാരുടെ നിയമം എപ്പോഴും രണ്ടാമതാണെന്ന് ഓർക്കണം.
കുഞ്ഞുങ്ങൾ ആരും സ്വയം കൊല്ലുന്നില്ല. അവർ അമ്മയുടെ ഉദരത്തിലായാലും നവജാതരായാലും കൊല്ലപ്പെടുകയാണ് ചെയ്യുന്നത്. കൊല്ലുകയാണ് അവരെ ആരൊക്കെയോ. പ്രലോഭനങ്ങൾ രാജകീയമായ തലത്തിൽ നിന്നുപോലും ഉണ്ടായിട്ടും ഈജിപ്തുകാരുടെയും യഹൂദരുടെയും ഒരു കുഞ്ഞു പോലും കൊല്ലപ്പെട്ടില്ലെന്ന് ഷിഫ്റായും പൂവായും നമ്മോട് പറയുന്നുണ്ട്. മനുഷ്യനായി ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ, എങ്കിൽ പ്രതികരണശേഷി ഇല്ലാത്തവരുടെ മേൽ പതിക്കുന്ന മരണത്തിന്റെ നിഴലുകളെ മായ്ച്ചുകളയാനുള്ള ആർജ്ജവം ഇത്തിരിയെങ്കിലും കാണിക്കണം.
മരണ സംസ്കാരത്തിന്റെ പ്രത്യയശാസ്ത്രങ്ങളുമായി ഫറവോമാർ വരുമ്പോൾ സ്വന്തം ഹൃദയസ്പന്ദനങ്ങളെ തൊട്ടറിഞ്ഞകൊണ്ട് ആ സൂതികർമിണികളെപ്പോലെ ജീവന്റെ നിലപാടിൽ ഉറച്ചുനിൽക്കണം. അതാണ് ക്രൈസ്തവ ധർമ്മം, അതുമാത്രമാണ് യഥാർത്ഥ ക്രൈസ്തവികതയും.
/// റെവ ഡോ മാർട്ടിൻ N ആന്റണി ///