കൊടും കുറ്റവാളി മുതല് പോക്കറ്റടിക്കാർ വരെയുള്ള ഡൽഹിയിലെ തീഹാർ ജയിലിലെ അന്നത്തെ എസ് ഐ ഇന്ന് ചേർത്തല പള്ളിയിലെ ഇടവക വികാരി.
ജീവിതമെന്ന യാത്രയിൽ നാം എവിടെ എത്തിച്ചേരണമെന്ന് തീരുമാനിക്കുന്നത് നാം തന്നെയോ? വിധിയോ? അതോ ഈശ്വരനോ? ഇതിനുത്തരം ഫാ: ബിനോയിയുടെ ജീവിതമാണ്. കുട്ടനാട്ടിലെ മങ്കൊമ്പ് തെക്കേക്കര ആലപ്പാട്ടു വീട്ടിൽ റിട്ട. എസ് ഐ ജോസഫിന്റെയും മറിയാമ്മയുടേയും മൂത്തമകൻ ബിനോയ്.
പഠനത്തിൽ മിടുക്കനായിരുന്ന ബിനോയ് കേരളത്തിൽ നിന്നുള്ള കബഡികളി ടീമിലും അംഗമായിരുന്നു. കബഡികളി മത്സരങ്ങൾക്കുള്ള യാത്രയിൽ ടീമിനൊപ്പം ബിനോയ്ക്ക് പലപ്പോഴും ഡൽഹിയിൽ തങ്ങേണ്ടി വന്നിട്ടുണ്ട്. അവിടെവച്ച് ഒരിക്കൽ വോട്ടർപട്ടികയിൽ പേരുചേർക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അങ്ങനെ ഡൽഹിയിലെ വോട്ടർപ്പട്ടികയിൽ ഇടംനേടിയ ബിനോയ് പല സർക്കാർ ജോലികൾക്കും അപേക്ഷിക്കുകയും, തുടർന്ന് ഡൽഹി പോലീസിൽ എത്തുകയും, അന്നത്തെ ഐ ജി ആയിരുന്ന കിരൺ ബേദിയുടെ കീഴിൽ കോൺസ്റ്റബിളായി 1993 ൽ തന്റെ പോലീസ് സേവനം ആരംഭിക്കുകയും ചെയ്തു. 1995 ൽ തീഹാർ ജയിലിൽ നിയമിതനായ ബിനോയ്ക്ക് മൂന്നു വർഷങ്ങൾക്കു ശേഷം ഡൽഹി പോലീസിൽ എസ് ഐ ആയി സ്ഥാനക്കയറ്റം ലഭിച്ചു.
നല്ല ശമ്പളവും, മികച്ചജീവിത സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും ഇതല്ല തന്റെ ജീവിത ലക്ഷ്യമെന്ന ചിന്ത ആ പോലീസുകാരനെ വേട്ടയാടി. ജോലിയിൽ നിന്നും അവധിയെടുത്ത് നാട്ടിലെത്തിയ അദ്ദേഹം പുളിങ്കുന്ന് സെന്റ് മേരീസ് ഐ റ്റി ഐ യിൽ അദ്ധ്യാപകനായി സേവനമനുഷ്ടിച്ചു.
ഇതിനിടയിൽ ദൈവം നിയോഗം പോലെ ചാക്കോച്ചൻ സാറിന്റെയും സിസ്റ്റർ റാണിറ്റ, സിസ്റ്റർ ജെസ്സി എന്നിവരുടേയും ഇടപെടലാണ് തന്നെ മുപ്പതാം വയസ്സിൽ സെമിനാരിയിൽ ചേരുവാൻ പ്രേരിപ്പിച്ചത് എന്ന് അദ്ദേഹം ഓർക്കുന്നു.എപ്പോഴും, ഏതു സാഹചര്യത്തിലും സൗമ്യനായല്ലാതെ ഈ വൈദികനെ കാണുവാൻ നമുക്കാവില്ല. കുട്ടികളോടുള്ള വാത്സല്യവും, ആദ്യമായി കാണുന്നവരോടുമുള്ള ഈ വൈദികന്റെ പെരുമാറ്റ ശൈലിയും ഫാ.ബിനോയിയെ മറ്റു വൈദികരിൽ നിന്നും വേറിട്ടു നിർത്തുന്നു.
മുംബൈയിൽ കല്യാൺ രൂപതയുടെ കീഴിൽ ഖൊപ്പോളി ഇടവകയിലും കലീനയിലും ഇടവക വികാരിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഒരു കുട്ടനാട്ടുകാരനായ തന്നെ ഡൽഹി പോലീസിൽ എത്തിച്ചതും, ഒരു അദ്ധാപകനാക്കിയതും പിന്നീടെ വൈദിക വേലയിലേയ്ക്ക് എത്തിച്ചതും ദൈവത്തിന്റെ അദൃശ്യ കരങ്ങൾ ഒന്നുകൊണ്ടു മാത്രമാണെന്നും അച്ചൻ വിശ്വസിക്കുന്നു.
ക്ലാരിഷൻസ് സന്യാസ സഭയിൽ അംഗമായ ആ പഴയ ഡൽഹി പോലീസിലെ എസ് ഐ, ഇന്ന് ഫാ.ബിനോയ് ആലപ്പാട്ടായി ചേർത്തല കിഴക്കുംമുറി സെന്റെ തോമസ് ദേവാലയത്തിൽ, ഇടവകയിലെ സൺഡേ സ്കൂൾ കുട്ടികളോട് കഥ പറഞ്ഞും, യുവതി യുവാക്കൾക്ക് ജീവിത മൂല്യങ്ങളുടെ ആഴങ്ങൾ മനസിലാക്കിയും, മാതാപിതാക്കൾക്ക് പ്രാർത്ഥനാ അനുഭവങ്ങൾ പങ്കുവച്ചും ഇടവകയുടെ വികാരിയച്ചനായ് ദൈവീക ശുശ്രൂഷയിൽ വ്യാപൃതനായി കഴിയുന്നു.
കടപ്പാട് Dmedia