ദൈവത്തിൽ ആശ്രയിക്കുന്നവരുടെ പാദങ്ങളെ ഒരു അനർത്ഥവും കൂടാതെ നയിക്കുന്നത് കർത്താവാണ്. പലപ്പോഴും നാം ജീവിതത്തിൽ വീണു പോകുന്ന സാഹചര്യം ഉണ്ടാകും, ജീവിതത്തിൽ നേരിടേണ്ടിവരുന്ന ദുഃഖങ്ങൾ ഒരു മനുഷ്യനെ നിരാശയിലേക്ക് നയിക്കുകയും അങ്ങനെയുള്ള സമയങ്ങളിൽ നാം സഹായത്തിനായി മറ്റുള്ളവരിലേയ്ക്ക് നോക്കുകയും ചെയ്യുന്നു, എന്നാൽ നമ്മെ സഹായിക്കുവാൻ ആരും കാണുകയില്ല. എന്നാൽ നമ്മുടെ വിളി കേൾക്കുന്നവനും ഉത്തരം നൽകുന്നവനും കരം പിടിച്ച് വഴി നടത്തുന്നവനായ ഒരു ദൈവം നമുക്കുണ്ട്.
ആധുനിക കാലഘട്ടത്തിലും ദൈവം നമ്മെ വഴി നടത്തുന്നത് നാം അറിയാറുണ്ടോ? മനുഷ്യൻ പലപ്പോഴും ലോകത്തെ നോക്കി സഞ്ചരിക്കുമ്പോൾ ദൈവം ക്ഷമയോടെ വഴി നടത്തുന്നത് അറിയാറില്ല. പഴയ നിയമ കാലഘട്ടത്തിൽ ഇസ്രായേൽ ജനതയെ ഈജിപ്ത്തിൽ നിന്ന് കാനാൻ ദേശത്തിലേയ്ക്ക് നയിച്ചത് ഒരു മേഘ സ്തംഭമായിരുന്നു. പുറപ്പാട് 13 : 21 ൽ പറയുന്നു, അവര്‍ക്കു രാവും പകലും യാത്ര ചെയ്യാനാവുംവിധം പകല്‍ വഴികാട്ടാന്‍ ഒരു മേഘസ്‌തംഭത്തിലും, രാത്രിയില്‍ പ്രകാശം നല്‌കാന്‍ ഒരു അഗ്‌നിസ്‌തംഭത്തിലും കര്‍ത്താവ് അവര്‍ക്കു മുന്‍പേ പോയിരുന്നു.അഗ്നിമേഘസ്‌തംഭം അവരെ നയിച്ചത് ഏറ്റവും ദൂരം കുറഞ്ഞ വഴിയിലൂടെ ആയിരുന്നില്ല. എന്നു കരുതി, അതു കാണിച്ച വഴിയേ പോകാൻ വിസമ്മതിച്ചാൽ അവർക്ക് കാനാൻ ദേശത്ത് എത്തിച്ചേരാൻ കഴിയില്ലായിരുന്നു.
ദൈവം തന്റെ ജനത്തോടൊപ്പമുണ്ട് എന്നതിന്റെ സൂചനയായിരുന്നു ആ അഗ്നിമേഘസ്‌തംഭം. കാനാൻ ദേശത്തേക്കുള്ള വഴി സ്വയം കണ്ടെത്തിക്കൊള്ളാൻ ദൈവ് ഇസ്രായേല്യരോട് പറഞ്ഞില്ല. അതുപോലെതന്നെ, വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്ന പുതിയ ലോകത്തിലേക്കുള്ള വഴി സ്വയം കണ്ടെത്തണമെന്ന് ദൈവം നമ്മോടും ആവശ്യപ്പെടുന്നില്ല. നമ്മെ വഴിനടത്താൻ ക്രിസ്‌തീയ സഭയുടെ നേതാവായി ദൈവം യേശുക്രിസ്‌തുവിനെ നിയമിച്ചിരിക്കുന്നു. അതുപോലെ ദൈവം കരം പിടിച്ചു നടത്തുമ്പോൾ ദൈവത്തെ കീഴ്പ്പെട്ടിരിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.