ഇന്നു ലോക രക്തദാന ദിനമാണ്. രക്തദാനത്തിൻ്റെ അനിവാര്യതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാനാണ് ഈ ദിനാചരണം. അതോടൊപ്പം രക്തദാനം തൻ്റെ സാമൂഹിക ഉത്തരവാദിത്വമാണെന്ന് കണ്ടുകൊണ്ട് നിസ്വാർഥമായി പ്രവർത്തിക്കുന്നവരെ ആദരിക്കുക എന്നതും ഈ ദിവസത്തിൻ്റെ ലക്ഷ്യമാണ്.
പ്രതിവർഷം 4 ലക്ഷം യൂണിറ്റ് രക്തമാണ് സംസ്ഥാനത്ത് ആവശ്യമായി വരുന്നത്. ഇതിൽ 70 ശതമാനം മാത്രമാണ് സന്നദ്ധ രക്തദാതാക്കളിൽ നിന്നു ലഭ്യമാകുന്നത്. നിരവധി യുവജനസംഘടനകളും സന്നദ്ധ സംഘങ്ങളും പല വ്യക്തികളും സജീവമായി ഇടപെടുന്നുണ്ടെങ്കിലും ഈ രംഗത്ത് ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ട്.
സന്നദ്ധ രക്തദാതാക്കളെ പ്രോൽസാഹിപ്പിക്കുന്നതിനും രക്തബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനും സർക്കാർ നിരന്തരം ഇടപെടുന്നുണ്ട്. ഇതിൻ്റെ ഭാഗമായാണ് പോലീസിൻ്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പൊൽ-ആപ്പ് വഴി രക്തദാനസന്നദ്ധരുടെ വിവരം ലഭ്യമാക്കുന്ന സംവിധാനം ആരംഭിച്ചത്. ഇതുവരെ 25000 പേർ പൊൽ-ആപ്പിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ഇന്ത്യയിൽ തന്നെ ഇത്തരമൊരു ഉദ്യമം ആദ്യമായാണ് നടപ്പാക്കുന്നത്.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ രക്തത്തിൻ്റെ ലഭ്യതയിൽ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. കോവിഡ് വ്യാപനം കുറയുന്നതോടെ നിലവിൽ മാറ്റി വച്ചിരിക്കുന്ന ശസ്ത്രക്രിയകളെല്ലാം നടത്തേണ്ടി വരും. ആ പ്രതിസന്ധി മുൻകൂട്ടി കണ്ട് രക്തദാനത്തിനായി യുവജനങ്ങളും സംഘടനകളും മുന്നോട്ടു വരണമെന്ന് അഭ്യർഥിക്കുകയാണ്.
കോവിഡ് വാക്സിനേഷൻ എടുത്തവർക്ക് 14 ദിവസത്തിനു ശേഷവും രോഗബാധിതരായവർക്ക് നെഗറ്റീവ് ആയി 28 ദിവസത്തിനു ശേഷവും രക്തം ദാനം ചെയ്യാവുന്നതാണ്. രക്തദാതാക്കളിൽ സ്ത്രീകളുടെ എണ്ണം കുറവാണ്. ആരോഗ്യവതികളായ സ്ത്രീകളും രക്തദാനത്തിൽ കൂടുതൽ ഊർജ്ജസ്വലതയോടെ പങ്കാളികൾ ആകണം.
ജീവനുകൾ സംരക്ഷിക്കുന്നതിനായി രക്തം ദാനം ചെയ്യുമെന്ന് ലോക രക്തദാന ദിനത്തിൽ പ്രതിജ്ഞ ചെയ്യാം.