സ്ത്രീകളുടെ അവകാശസംരക്ഷണം, സ്ത്രീ സ്വാതന്ത്ര്യം, അവരുടെ ആരോഗ്യവും അഭിമാനവും സംരക്ഷിക്കാൻ തുടങ്ങി നിരവധി പുരോഗമന ആശയങ്ങൾ അവതരിപ്പിച്ചു 50 വർഷങ്ങൾക്കു മുൻപ് നിലവിൽ വന്ന കിരാത നിയമം മൂലം സ്ത്രീകളുടെ ഇപ്പോഴത്തെ അവസ്ഥ 1970 ൽ ഉണ്ടായിരുന്നതിനെക്കാൾ മെച്ചം ആയോ എന്ന് പരിശോധിച്ചാൽ, വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളും, സ്ത്രീകളുടെ ആത്മഹത്യകളും തെളിയിക്കുന്നത്, തീർത്തും പരിതാപകരം എന്ന് മാത്രം.
മറ്റൊരു ജീവനെ നശിപ്പിച്ചു തന്റെ ജീവനും ആരോഗ്യവും അഭിമാനവും സംരക്ഷിക്കാൻ സാധിക്കും എന്ന തിന്മ നിറഞ്ഞ ആശയം വ്യാപിച്ചതിലൂടെ, മാതൃത്വത്തിന്റെ മഹനീയ ഭാവങ്ങൾ അവമതിക്കപ്പെട്ടു. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ബലി നൽകിയത്, കോടിക്കണക്കിനു മനുഷ്യ ജീവനുകൾ ആണ്.
ദൈവത്തിന്റെ രൂപപ്പെടുത്തുന്ന കരം,( ഗർഭപാത്രം) ഉള്ളിൽ വഹിച്ചു സൃഷ്ടി കർമത്തിൽ ദൈവത്തോട് സഹകരിക്കാൻ കൂടുതൽ അനുഗ്രഹം ലഭിച്ചവർ എന്ന നിലയിൽ സ്ത്രീകളെ ആദരണീയരും മഹത്വമുള്ളവരുമായി കാണുന്നതിന് പകരം ഇന്ന് കേവലം ഉപയോഗ വസ്തുക്കൾ ആയി മാറ്റാൻ ഈ നിയമം വഹിച്ച പങ്കു മനസിലാക്കി എല്ലാ സ്ത്രീകളും മനുഷ്യസ്നേഹികളും ഈ കിരാത നിയമം പിൻവലിക്കാൻ ധർമ്മ സമരം തന്നെ ചെയ്യേണ്ടി വരും.
ജീവിക്കാൻ ഉള്ള അവകാശം നിലനിൽക്കുന്നത്,ഗർഭം ധരിക്കാനും,മാതാവിന്റെ ഉദരത്തിൽ സുരക്ഷിതം ആയി വളരാനും, പിറക്കാനും ഉള്ള സാഹചര്യം ഉള്ളിടത്തോളം മാത്രം.
വർദ്ധിച്ചു വരുന്ന കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും പ്രേരകമായ തിന്മ ഈ നിയമം നൽകുന്നു. ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന സ്ഥലത്തു,ഏറ്റവും കൂടുതൽ സംരക്ഷണം ആവശ്യമായ സമയത്തു ഒരു മനുഷ്യ ജീവൻ നശിപ്പിക്കാൻ ശ്രമിക്കുക വഴി നൽകുന്ന ഗൗരവം ആയ തിന്മയുടെ വിത്തുകൾ വിതച്ചത്, ഫലം ചൂടുക ആണ് ഇന്ന്.
ഏവർക്കും പ്രതീക്ഷ നൽകുന്ന, മാനവ സമൂഹത്തിന്റെ തുടർച്ചയും വളർച്ചയും ഉറപ്പാക്കുന്ന ഏറ്റവും അനുഗ്രഹീത നിമിഷം ആണ് ഓരോ ജീവന്റെയും രൂപീകരണം വഴി സംഭവിക്കുക എന്ന് തിരിച്ചറിയാൻ മറക്കുന്ന കുടുംബങ്ങളിൽ സമൂഹത്തിൽ,രാഷ്ട്രത്തിൽ, മനുഷ്യ ജീവനെതിരായ അതിക്രമങ്ങൾ അവസാനിക്കുക ഇല്ല.ആയതിനാൽ നമ്മുടെ ഓരോ കുടുംബവും ഈശോ നൽകിയ ഉദാത്തമായ മാതൃക, സ്നേഹിതർക്ക് മാത്രമല്ല ശത്രുക്കൾക്ക് വേണ്ടി പോലും സ്വജീവൻ കുരിശിൽ സമർപ്പിച്ചു സഹനവും അപമാനവും ഏറ്റു വാങ്ങി ലോകത്തെ മുഴുവനും രക്ഷിച്ച പോലെ, ഓരോ അമ്മയും ഗർഭധാരണവും ശിശുപരിപാലനവും വഴി ഉള്ള സഹനവും മാനസിക ശാരീരിക ബുദ്ധിമുട്ടുകളും രക്ഷകരമാക്കി മാറ്റുമ്പോൾ ആണ് ഓരോ മനുഷ്യ ജീവനും ഗുണമോ എണ്ണമോ നോക്കാതെ സ്വീകരിക്കപ്പെടുന്നതും, സംരക്ഷിക്കപ്പെടുന്നതും.
അതിനു മാനവകുലം ഓരോ അമ്മയോടും എന്നും കടപ്പെട്ടിരിക്കുന്നു. എന്നാൽ ജീവനെ നശിപ്പിക്കാൻ കൂട്ടുനിൽക്കുക വഴി, ഓരോ വ്യക്തിയും തന്റെ തന്നെ ജീവിക്കാൻ ഉള്ള അവകാശം ഒറ്റികൊടുക്കുക ആണ് എന്ന് തിരിച്ചറിഞ്ഞു ഗർഭചിദ്രം എന്ന മാരക തിന്മയെ അകറ്റി നിർത്താൻ ഇടയാകട്ടെ.
ഫാ. ജോസഫ് കൊല്ലകൊമ്പിൽ,
മുൻ ജോയിന്റ് സെക്രട്ടറി കെ സി ബി സി ഫാമിലി കമ്മീഷൻ,ഇപ്പോൾ റോമിൽ ഉപരിപഠനം,
മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .