കൊച്ചി: 27 ആഴ്ച പ്രായമുള്ള ഭ്രൂണത്തിനും ജീവിക്കാൻ മൗലികാവകാശമുണ്ടെന്ന് സുപ്രീം കോടതിവിധിയെ  സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്‌തു . ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന ഇരുപതുകാരിയുടെ ഹർജി തള്ളിയാണ് സുപ്രീം കോടതിയുടെ പരാമർശം. നീറ്റ് പരീക്ഷയ്ക്കു പരിശീലിക്കുന്ന വിദ്യാർഥിനിക്ക് സമൂഹത്തിൽ ജീവിക്കാൻ സാധിക്കുന്നില്ലെന്നും ശാരീരിക, മാനസിക അവസ്ഥകൾ പരിഗണിച്ച് ഗർഭച്ഛിദ്രം അനുവദിക്കണമെന്നുമുള്ള അപേക്ഷയാണ് കോടതി പരിഗണിച്ചത് .ഗർഭസ്ഥശിശുവിനും ജീവിക്കാൻ അവകാശമുണ്ടെന്നു പറഞ്ഞ കോടതി, വിദ്യാർഥിനിയുടെ സാഹചര്യം മനസ്സിലാക്കുന്നെങ്കിലും അതിൽ യാതൊരു നടപടിയും സ്വീകരിക്കാനാവില്ലെന്നു  കോടതിവ്യക്തമാക്കി.തീരുമാനമെടുക്കാനുള്ള അവകാശം അമ്മയ്ക്കാണെന്ന് വിദ്യാർഥിനിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല .
 ഗർ‌ഭച്ഛിദ്രം അനുവദിക്കണമെന്നു കാട്ടി പെൺകുട്ടി മേയ് മൂന്നിനു ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാൽ ഡൽഹി ഹൈക്കോടതിയുടെ വിധി ശരിവച്ച സുപ്രീം കോടതി നിയമവിരുദ്ധമായ ഉത്തരവ്’ ഇടില്ലെന്നു പ്രതികരിച്ചു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി) നിയമം അമ്മയെക്കുറിച്ചു മാത്രമാണ് പറയുന്നതെന്നും നിയമം അമ്മയ്ക്കു വേണ്ടിയാണ് നിർമിക്കപ്പെട്ടിട്ടുള്ളതെന്നുമായിരുന്നു പെൺകുട്ടിക്കു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം. വളരെ വിഷമകരമായ ഘട്ടത്തിലൂടെയാണ് ഹർജിക്കാരി കടന്നു പോകുന്നതെന്നും പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണെന്നും നീറ്റ് പരീക്ഷാ പരിശീലനത്തിനു പങ്കെടുക്കാനാവുന്നില്ലെന്നും അറിയിച്ച അഭിഭാഷകൻ, ഹർജിക്കാരിയുടെ മാനസികാരോഗ്യവും സാമൂഹിക ജീവിതവും പരിഗണിക്കണമെന്നും അഭ്യർഥിച്ചു. പക്ഷേ ജസ്റ്റിസുമാരായ എസ്.വി.എൻ.ഭട്ടിയും സന്ദീപ് മേത്തയും ഉൾ‌പ്പെട്ട ബെഞ്ച് അതു തള്ളുകയായിരുന്നു.
ഏപ്രിൽ 25 ന് ഗർ‌ഭസ്ഥശിശുവിന്റെയും പെൺകുട്ടിയുടെയും ശാരീരികാവസ്ഥ പരിശോധിക്കാനായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മെഡിക്കൽ ബോർഡിനെ നിയോഗിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നായിരുന്നു ബോർഡ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. ഗർഭസ്ഥശിശുവിന് കുഴപ്പമൊന്നുമില്ലെന്നും ഗർഭം തുടരുന്നതിൽ അമ്മയ്ക്ക് അപകടമൊന്നുമില്ലെന്നും അതിനാൽ ഗർഭച്ഛിദ്രം അനുവദിക്കില്ലെന്നും കോടതി ഉത്തരവിട്ടിരുന്നു.


ഉദരത്തിൽ വളരുന്ന ഭ്രൂണത്തിനും ജനിക്കാനും ജീവിക്കാനുമുള്ള അവകാശമാണ്  സുപ്രീം കോ ടതി വിധിയിലൂടെ സംരക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു . ഭ്രൂണഹത്യ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ ജീവൻെറ സംസ്‌കാരം വ്യാപകമാക്കുവാൻ ഇത്തരം വിധികൾ സഹായകരമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു .