വരാപ്പുഴ അതിരൂപതയിൽ മേരി ട്രീസാമ്മയെ അറിയാത്തവരില്ല. പൊതുവായ ഏതു ലിറ്റർജിക്കൽ ആഘോഷങ്ങൾക്കും അനിവാര്യയായ വ്യക്തിയായിരുന്നു ഈ CTC സന്യാസിനി. ആ കരങ്ങളിൽ ലിറ്റർജിയും അൾത്താരയും അതിൻ്റെ അലങ്കാരവും ലിറ്റർജിക്കൽ വസ്ത്രങ്ങളുമെല്ലാം ക്രമവും ശോഭയും ആദരവും സുരക്ഷിതത്വവും അനുഭവിച്ചു. സ്വർഗത്തിലെ ലിറ്റർജിക്കായി, അറുപത്തി രണ്ടാം വയസ്സിൽ മേരി ട്രീസാമ്മയ്ക്ക് കുറി വീണിരിക്കുകയാണ്.
ഈ സമയത്ത് ഏറ്റവും കൂടുതൽ നഷ്ടബോധമനുഭവിക്കുന്നത്, CTC സന്യാസസമൂഹത്തോടൊപ്പം, വിവിധ ലത്തീൻ രൂപതകളിലെ വൈദികരാണ്. രൂപതകളിൽ വൈദികരുടെ വാർഷിക ധ്യാനം നടക്കുമ്പോൾ തൻ്റെ സഹപ്രവർത്തകരുമായി അവിടെയെത്തി ഇടവകകൾക്ക് കുർബാനക്കുപ്പായങ്ങളും അൾത്താര സാമഗ്രികളും സംലഭ്യമാക്കാൻ സി. മേരി ട്രീസ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. അമ്മയുടെ ഇടപെടൽ ഏവർക്കും ഏറെ ഹൃദ്യമായി അനുഭവപ്പെടുമായിരുന്നു.
CACയുടെ ആഭിമുഖ്യത്തിൽ എറണാകുളത്തു സംഘടിപ്പിക്കപ്പെട്ട ‘അമ്മ മരം’ തുടങ്ങിയ മെഗാ സ്റ്റേജ് ഷോകളുടെ വസ്ത്രാലങ്കാരത്തിൻ്റെ ഉത്തരവാദിത്വവും ഈ സന്യാസിനിയെയാണ് ഏല്പിച്ചിരുന്നത് എന്നറിയുമ്പോഴാണ് ലിറ്റർജിക്കുമപ്പുറത്ത് വലിയൊരു സാംസ്കാരിക സമ്പന്നത കൂടി ഈ അമ്മയ്ക്കുണ്ടായിരുന്നു എന്നു നമുക്കു തിരിച്ചറിയാനാകുന്നത്.
ചന്തിരൂരിലെ പ്രശസ്തമായ ചള്ളിത്തറ കുടുംബാംഗമായ ഈ കർമ്മലീത്താ സന്യാസിനി എത്രയോ നിർധനകുടുംബങ്ങളുടെ അത്താണിയായിരുന്നു! CTC സെൻ്റ് ജോസഫ് പ്രോവിൻസിനു കീഴിലുള്ള വിമലാ സാമൂഹിക പ്രവർത്തന കേന്ദ്രത്തിൻ്റെ ചുമതലക്കാരി എന്ന നിലയിൽ എത്രയോ വർഷങ്ങൾ എത്രയോ മനുഷ്യർക്ക് എത്രയോ തൊഴിലവസങ്ങൾ സൃഷ്ടിക്കാൻ മഹതിയായ ഈ സന്യാസിനിക്കു കഴിഞ്ഞിട്ടുണ്ട്!
കാലംചെയ്ത കൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവിൻ്റെ മാനസപുത്രി കൂടിയായിരുന്നു സി. മേരി ട്രീസ. പിതാവിൻ്റെ നിര്യാണവാർത്ത പേറിയിരുന്ന പല ദിനപ്പത്രങ്ങളിലും, പിതാവിൻ്റെ വിശ്രമജീവിതകാലം മുഴുവൻ സ്നേഹധനനായ ആ പിതാവിൻ്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്ന സിസ്റ്റിൻ്റെ ഫോട്ടോയുൾപ്പെടെയുള്ള വാർത്താകോളമുണ്ടായിരുന്നത് ഞാൻ നന്നായി ഓർക്കുന്നു.
കെസിബിസി ബൈബിൾ കമ്മീഷൻ്റെയും കേരള കാത്തലിക് ബൈബിൾ സൊസൈറ്റിയുടെയും സജീവ സഹകാരിണി എന്ന നിലയ്ക്കാണ് എനിക്ക് മേരി ട്രീസാമ്മയുമായി കൂടുതൽ പരിചയം. ബൈബിൾ സൊസൈറ്റിയുടെ മാനേജിംഗ് കൗൺസിൽ അംഗമായി ഈ അമ്മ വലിയ സംഭാവനകളാണ് നല്കിയിട്ടുള്ളത്. ബൈബിൾ സൊസൈറ്റിയിലേക്ക് അനേകരെ അംഗങ്ങളായി ചേർക്കാൻ ഈ സന്യാസിനി നടത്തിയിട്ടുള്ള ശ്രമങ്ങൾ ചെറുതല്ല. ബെസ്റ്റ് പ്രൊമോട്ടർ അവാർഡും പലപ്പോഴായി സി. മേരി ട്രീസയെ തേടിയെത്തിയിട്ടുണ്ട്.
ഏറ്റവും പ്രിയപ്പെട്ട മേരി ട്രീസ സിസ്റ്ററിൻ്റെ മൃതസംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കളമശ്ശേരി റെജീന ചേളി കോൺവെൻ്റ് സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്. ഈ പുണ്യാത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നതു തന്നെ ഒരു മഹാപുണ്യമായി ഞാൻ കരുതുന്നു…

ഫാ .ജോഷി മയ്യാറ്റിൽ