ജനനമെന്ന മരണം…
ഇരുട്ടിലൂടെ ഊളിയിട്ടാവണം ഞാനെന്ന ഈ ‘ഞാൻ’ എന്റെ പ്രയാണം തുടങ്ങിയത്…
ഗർഭ പാത്രത്തിൽ എന്നെ കാത്തിരിക്കുന്ന ആ അണ്‍ഠത്തിനായി കൂടെ കിതച്ചോടിയ പരശതം പേരെ വാശിയോടെ തോൽപ്പിച്ച് ഒടുവിൽ കടുത്ത ആ മത്സരം ഞാൻ ജയിച്ചു… ജയിക്കുന്നവന്റെതാണ് ലോകം എന്ന് ഞാൻ അങ്ങിനെ പഠിച്ചു… എന്റെ ആദ്യ ‘അറിവ്’ അതാവാം…
പ്ലാട്ഫോമിൽ നിന്നും നീങ്ങി വേഗമാവാഹിച്ച തീവണ്ടിയുടെ ജെനറൽ കമ്പാർട്ടുമെന്റിൽ ജീവൻ പണയം വച്ച് ഓടിക്കയറിയവനെപ്പോലെ ഞാനൊന്ന് കിതച്ചിട്ടുണ്ടാവും.. ചുറ്റും നോക്കുമ്പോൾ അവിടെ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ… … ശ്മശാന മൂകമായ ആ പുതിയ ലോകത്ത് എന്റെ ആദ്യത്തെ ഒറ്റപ്പെടൽ….
ഇരുട്ടിൽ നിന്നും വന്ന എനിക്ക് ആ മൂകാന്തരീക്ഷവും ഒറ്റപ്പെടലും ഒന്നും ഒട്ടും ഭയമുണ്ടാക്കിയില്ലായിരിക്കാം… അല്ലെങ്കിൽ, ആ കടുത്ത ഓട്ടമത്സരത്തിന്റെ ക്ഷീണവും തളര്ച്ചയുമെല്ലാം നന്നേ ഉഷ്ണീകരിച്ച ആ കമ്പാർട്ടുമെന്റിൽ എന്നെയൊരു സുഖസുഷുപ്തിയിലേയ്ക്ക് നയിച്ചിട്ടുണ്ടാവണം…. ഘോര യുദ്ധശേഷം സമാധാനത്തോടെ ഉറങ്ങുന്ന ഭടനെപ്പോലെ ഞാനെന്റെ ആദ്യ മയക്കത്തിലേയ്ക്കു പ്രവേശിച്ചിട്ടുണ്ടാവാം..
കുരുടനും മൂകനും ആയിരുന്നിട്ടും, എന്റെ ദാദാക്കളുടെ സ്വാംശം സ്വീകരിച്ച ഞാൻ ഒരു പുതിയ രൂപം കൈവരിച്ചു തുടങ്ങി എന്ന അറിവ് കൈവരിച്ചു തുടങ്ങിയിരുന്നു കാണും…അതായിരിക്കാം ഒരുപക്ഷെ വളര്ച്ച പ്രാപിച്ചു തുടങ്ങിയ എന്റെ ആദ്യത്തെ തിരിച്ചറിവ്!! ഞാൻ ‘ഞാനാ’യി തുടങ്ങി എന്ന അറിവ്..
ഉന്മാദം നിറഞ്ഞ ഒരു സന്തോഷം അപ്പോൾ എന്നിൽ ഉണ്ടായിരുന്നിരിക്കാം…
ഒരു ചെറിയ കാച്ചിൽ കിഴങ്ങ് പോലെ എന്റെ ‘ജീവിതം’ ആ വള്ളിയിൽ തൂങ്ങാൻ തുട ങ്ങി… ആ നീന്തൽ കുളത്തിൽ അല്പം പകച്ച്, പിന്നെ കിതച്ചു, ഒടുവിൽ പതച്ചു ഞാൻ ആദ്യമായി ചലിച്ചു തുടങ്ങി.. ചുരുങ്ങിയതെങ്കിലും എന്റെ ആദ്യത്തെ ‘സ്വാതന്ത്യം’ ഞാനിഷ്ടപ്പെട്ടു തുടങ്ങി…
ചുറ്റും നോക്കി അവിടെ ഞാൻ ഒറ്റയ്ക്കെയുള്ളൂ എന്ന് മനസ്സിലാക്കി തുടങ്ങിയപ്പോൾ ഈ ലോകം മുഴുവൻ എന്റേതു മാത്രമെന്ന് എനിക്ക് തോന്നിക്കാണും.. എന്റെ ആദ്യ സ്വാർഥത..
നാളുകൾ കഴിഞ്ഞപ്പോൾ എന്റെ ആ ലോകത്തിനു പുറത്തു മറ്റേതൊക്കെയൊ എന്തൊക്കെയോ ശബ്ദങ്ങളും വെളിച്ചങ്ങളും ഒക്കെ കാണാനും കേള്ക്കാറായി… എന്റെ ലോകം ചെറുതാണെന്നും അതിനു പുറത്തു മറ്റെന്തൊക്കെയോ കൂടി ഉണ്ടെന്ന എന്റെ അറിവ് കൂടി വന്നു.. എന്റെ ആദ്യ ജിജ്ഞാസ…
കരച്ചിലും ചിരിയും ദേഷ്യവും ഒക്കെ എനിക്ക് തിരിച്ചറിയാറായി.. എന്റെ കുഞ്ഞു മനസ്സ് അതിനനുസരിച്ച് പ്രതികരിക്കാൻ തുടങ്ങിയിരുന്നു… കൈവീശി, കാലെടുത്തു പ്രതികരിക്കാൻ ഞാൻ ശ്രമിച്ചു… എന്റെ ആ ലോകത്തിനുൾ ക്കൊള്ളാവുന്നതിലുമധികം ഞാൻ വളര്ന്നിരുന്നുവെന്ന സത്യം അപ്പോഴേയ്ക്കും എനിക്കു മനസ്സിലായി തുടങ്ങി.. ആ ലോകത്ത് എന്റെ വാസം തീരാൻ ഇനി നിമിഷങ്ങളേ ഉള്ളൂ എന്ന കയ്ക്കുന്ന യാഥാർത്ഥ്യം എന്നെ വേട്ടയാടി തുടങ്ങി…
എന്റേത് മാത്രമെന്നു ഞാൻ കരുതിയ ആ ലോകവും, സ്വാർഥതയോടെ അനുഭവിച്ചു പോന്ന അതിലെ സുഖങ്ങളുമൊന്നും വിടാൻ എനിക്ക് മനസ്സ് വന്നില്ല.. എന്തോ, എനിക്ക് മുകളിൽ എന്നിലെ എന്നെ നിയന്ത്രിക്കുന്നൊരു മഹാശക്തിയുണ്ടെന്ന തോന്നൽ എനിക്കുണ്ടായിക്കാണും.. അവിടെ എന്റെ ആദ്യത്തെ ഭക്തി ഉടലെടുത്തിട്ടുണ്ടാവാം… എന്നെ രക്ഷിക്കണമെന്ന് ആ പരാശക്തിയോടു ഹൃദയവേദനയോടെ അപേക്ഷിച്ചിട്ടുണ്ടാവാം..
ഒടുവിൽ, എന്റെ ആ ലോകത്തിനു തൊട്ടു പുറത്തു പലതരം ശബ്ദങ്ങൾ അടുത്തു വരുന്നത് കേള്ക്കായി.. എന്റെ കൊച്ചു ഹൃദയം വല്ലാതെ മിടിച്ചു… ശക്തിയോടെ എന്നെ പുറത്തേയ്ക്ക് വലിയ്ക്കുന്നത് ഞാൻ അറിഞ്ഞു.. സർവ ബലവും എടുത്തു ഞാൻ പുറകോട്ടു വലിയാൻ നോക്കി…. എന്റെ ലോകവുമായി എന്നെ ബന്ധിച്ചിരുന്ന വള്ളി മുറിക്കുന്ന അസഹ്യ വേദന ഞാൻ ഒരു വിതുമ്പലോടെ കടിച്ചൊതുക്കി..
ഇരുൾ നിറഞ്ഞ എന്റെ ആ നല്ല ലോകത്ത് നിന്നും വെളിച്ചത്തിന്റെ ഈ ലോകത്തേയ്ക്ക് തീരെ മനസ്സില്ലാതെ വേദനയോടെ ഊര്ന്നിറങ്ങുന്ന ആ ‘മരണം’ സംഭവിക്കുമ്പോൾ തീര്ത്തും നിസ്സഹായനായിപ്പോയ എന്റെ കടുത്ത പ്രതിഷേധം അറിയിക്കാനെന്നോണം ഞാൻ വാവിട്ടു നിലവിളിച്ചു… കൈകൾ രണ്ടും ശക്തിയോടെ ചുരുട്ടി… കൈകാലുകൾ കൂട്ടിയടിച്ചു…എങ്കിലും ആ ലോകവും, അതിന്റെ നന്മയും എല്ലാമെല്ലാം കണ്മറഞ്ഞു പോകുന്നത് വേദനയോടെ തന്നെ ഞാനറിഞ്ഞു.. അനുഭവിച്ചു… ….
ഈ വെളിച്ചത്തിന്റെ ലോകത്ത് നിന്നും വീണ്ടും ഏതോ ഇരുട്ടിന്റെ ലോകത്തേയ്ക്കുള്ള എന്റെ അടുത്ത പ്രയാണം അവിടെ തുടങ്ങി…
ജീവപ്രസാദ്