ഏറ്റുമാനൂർ . പരിസര ശുചിത്വത്തിൻ്റെ ആവശ്യകതയും പ്രാധാന്യവും ഗണിത സമവാക്യത്തിൻ്റെ മാതൃകയിലൂടെ പ്രചരിപ്പിച്ച മാതൃകയായ ചാർട്ടേഡ് അക്കൗണ്ടായ സാബു തോമസിനെയാണ് മന്ത്രി വി.എൻ വാസവൻ വീട്ടിലെത്തി ആദരിച്ചത്.
സംസ്‌ഥാന സർക്കാറിൻ്റെ മാലിന്യ മുക്‌തം നവകേരളം പദ്ധതിയുടെ ഭാഗമായി മന്ത്രി വി.എൻ വാസവൻ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ തുടക്കമിട്ട “വൃത്തി പദ്ധതിയുടെ” ചുവടു പിടിച്ചായിരുന്നു സാബുവിൻ്റെ പരിസര ശുചീകണം.നാടിൻ്റെ നന്മയ്ക്കായി സാബു കണ്ടെത്തിയ ‘EV=(NV)2 അഥവാ എന്റെ വഴി നല്ല വഴി നമ്മുടെ വഴി’ എന്നതായിരുന്നു സാബുവിൻ്റെ സമവാക്യം.
മാധ്യമ വാർത്തകളിലൂടെ സാബുവിൻ്റെ പ്രവർത്തനം മനസ്സിലാക്കിയാണ് മന്ത്രി സാബുവിനെ തേടി എത്തിയത്. ആശയ പ്രചാരണത്തിനപ്പുറം എല്ലാ ദിവസവും കുടുംബത്തോടൊപ്പം തൻ്റെ വീടിന് സമീപത്തെ വഴിയും പറമ്പും വൃത്തിയാക്കുന്ന സാബുവിനെയും ഭാര്യ ഹർഷയേയും മക്കളായ നോറ(14), ലൊറെയ്‌ൻ (11),
ഫ്രേയ ( 8 ) എന്നിവരേയും മന്ത്രി അഭിനന്ദിച്ചു. സർക്കാറിൻ്റെ മാലിന്യ മുക്‌തം നവകേരളം പദ്ധതി സാബുവിനെപ്പോലെ സംസ്‌ഥാനത്ത് നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നതെന്നും, സാബു ഒരു മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ മൂന്നര ലക്ഷം കിലോമീറ്റർ റോഡും മൂന്നര കോടിയിലേറെ മനുഷ്യരും ഉണ്ട്. 63 ലക്ഷം കുടുംബങ്ങളും 35 ലക്ഷം സ്‌ഥാപനങ്ങളും ഉണ്ട്. അങ്ങനെ കണക്കാക്കിയാൽ ഒരാൾക്ക് ശരാശരി 10 മീറ്റർ റോഡ് എല്ലാവരും അവരുടെ വീടിനോ, സ്‌ഥാപനത്തിനൊ മുന്നിലെയും റോഡ് ഒരുദിവസം വ്യത്തിയാക്കിയാൽ കേരളം മുഴുവൻ വ്യത്തിയാകുമെന്നതാണ് സാബുവിൻ്റെ ലളിതമായ സമവാക്യം.
സാബുവിന്റെ സമവാക്യത്തിന്റെ ചുവട് പിടിച്ച് കേരളത്തിലെ വിവിധ ജില്ലകളിലുള്ളവർ ശുചിത്വ പരിപാടികൾ നടത്തുന്നുണ്ട്.