എറണാകുളം രൂപതയിലെ കുർബാന സംബന്ധിച്ച പ്രശ്നം എങ്ങനെ പരിഹരിക്കാം… എന്റെ മനസിൽ തോന്നുന്ന ഏതാനും ചിന്തകൾ പങ്കുവയ്ക്കട്ടെ..

.1. ക്രിസ്തുവിന്റെ സുവിശേഷവും ക്രൂശിതനായ ഈശോയിലൂടെ വെളിപ്പെട്ട ദൈവ സ്നേഹവും സ്നേഹംതന്നെയായ ദൈവത്തോടൊത്തുള്ള നിത്യ ജീവിതവുമാണ് ക്രിസ്തീയതയുടേയും കത്തോലിക്കാ സഭയുടേയും അംഗംങ്ങളുടെ വിശ്വാസ ജീവിതത്തിന്റേയും പരമപ്രധാന കാര്യങ്ങൾ. അവയുടെ അനുഷ്ടാനങ്ങളാണ് കൂദാശകൾ. ഏതു വിധത്തിൽ എന്നതിനേക്കാൽ കൂദാശകളുടെ അടിസ്ഥാന വിശ്വാസങ്ങളാണ് പ്രധാനം. അതുകൊണ്ട് അവയെ തകർക്കുന്ന പ്രതിക്ഷേധങ്ങളും പരിഷ്കരണങ്ങളും നിലപാടുകളും നിയമങ്ങളും മണ്ടത്തരങ്ങളായിരിക്കും. അവയോടു ചേർന്നു പോകുന്ന തരത്തിൽ മാത്രമേ എന്തും ചെയ്യാവൂ. നിലപാടുകളേയും നിയമങ്ങളേയും പ്രതികരണങ്ങളേയും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ വെളിച്ചത്തിൽ വേണം വിശകലനം ചെയ്യാൻ. ക്രിസ്തുവിന്റെ സ്നേഹത്തിന് ചേരാത്ത കാര്യങ്ങളിൽ നിന്ന് പിൻമാറുന്നതിൽ എവിടെയും പരാജയമില്ല എന്നു മനസിലാക്കണം. മറിച്ചായാൽ ആണ് പരാജയം, ആത്മീയ പരാജയം. ക്ഷമയും സഹനവും അർഹതപ്പെട്ടതാണെങ്കിലും ചിലപ്പോൾ അതിൽ നിന്നുള്ള പിൻമാറ്റവും അധികാരം പ്രയോഗിക്കാതിരിക്കലും ക്രിസ്തുവിന്റെ സ്നേഹത്തിൽ ഉൾപ്പെടുന്നവയാണ്. മറിച്ചായാൽ ക്രൈസ്തവമല്ല എന്നു തിരിച്ചറിയണം.

2. എറണാകുളം രൂപതയിൽ സിനഡ് തീരുമാനിച്ച കുർബാനക്രമം പൂർണ്ണമായും നടപ്പാക്കാൻ അവിടെയുള്ള വൈദീകരുടെ സമിതി സമ്മതിക്കാത്തതിനാൽ നിലവിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട് എന്നത് കൃത്യമായി മനസിലാക്കാവുന്ന സത്യമാണ്. അതിനാൽ ഈ ഏകീകരണ കുർബാന എന്ന ആശയം നല്ലതാണെങ്കിലും അവിടെ ബലം പ്രയോഗിച്ച് നടപ്പാക്കാൻ നോക്കുന്നത് മണ്ടത്തരമായിരിക്കും. എങ്ങനെ ഘട്ടം ഘട്ടമായി നടപ്പാക്കാം എന്നതാണ് ആലോചിക്കേണ്ടത്.
അതിന് പൊതുവിൽ സ്വീകാര്യമാകാവുന്ന ഏതെങ്കിലും ഒരു ഘട്ടംമാത്രം തുടങ്ങിവയ്ക്കുക. സ്വീകാര്യത അനുസരിച്ച് സാവധാനം കുർബാനയുടെ ഏകീകരണ നടപടികൾ പുരോഗമിക്കട്ടെ. ഒരു ദിവസവും രണ്ടു കുർബാനയുണ്ടെങ്കിൽ അതിൽ ഒരെണ്ണം ജനാഭിമുഖവും മറ്റൊരെണ്ണം ഔദ്യോഗിക കുർബാനയും ആയാൽ വളരെ നല്ലത്. എത്ര കാലം എടുത്താണെങ്കിലും സ്വീകാര്യത വർദ്ധിക്കുന്നതനുസരിച്ച് മാത്രമേ പുതിയ ക്രമം നടപ്പാക്കുന്നതിൽ മുന്നോട്ടു പോകാവൂ. സ്വീകാര്യത വർദ്ധിപ്പിക്കാനുള്ള വഴികളും ബോധവത്കരണവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. ഉത്തരവ് അനുസരിപ്പിക്കുന്ന തലത്തിൽ മാത്രം എറണാകുളത്ത് ഇത് നടപ്പിക്കരുത്.
3. എറണാകുളം രൂപതയിലെ പ്രതിസന്ധിയിൽ മുഖ്യ പങ്ക് അവിടെയുളുള്ള വൈദീക സമിതിയിലെ നേതാക്കൻമാരായ ഏതാനും ചില വൈദീകരും അവരുമായി പങ്കുചേരുന്ന കുറച്ച് അല്മായർക്കുമാണ്. അവരുടെ വാശിയും രാഷ്ട്രീയവും ധാർഷ്ട്യവുമാണ് ഇതിലെ പ്രധാന പ്രശ്നം. അവരെ നന്നാക്കാൻ ബുദ്ധിമുട്ടാണ് എന്ന് മനസിലാക്കണം. കാരണം അവര് അങ്ങനെയാണ്.

“കെട്ടിയോൻ ചത്താലും വേണ്ടീല്ല എങ്ങനെയെങ്കിലും അമ്മായിമ്മയുടെ കണ്ണീരു കണ്ടാൽ മതി” എന്ന മനോഭാവത്തിലാണ് അവർ. അവരെ പൗരോഹിത്യത്തിന്റെ എല്ലാ ചുമതലകളിൽ നിന്നും എത്രയുംവേഗം ഒഴിവാക്കി ഏതെങ്കിലും നല്ല കാലാവസ്ഥയുള്ള രൂപതകളിലേക്ക് സുഖ വിശ്രമത്തിലേക്ക് വിടുക എന്നതാണ് ഏക പരിഹാരം.
അവരാണ് ഈ ജനങ്ങളെ ഭയപ്പെടുത്തിയും തെറ്റിധരിപ്പിച്ചും എന്തൊ വലിയ സാമൂഹിക നന്മ ചെയ്യുന്നു എന്ന മട്ടിൽ ഇതിൽ നേതാക്കൻമാരായി നേതൃത്വം കൊടുക്കുന്നത്. പൊതു തീരുമാനമനുസരിച്ച് കുർബാനയിൽ പകുതി സമയം അൾത്താരയിലേക്ക് തിരിഞ്ഞാലും ഇതു ക്രിസ്തുവിന്റെ കൂദാശയായതിനാൽ അതു ശ്രേഷ്ഠമായി നടക്കട്ടെ എന്നു വിചാരിക്കാത്ത ഏതാനും മാഫിയ വൈദീകരാണവർ. ഇവരെ എത്രയും വേഗം എല്ലാത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. അല്ലാതെ എന്തു ചെയ്താലും “ശങ്കരൻ തെങ്ങിൽ തന്നെ”. ആയിരിക്കും.
4. ജനങ്ങളുമായി സിറൊ മലബാർ സഭ കൂടുതൽ അടുക്കണം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം. ജനങ്ങളുടെ ജീവിത പ്രശ്നങ്ങളെ കുടുതൽ അടുത്തറിയണം. അവ പരിഹരിക്കാൻ കൂടെ നിൽക്കണം. കാലാകാലങ്ങളായി പറയപ്പെടുന്ന പ്രശ്നങ്ങളല്ല പുതിയ പ്രശ്നങ്ങളൾ പലതും ജനം നേരിടുന്നുണ്ട്. ഓരോരുത്തരും അനുഭവിക്കുന്ന പ്രശ്നം വ്യത്യസ്തവുമാണ്. അതിന് പ്രശ്നങ്ങളെപ്പറ്റി മുൻ നിഗമനങ്ങൾ നടത്താതെ കൃത്യമായ വിവരങ്ങൾ ശേഖരിച്ച് അതിന്റ അടിസ്ഥാനത്തിൽ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച വസ്തുതാപരമായ നിഗനങ്ങളിൽ എത്തണം. ഇവിടെ ജനം എന്ന് ഉദ്ദേശിച്ചത് സിറൊ മലബാർ കത്തോലിക്കർ മാത്രം അല്ല, മനുഷ്യർ എന്ന ജനം ആണ് എന്ന് പ്രത്യേകം എടുത്തു പറയുന്നു. മതത്തിന് അതീതമാകണമല്ലൊ ദൈവത്തിന്റെ സ്നേഹം.

ജനങ്ങളടെ യഥാർത്ഥ ജീവിത പ്രശ്നങ്ങൾ നേരിടാതെ അൾത്താരയിൽ കുർബ്ബാന അർപ്പണം ഏതു രീതിയിൽ വേണം എന്നു പറഞ്ഞ് കടുത്ത നിലപാടുകൾ എടുത്തിട്ടൊന്നും ഒരു കാര്യവുമില്ല എന്നു മനസിലാക്കണം.
5. അല്മായർ എന്നു വിളിക്കപ്പെടുന്ന വിശ്വാസികളെ സിറൊ മലബാർ സഭാ നേതൃത്വം വിശ്വാസത്തിലെടുത്ത് അവരെ നേതൃത്വത്തിനായി മുന്നിൽ ചേർത്തുപിടിച്ച് ഈ പ്രശ്നത്തെ നേരിടണം.

വൈദീകരും പിതാക്കൻമാരും ജനങ്ങളെ ഭരിക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഒന്നിച്ചു മുന്നേറുവാനുള്ള കാലമാണ്. കൂദാശ പോലുള്ള പൗരോഹിത്യ കർമ്മങ്ങളിലോഴികെ മറ്റെല്ലാത്തിലും വിശ്വാസികളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണം. ഈ പ്രശ്നത്തിലും അതു പരിഹരിക്കാനുള്ള കമ്മീഷനുകളിലും കമ്മിറ്റികളിലും സമിതികളിലും അതിൽ പ്രഗൽഭരായ വിശ്വാസികളെ തിരഞ്ഞെടുത്ത് അവരുടെ ക്രിയാത്മക സഹകരണം സാധിക്കുന്നത്ര വർദ്ധിപ്പിക്കണം.
പിതാക്കൻമാർ തീരുമാനമെടുത്തത് നയാമികമായി വോട്ടിനീടിച്ച് ആല്മായരുടേതുംകൂടെ ആക്കി നടപ്പിക്കുന്ന പതിവ് രീതി നിർത്തണം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ വൈദീകരേക്കാളും പിതാക്കൻമാരേക്കാളും പ്രഗൽഭരും സമർത്ഥരുമായവർ ഒത്തിരിപ്പേർ സഭയിൽ വിശ്വാസികളായവർ ഉണ്ട് എന്ന് ഇനിയെങ്കിലും തിരിച്ചറിയണം.
വശ്വാസത്തിനും സ്നേഹത്തിനും ചേരുന്ന വിധം ആത്മീയ നിറവിൽ ബുദ്ധിപൂർവ്വം രമ്യമായി എല്ലാം പരിഹരിക്കാൻ സാധിക്കട്ടെ.

ഡോ. റിക്സൺ ജോസ്
സൈക്കോളജിസ്റ്റ്