The steadfast love of the Lord never ceases; his mercies never come to an end;”
(Lamentations 3:22)
മനുഷ്യന്റെ പരിമിതികളുള്ള ഗ്രാഹ്യശക്തിക്ക് അതീതമാണ് ഈ ദൈവത്തിന്റെ ചിന്തകളും പ്രവർത്തികളും. ദൈവത്തിന് മനുഷ്യനോടുള്ള അചഞ്ചലമായ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ലെന്ന് തിരുവചനം നമ്മെ മനസ്സിലാക്കുന്നു. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക്, ദൈവം തന്റെ സ്നേഹത്തിന്റെ വാഗ്ദാനം പാലിക്കുന്നു. കൂടാതെ, കർത്താവിന്റെ കരുണ എപ്പോഴും നമ്മളോട് ഒപ്പം ഉണ്ട്. പെറ്റമ്മ മറന്നാലും ഞാൻ നിന്നെ ഒരുനാളും മറക്കില്ല എന്ന് നമ്മളോട് വചനത്തിലൂടെ ഉറപ്പ് നൽകിയ കർത്താവാണ് നമ്മുടെ കൂടെയുള്ളത്
മാനുഷികമായ എല്ലാറ്റിനോടും ജോലി, സൗഹൃദം, കുടുംബം യേശുവിന് അത്യധികമായ സ്നേഹം ഉണ്ടായിരുന്നു. എന്നാൽ, അവയെക്കാളും ഉപരിയായി അവിടുന്ന് മനുഷ്യനെ സ്നേഹിച്ചിരുന്നു. പ്രത്യേകിച്ചും കുറ്റങ്ങളും കുറവുകളും രോഗങ്ങളും വേദനകളും ക്ലേശങ്ങളും ആകുലതകളും ഉള്ളവരെ സ്നേഹിച്ചിരുന്നതായി വചനത്തിൽ ഉടനീളം കാണാം. ഭൂമിയിലെ തന്റെ ജീവിതംകൊണ്ട് മനുഷ്യർ എങ്ങിനെ ഭൂമിയിൽ ജീവിക്കണം എന്നതിനു മാതൃക നല്കാൻ യേശുവിനായി, “ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു എന്നു യോഹന്നാൻ 13:15 പറയുന്നു. നന്മനിറഞ്ഞവനും, നല്ലവനുമായ കർത്താവിൽ പൂർണ്ണഹൃദയത്തോടെ നമുക്ക് ആശ്രയിക്കാം.
സമൂഹത്തിലെ പാപികളോടും കുറ്റവാളികളോടും കാരുണ്യത്തിന്റെ മനോഭാവമാണ് യേശു സ്വീകരിച്ചത്. പാപത്തിൽപെട്ട് വഴിയറിയാതെ അലയുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുമുണ്ട്. ദൈവത്തെ അറിയാൻ കഴിയാത്തത്രവിധം ഹൃദയം തണുത്തുറഞ്ഞുപോയ അവരിലേക്ക് ജീവിക്കുന്ന കരുണയുടെ ദൈവവചനമായി കടന്നുചെല്ലാൻ നമുക്കാവുന്നുണ്ടോ? നാം ഓരോരുത്തർക്കും കരുണ എന്ന ദൈവത്തിൻറെ കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കാം . ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.