The Lord will arise upon you, and his glory will be seen upon you.”
(Isaiah 60:2)✝️
ജീവിതത്തിൽ നിസ്സഹായരും അയോഗ്യരുമായ മനുഷ്യർക്ക് മഹത്വത്തിന്റെ ഉറവിടമായ ദൈവത്തെ അനുഭവിച്ചറിയാനും സ്നേഹിക്കാനുമാണ് വചനം മാംസമായത്. ദൈവപുത്രൻ മനുഷ്യനായി പിറന്നതുവഴി, പാപികളായ മനുഷ്യർക്ക് ദൈവവുമായി രമ്യപ്പെടാനും, ദൈവത്തിന്റെ വിളി സ്വീകരിച്ച് ദൈവപുത്രനാകുവാനുമുള്ള വഴിയൊരുങ്ങി. കർത്താവിൽ പൂർണ്ണ വിശ്വാസത്തോടെയും, പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ മനസോടെയും യേശു എന്റെ ദൈവമെന്ന് ഏറ്റു പറയുന്ന ഏതൊരാളും, രക്ഷ പ്രാപിക്കും എന്ന് തിരുവചനം പറയുന്നു

നാം ഓരോരുത്തരും ദൈവത്തിന്റെ വിളി സ്വീകരിച്ച്, അപരിചിതമായ വഴികളിലൂടെ, രക്ഷകനെ തേടി യാത്ര ചെയ്യാൻ മാത്രം പരിശുദ്ധാൽമാവിന്റെ ശക്തിയാൽ ശക്തമായ വിശ്വാസത്തിനുടമകളായി തീരണം. നമ്മെ സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം, നാം ഒരോരുത്തരെയും പേരുചൊല്ലി വിളിക്കുന്നുണ്ട്. പരിചിതമായ ചുറ്റുപാടുകളും സന്തോഷം തരുന്ന വ്യക്തികളെയും ഒക്കെ മാറ്റിനിർത്തിയിട്ട് ക്ലേശകരവും പ്രത്യക്ഷാ യുക്തിരഹിതവുമായ ഒരു യാത്രക്ക് ദൈവം എല്ലാവരെയും വിളിക്കുന്നുമുണ്ട്. എന്നാൽ, ഈ യാത്രകൊണ്ട് എന്തെങ്കിലും ഫലമുണ്ടാകുമോ എന്ന സന്ദേഹം കൊണ്ടും, മറ്റുള്ളവർ ഈ യാത്രയെച്ചൊല്ലി പരിഹസിക്കും എന്ന ഭയംകൊണ്ടും പലപ്പോഴും ദൈവത്തിന്റെ വിളി സ്വീകരിച്ചു രക്ഷകനായ ദൈവത്തെ അന്വേഷിക്കുവാൻ നമ്മൾ വിമുഖത കാട്ടാറുണ്ട്.
ലോകത്തിന്റെ ആദരവും അംഗീകാരവും ആഗ്രഹിക്കുന്നവർക്ക് ഒരിക്കലും ചെയ്യാൻ പറ്റുന്ന ഒന്നല്ല കർത്താവിനെ തേടിയുള്ള യാത്ര. ക്രിസ്തുവിലേക്കുള്ള വിളി നമുക്ക് ഈ ലോകത്തിൽ അർഹമായ സ്ഥാനമാനങ്ങൾ ഇല്ലാതാക്കുന്ന ഒരു യാത്രയല്ല; മറിച്ച്, ദൈവഹിതത്തിനെതിരായി നമ്മിലുള്ള അവസ്ഥകളെ ചെറുത്തുകൊണ്ടുള്ള ഒരു ആത്മീയയാത്ര ആയിരിക്കണം. നിരാശയുടെയും തോൽവികളുടെയും സുഖവും ലഹരിയും കുരിശിൻ ചുവട്ടിലേക്ക് വലിച്ചെറിഞ്ഞ് ക്രിസ്തുവിന്റെ മഹത്വത്തിന്റെ പ്രകാശം ധരിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.








