When I would gather them, declares the Lord, there are no grapes on the vine, nor figs on the fig tree. ‭‭(Jeremiah‬ ‭8‬:‭13‬) ✝️

ഇസ്രായേൽ ജനത്തിനു വളരെപ്പെട്ടെന്നു മനസ്സിലാകുന്ന പ്രതീകങ്ങളിലൂടെയാണ് ഇന്നത്തെ വചനഭാഗത്തിൽ ജെറമിയാ പ്രവാചകൻ സംസാരിക്കുന്നത്. മുന്തിരിച്ചെടിയും അത്തിവൃക്ഷവും ഇസ്രായേൽ ജനതയുടെ ജീവിതത്തോട് കെട്ടുപിണഞ്ഞു കിടക്കുന്ന ഫലസസ്യങ്ങളാണ്. അത്തിമരം സമാധാനത്തെയും സമൃദ്ധിയെയും, മുന്തിരി സന്തോഷത്തെയും സൂചിപ്പിച്ചിരുന്നു. ഒരു കർഷകൻ കൃഷി ഫലങ്ങൾ എങ്ങനെയാണോ വിളവെടുക്കുന്നത് അതു പോലെ നമ്മുടെ ആൽമീയ ഫലങ്ങൾ വിളവ് എടുക്കുവാൻ കർത്താവ് ആഗ്രഹിക്കുന്നു. കർത്താവ് കൃഷിക്കാരനും, ദൈവമക്കളായ നാം ഒരോരുത്തരും ഫലങ്ങൾ പുറപ്പെടുവിക്കുന്ന മുന്തിരിച്ചെടിയും ആണ് എന്ന് പറഞ്ഞു കൊണ്ട് നാമും ദൈവവും തമ്മിൽ യേശുവിലൂടെ ഉടലെടുത്ത ആഴമേറിയ ബന്ധം ഇന്നത്തെ തിരുവചനം തുറന്ന് കാട്ടുകയാണ്.

ദൈവവചനത്തിന്റെ അർത്ഥം ശരിയായി ഉൾക്കൊള്ളുകയും, ദൈവാത്മാവിനായി അനുതാപത്താൽ നിറഞ്ഞ നമ്മുടെ ഹൃദയങ്ങളെ തുറന്നു കൊടുക്കുകയും ചെയ്യുമ്പോഴാണ്, നമ്മൾ ദൈവരാജ്യത്തിനു വേണ്ടിയും നമ്മുടെ സഹോദരങ്ങൾക്കുവേണ്ടിയും, നമുക്ക് വേണ്ടിയും നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷങ്ങളായി മാറുന്നത്. ആത്മാവിന്റെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൌമ്യത, ആത്മസംയമനം ഇവയാണ്. (ഗലാത്തിയാ 5:22-23).

നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന വ്യക്തികളായി മാറാൻ ഒരു രാത്രികൊണ്ട്‌ ആർക്കും സാധിക്കില്ല. പ്രലോഭനങ്ങളും പാപസാഹചര്യങ്ങളും ഉണ്ടാകുമ്പോൾ ചെറുത്തു നിൽക്കാൻ കഴിവില്ലാത്ത നമ്മുടെ ബലഹീനതയെ മനസ്സിലാക്കി, ദൈവത്തിന്റെ ശക്തിയിൽ ശരണം വയ്ക്കാൻ തുടങ്ങുമ്പോൾ നാം നല്ല ഫലം പുറപ്പെടുവിക്കാൻ തുടങ്ങും. എന്നാൽ നാം നല്ല ഫലം പുറപ്പെടുവിക്കാത്ത ചെടികളെ കർത്താവ് തീയിൽ ചുട്ട് കളയും. ചീത്തഫലങ്ങൾ പുറപ്പെടുവിക്കുന്നവയെ ജീവിതത്തിൽ നിന്നകറ്റി, നല്ല ഫലം പുറപ്പെടുവിക്കുന്നവരാകുന്നതിനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

✝️

നിങ്ങൾ വിട്ടുപോയത്