Says the Lord: “Cursed is a man who trusts in man, and who establishes what is flesh as his right arm, and whose heart withdraws from the Lord. ‭‭(Jeremiah‬ ‭17‬:‭5‬) ✝️

ലോകവും അതിലെ സമസ്തവും സൃഷിച്ച ദൈവം, അവയുടെ എല്ലാറ്റിന്റെയുംമേലുള്ള ആധിപത്യം മനുഷ്യനാണ് നൽകിയത്. എന്നാൽ, പാപത്തിനു അടിമയായ മനുഷ്യൻ ക്രമേണ അവനു ദൈവം നല്കിയ സകല അധികാരങ്ങളും പിശാചിന്റെ കാൽക്കൽ സമർപ്പിച്ചു. മാനവരാശി അനേകം പ്രതികൂലങ്ങളിലൂടെ ആണ് കടന്നുപോകുന്നത്. മനുഷ്യന് ജീവിതത്തിൽ പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പലപ്പോഴും ദൈവത്തിൽ ആശ്രയിക്കാതെ മനുഷ്യനിൽ ആശ്രയിക്കുന്ന ഒരു പ്രവണത മനുഷ്യന് ഉണ്ട്. മനുഷ്യനിലും, സ്വന്തം കഴിവിലും ആശ്രയിക്കുന്ന മനുഷ്യൻ ശപിക്കപ്പെട്ടവനാണ് എന്ന് തിരുവചനം പറയുന്നു.

ജീവിതത്തിൽ പലപ്പോഴും നമ്മുടെ ആശ്രയം മനുഷ്യനും, സമ്പത്തും, മക്കളും, ജോലിയും, അധികാരവും ആണ് എന്നാൽ ഏത് സാഹചര്യത്തിലും ദൈവത്തിൽ ആശ്രയിക്കണം അവനാണ് നമ്മുടെ സൃഷ്ടാവ്. ഉദാഹരണമായി പറഞ്ഞാൽ സാമ്പത്തിക പരമായി പതിനായിരം രൂപ ആവശ്യം ഉണ്ടെങ്കിൽ നാം മനുഷ്യനെ ആശ്രയിക്കും എന്നാൽ അമ്പത് ലക്ഷം രൂപയുടെ ആവശ്യം ഉണ്ടെങ്കിൽ നാം ദൈവത്തിൽ ആശ്രയിക്കും എന്നാൽ നമ്മുടെ ജീവിതത്തിലെ ചെറുതും വലുതും ആയ എല്ലാ അവസ്ഥകളിലും ദൈവത്തെ ആശ്രയിക്കണം എന്നാണ് തിരുവചനം പറയുന്നത്.

ജീവിതത്തിൽ രോഗത്തിൽ നിന്നും സൗഖ്യം ലഭിച്ചുകഴിയുമ്പോൾ, പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമ്പോൾ, വീണ്ടും ദൈവത്തിൽ നിന്ന്
പഴയ മാർഗ്ഗങ്ങളിലേക്ക് പോകുവാനാഗ്രഹിക്കുന്ന ഒട്ടേറെപ്പേർ നമ്മുടെ ഇടയിലുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ദൈവം സ്ഥായിയായുള്ള ഒരു അഭയസങ്കേതം അല്ല, വെറുമൊരു ഇടത്താവളം മാത്രം. ഇവരോടെല്ലാം ഈശോ ഇന്നും പറയുന്നു, ശാരീരികമായ വിശപ്പടക്കാൻ മാത്രമായിരിക്കരുത് അവിടുത്തെ സന്നിധിയിൽ അഭയം പ്രാപിക്കേണ്ടത്. ആത്മാവിന്റെ വിശപ്പടക്കാൻ കഴിവുള്ള അനശ്വരമായ അപ്പമാണ് അവിടുന്ന് എന്ന ബോധ്യത്തോടുകൂടി ആയിരിക്കണം ദൈവത്തെ അന്വേഷിക്കേണ്ടത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.