ദൈവത്തിന് മനുഷ്യനോടുള്ള അചഞ്ചലമായ സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ലെന്ന് തിരുവചനം നമ്മെ മനസ്സിലാക്കുന്നു. ഒരു തലമുറയിൽ നിന്ന് മറ്റൊരു തലമുറയിലേക്ക്, ദൈവം തന്റെ സ്നേഹത്തിന്റെ വാഗ്ദാനം പാലിക്കുന്നു. കൂടാതെ, കർത്താവിന്റെ കരുണ എപ്പോഴും ദൈവസ്നേഹത്തോടൊപ്പമുണ്ട്. ദൈവസ്നേഹം എവിടെ പോയാലും ദൈവത്തിന്റെ കരുണ അവിടെ നിന്ന് അകലെയല്ല. ദൈവം തന്റെ ജനത്തിന് നൽകിയ ഒരു ഉടമ്പടി വാഗ്ദാനമാണ് കരുണ. ദൈവത്തിന്റെ കരുണ തിരുവചനഭാഗത്ത് ധാരാളമായി കാണാൻ കഴിയും.
കൊലപാതകിയായ കായേലിന്റെ കരുണയ്ക്കുള്ള യാചന ദൈവം തള്ളിക്കളഞ്ഞില്ല. കർത്താവിന്റെ വചനങ്ങൾ വായിക്കുമ്പോൾ നമുക്കാദ്യം തോന്നുന്നത് ദൈവം കായേനെ ശിക്ഷിക്കുകയാണ് ചെയ്തത് എന്നാണ്. എന്നാൽ ദൈവം അവനെ രക്ഷിക്കുകയാണ് ചെയ്തത്. മനഃപൂർവം കൊലപാതകം ചെയ്ത ഒരുവൻ അർഹിക്കുന്നത് വധശിക്ഷയാണ്. എന്നാൽ ദൈവം അതിൽനിന്നും അവനെ രക്ഷപ്പെടുത്തി, ആരും അവനെ കൊല്ലാതിരിക്കുവാൻ വേണ്ടി നെറ്റിയിൽ അടയാളവും കൊടുത്ത് ഒട്ടും സുരക്ഷിതമല്ലാത്ത ആബേലിന്റെ രക്തം വീണ മണ്ണിൽനിന്നും അവനെ വേറൊരു ദേശത്തേക്ക് അയക്കുകയാണ് ചെയ്തത്. അതിനുശേഷവും ദൈവം കായേനെ കൈവിടുന്നില്ല. അവന് ഭാര്യയെ നല്കുന്നു, മക്കളെ നല്കുന്നു, നഗരം പണിയാൻ കൃപ നല്കുന്നു. അങ്ങനെ പാപം ചെയ്തതിനുശേഷവും ദൈവം കായേനെ കരുതുന്നു. ഇതാണ് കർത്താവിന്റെ അളവറ്റ കാരുണ്യം. കൊലപാതകിയായ അവനെയും അവന്റെ തലമുറകളെയും ദൈവം കരുതുന്നു.
നമ്മുടെ ജീവിതത്തിൽ കർത്താവിന്റെ കാരുണ്യം സജീവമാകുമ്പോൾ, പരീക്ഷണങ്ങളും കഷ്ടപ്പാടുകളും പഴയകാല കാര്യമായി മാറും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തിന്റെ കരുണ ആവശ്യമാണ്. നാം പാപിയാണെങ്കിലും, മാനസാന്തരപ്പെട്ട്, പാപങ്ങൾ എല്ലാം ഏറ്റു പറഞ്ഞ് വിശുദ്ധി പ്രാപിച്ചാൽ ദൈവത്തിന്റെ കരുണ ധാരാളമായി ചൊരിയും. നാം ഓരോരുത്തരുടെയും മേൽ കർത്താവിന്റെ കരുണ ഉണ്ടായിരിക്കട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ