പച്ചമരത്തോട് ഇതാണെങ്കില്‍ ഉണക്കമരത്തിന് എന്തായിരിക്കും സ്ഥിതി?
ചങ്ങനാശ്ശേരി അതിരൂപതക്കാരനായ എന്‍റെ സുഹൃത്ത് കടുത്ത സീറോമലബാര്‍ സഭാ വിശ്വാസിയാണ്, കാനഡയിലാണ് വര്‍ഷങ്ങളായി അയാള്‍ താമസിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിന്‍റെ പേരിലുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ആലഞ്ചേരി പിതാവിനോട് കടുത്ത വിയോജിപ്പാണ് ഞങ്ങളുടെ സംഭാഷണങ്ങളിലെല്ലാം അവൻ പ്രകടിപ്പിച്ചിരുന്നത്. ഭൂമിയിടപാട് സംബന്ധിച്ച് എഴുതിയ ലേഖനങ്ങള്‍ ഓരോന്നും ഞാൻ അവന് അയച്ചുകൊടുക്കുമായിരുന്നു. ഇത് വായിച്ചതിന്‍റെ വെളിച്ചത്തില്‍ അവന് കുറെയൊക്കെ വസ്തുതകള്‍ ബോധ്യപ്പെട്ടുവെങ്കിലും വിമതന്മാര്‍ സൃഷ്ടിച്ച കുപ്രചാരണങ്ങളുടെ വിഷം പൂര്‍ണ്ണമായും അവന്‍റെ ചിന്താമണ്ഡലത്തില്‍നിന്ന് കഴുകിക്കളയാന്‍ ഈ എഴുത്തുകള്‍ക്കൊന്നും സാധിച്ചിരുന്നില്ല. ഭൂമിയിടപാട് കേസുകള്‍ സംബന്ധിച്ചുണ്ടാകുന്ന ഏതൊരു കോടതി പരാമര്‍ശത്തിന്‍റെ മുമ്പിലും അവന്‍ വീണ്ടും സംശയാലുവായിക്കൊണ്ടിരുന്നു.

ഡിസംബര്‍ 23-24ന് എറണാകുളം ബസലിക്കയില്‍ ഉണ്ടായ അനിഷ്ഠസംഭവങ്ങള്‍ അവനില്‍ വലിയ മാറ്റങ്ങളാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്. എറണാകുളം വിമതന്മാര്‍ വിശുദ്ധ കുര്‍ബാനയെയും അതില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോമശിഹായെപ്പോലും ഇത്രമേല്‍ പരിഹസിക്കാനും അതിലൂടെ ക്രൈസ്തവ സഭയെ മുഴുവന്‍ വേദനിപ്പിക്കാനും തയ്യാറായെങ്കില്‍, ആലഞ്ചേരി പിതാവിനെ എത്ര ക്രൂരമായി ആക്രമിക്കാനും ഇല്ലായ്മ ചെയ്യാനും അവര്‍ ശ്രമിച്ചുകാണില്ലേ ? വിശുദ്ധ ബലിപീഠത്തില്‍ അഴിഞ്ഞാടാന്‍ തയ്യാറാകുന്നവര്‍, സഭാതലവനെ ആക്രമിക്കുന്നതിനും മടിക്കില്ല- ഇപ്പോൾ ഇതാണ് അവൻ പറയുന്നത്!
വാസ്തവത്തില്‍ എന്‍റെ സുഹൃത്തിനുണ്ടായിരിക്കുന്ന ഈ തിരിച്ചറിവ് ആയിരക്കണക്കിന് സീറോമലബാര്‍ വിശ്വാസികള്‍ക്കാണ് കഴിഞ്ഞ ഏതാനും ദിനങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരിക്കുന്നത്. പച്ചമരത്തോട് ഇതാണെങ്കില്‍ ഉണക്കമരത്തിന് എന്തായിരിക്കും സ്ഥിതി?

തികച്ചും സുതാര്യമായ ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജിന് 23 ഏക്കർ സ്ഥലം വാങ്ങുന്നതിനായി എടുക്കേണ്ടിവന്ന ബാങ്ക് ലോണിന്റെ ബാധ്യത തീർക്കുവാൻ വേണ്ടിയാണ് എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ ഭൂമി വില്‍ക്കാന്‍ അതിരൂപത ആലോചനാസമതിയും സാമ്പത്തിക സമിതിയും തീരുമാനിക്കുന്നത്. എന്നാല്‍ ഭൂമി വില്‍പ്പനയില്‍ അപ്രതീക്ഷിതമായി ചില കാര്യങ്ങൾ സംഭവിച്ചു. പണം പൂർണ്ണമായും ലഭിക്കുന്നതിന് മുൻമ്പേ, രൂപതയുടെ പ്രോക്യൂറേറ്റർ മെത്രാപ്പോലീത്ത ഒപ്പിട്ട് നൽകിയിരുന്ന ആധാരങ്ങൾ രജിസ്റ്റർ ചെയ്തു നല്‍കി. പിന്നീടാണ് പണം ലഭിച്ചിട്ടില്ല എന്ന് പിതാവ് അറിയുന്നത്. ഇതില്‍ തനിക്ക് സൂക്ഷ്മക്കുറവ് സംഭവിച്ചു എന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു. അതിരൂപതയുടെ സ്വത്ത് നഷ്ടമാകരുത് എന്ന നിര്‍ബന്ധത്താല്‍, രണ്ടിടത്തായി 42 ഏക്കറേളം ഭൂമി ഈടായി അതിരൂപതയ്ക്ക് ലഭ്യമാക്കുവാന്‍ അദ്ദേഹം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഇത് അതിരൂപതയ്ക്ക് കോടിക്കണക്കിന് രൂപയുടെ നേട്ടമാണ് ഉണ്ടാക്കിയത്. എന്നാല്‍ അതിരൂപതയിലെ ഒരുപറ്റം വൈദികരും കുറെ അല്‍മായ വിശ്വാസികളും ചേര്‍ന്ന് ഈ ഇടപാടിന്‍റെ പേരില്‍ കര്‍ദ്ദിനാളിനെ സ്ഥാനഭൃഷ്ടാക്കാനും അതിലൂടെ തങ്ങളുടെ ദുഷ്ടലക്ഷ്യങ്ങള്‍ നേടിയെടുക്കാനുമുള്ള മാര്‍ഗ്ഗമായി കണ്ടുകൊണ്ട് രംഗത്തു വന്നു.

ഭൂമിയിടപാടിനെ വിവാദമാക്കിയവര്‍ അതിരൂപതയുടെ ആലോചനാ സമിതിയിലെയും സാമ്പത്തിക സമിതിയിലെയും എല്ലാ വൈദികരെയും ഒഴിവാക്കി, സീറോമലബാര്‍ സഭയുടെ തലവനും കര്‍ദ്ദിനാളുമായ മാര്‍ ആലഞ്ചേരിയെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തി ആക്രമിച്ചു. “ആലഞ്ചേരി ഞങ്ങളുടെ ഭൂമി വിറ്റുതുലച്ചു” എന്ന് ഒരേ സ്വരത്തില്‍ എല്ലാവരും ചേര്‍ന്ന് അലറിവിളിച്ചു. സമരവും അന്വേഷണ കമ്മീഷനും കോലം കത്തിക്കലും കട്ടില്‍ സമരവും വ്യാജരേഖ നിര്‍മ്മാണവും കോടതി കേസകുളും എല്ലാമായി അതിരൂപതയെ ബാധിച്ചിരിക്കുന്ന പൈശാചിക ശക്തികള്‍ എല്ലാം വര്‍ദ്ധിതവീര്യത്തോടെ രംഗത്തു വന്നു. വാര്‍ത്താ മാധ്യമങ്ങള്‍ ആലഞ്ചേരി പിതാവിനെതിരേയുള്ള വര്‍ത്തകള്‍ നല്‍കി ആഘോഷിച്ചു. അങ്ങനെ, എല്ലാ വിഭാഗം ജനങ്ങളുടെയും മനസ്സില്‍ ആലഞ്ചേരി പിതാവിനെ ദുഷ്ടനും ദ്രവ്യാഗ്രഹിയും അധികാരമോഹിയുമായി വിമതരും മാധ്യമങ്ങളും ചിത്രീകരിച്ചു. ഈ കുതന്ത്രത്തില്‍ വിമതന്മാര്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു.

ഭൂമിയിടപാടില്‍ ലഭിച്ച ഭാരിച്ച തുക നിക്ഷേപിച്ചിരിക്കുന്നതിന്‍റെ തെളിവായി കുറേ രേഖകള്‍ ഇവര്‍ ഹാജരാക്കി. അവയെല്ലാം വ്യാജമായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന്‍റെ പേരില്‍ വിമതന്മാരിലെ ഏതാനും വൈദികര്‍ക്കെതിരേ ക്രിമിനല്‍ കേസ് ഉണ്ടായി. അവരിപ്പോൾ കോടതി നടപടികൾ നേരിട്ടു കൊണ്ടിരിക്കുന്നു. വ്യാജരേഖകൾ പിടിക്കപ്പെട്ടത് വിമതന്മാരുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു. എന്നിട്ടും അതിരൂപതയിലെ തവളവായന്മാര്‍ ആലഞ്ചേരി പിതാവിനെ കിട്ടുന്ന അവസരങ്ങളില്‍ എല്ലാം അധിക്ഷേപിച്ചുകൊണ്ടിരുന്നു.
ഭൂമിവിവാദത്തില്‍ നിന്ന് ഉദ്ദേശിച്ച ഗുണം ലഭിക്കില്ല എന്ന തിരിച്ചറിവ്, വിമതക്യാമ്പിനെ തളര്‍ത്തിയ ഘട്ടത്തിലാണ് നവീകരിച്ച വിശുദ്ധ കുര്‍ബാനയര്‍പ്പണം സംബന്ധിച്ച് സിനഡ് തീരുമാനം വരുന്നത്. ഇതോടെ വിമതക്യാമ്പില്‍ വീണ്ടും ആളനക്കം ഉണ്ടായി. സിനഡ് അംഗീകരിച്ച കുര്‍ബാനയെ ഏതുവിധത്തിലും എതിര്‍ക്കണം എന്ന ലക്ഷ്യത്തോടെ അവര്‍ പ്രതികരിക്കാന്‍ തുടങ്ങി. കത്തോലിക്കാ സഭയുടെ ക്രിസ്തീയബോധ്യങ്ങളുടെയെല്ലാം കേന്ദ്രമായ അള്‍ത്താരയെയും ബലിയര്‍പ്പണത്തെയും ഒരു കാരണവശാലും വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല എന്നൊരു വീണ്ടുവിചാരം പോലും വിമതര്‍ക്ക് ഇല്ലാതെപോയി. രണ്ടായിരം വര്‍ഷമായി ക്രിസ്തുവിന്‍റെ സഭ അതിപരിവാനമായി കരുതുന്ന പാരമ്പര്യ വിശ്വാസത്തെയും ആരാധനാ രീതികളെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയും അതിനോട് ഭക്തിയാദരങ്ങളോടെ സമീപിക്കുകയും ചെയ്യേണ്ടതിന് പകരം ദുഷ്ടലാക്കോടെ വിമതരെല്ലാം സംഘടിക്കുന്നതാണ് ക്രൈസ്തവലോകം പിന്നീടു കണ്ടത്. നിരവധി പതിറ്റാണ്ടുകള്‍ നീണ്ട ചര്‍ച്ചകളും പഠനങ്ങളും എല്ലാം നടത്തി, സമയവായ നീക്കം എന്ന നിലയില്‍ അവതരിപ്പിച്ച “സിനഡ് കുര്‍ബാന” അഥവാ “50/50 ഫോര്‍മുല”യിലുള്ള കുര്‍ബാനയെ സീറോമലബാര്‍ രൂപതയിലെ എല്ലാ രൂപതകള്‍ക്കും സ്വീകാര്യമായെങ്കിലും എറണാകളും അങ്കമാലി അതിരൂപതയില്‍ മാത്രം അതിനോട് കടുത്ത പ്രതിഷേധമാണുണ്ടായത്. വിമതന്മാര്‍ കൈമെയ് മറന്ന് അൾത്താരയേപ്പോലും സമരവേദിയാക്കാൻ പരിശ്രമിച്ചു.

കുര്‍ബാനക്രമത്തിന്‍റെ പേരില്‍ തര്‍ക്കം അതിരൂക്ഷമായപ്പോള്‍, മാര്‍പാപ്പായുടെ പ്രതിനിധിയായി അതിരൂപതയില്‍ നിയമിതനായ മാര്‍ ആന്‍ഡ്രൂസ് താഴത്തിനോടും അവര്‍ തങ്ങളുടെ അക്രമോത്സുകത പല ഘട്ടങ്ങളിലും പ്രകടിപ്പിച്ചു. ക്രൈസ്തവ മാര്‍ഗ്ഗങ്ങളിലൂടെ, സ്നേഹത്തിന്‍റെയും സമയാവത്തിന്‍റെയും സമാധാനത്തിന്‍റെയും മാര്‍ഗ്ഗങ്ങളിലൂടെ സഭ വിമതരേ നേരിട്ടുവെങ്കിലും പൈശാചികതയായിരുന്നു അവരുടെ ഓരോ നീക്കങ്ങളിലും പ്രതിഫലിച്ചത്. മുഴുവന്‍ വിമതവൈദികരിലും ഈ പൈശാചികത പ്രകടമാകുന്നു എന്നതാണ് മാര്‍ ആലഞ്ചേരി പിതാവിനെതിരേയുളള ഇവരുടെ പ്രതികരണം മുതല്‍ വെളിവാകുന്നത്. അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയാണ് ഡിസംബര്‍ 23-24ലെ ‘സമരക്കുര്‍ബാന’യിലൂടെ വെളിവായത്.
വിമതവൈദികര്‍ പിശാചു ബാധിതരാണ് എന്നതില്‍ യാതൊരു സംശയവുമില്ല. സഭയേയും സഭയുടെ നേതൃത്വത്തേയും അധികാരത്തേയും അംഗീകരിക്കാതെ, താന്തോന്നികളായി ഒരു സംഘം വൈദികര്‍ മാറുന്നുവെങ്കില്‍ അതിന് കാരണം അവരില്‍ നിറഞ്ഞിരിക്കുന്ന പൈശാചികത മാത്രമാണ്.
സാത്താന്‍റെ പിണിയാളരായി വൈദികര്‍ക്ക് മാറാന്‍ കഴിയുമോ എന്നൊരു സംശയം പലരും ഉന്നയിച്ചേക്കാം. എന്നാല്‍, വിശുദ്ധ ബൈബിളില്‍ അന്ത്യത്താഴ മേശയില്‍ സംഭവിച്ച ഒരു രംഗം വിശദമായി മനസ്സിലാക്കിയാല്‍, എറണാകുളം വിമതവൈദികരിലും സാത്താന് നിഷ്പ്രയാസം പ്രവേശിക്കാന്‍ കഴിയും എന്ന് മനസ്സിലാക്കാം. ഈശോമശിഹായുടെ ശിഷ്യനായിരുന്ന യൂദായും ഉള്‍പ്പെട്ടതായിരുന്നല്ലോ അന്ത്യത്താഴ മേശ. “ഇത് എന്‍റെ ശരീരം” എന്ന് പറഞ്ഞ് ഈശോമശിഹാ വീഞ്ഞില്‍ മുക്കിയ അപ്പക്കഷണം ശിമയോന്‍ സ്കറിയോത്തായുടെ മകന്‍ യൂദാസിനു കൊടുത്തു. ”അപ്പക്കഷണം സ്വീകരിച്ചതിനെത്തുടര്‍ന്ന് സാത്താന്‍ അവനില്‍ പ്രവേശിച്ചു” (യോഹന്നാന്‍ 13:30).

വളരെ രസകരമായി തോന്നുന്ന ഒരു വാക്യമാണിത്. നിത്യജീവന്‍റെ അപ്പവും വീഞ്ഞുമാണ് യൂദാ സ്വീകരിച്ചത് എങ്കിലും അവനില്‍ ദൈവാത്മാവല്ല, സാത്താനാണ് പ്രവേശിച്ചത്. അന്ത്യത്താഴ മേശയില്‍ ഈശോയില്‍നിന്നാണ് യൂദാ അപ്പവീഞ്ഞുകള്‍ സ്വീകരിച്ചതെങ്കിലും അവന്‍റെ മനോഭാവത്തെ അത് മാറ്റിയില്ല. വഞ്ചനയും ദുഷ്ടതയും നിറഞ്ഞിരുന്ന അവന്‍റെ മനസ്സിന് ക്രിസ്തുസ്നേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അവന്‍ സാത്തന്‍റെ ഏജന്‍റായിമാറിയതാണ് പിന്നീട് നാം കാണുന്നത്.

വിശുദ്ധ കുര്‍ബാനയെ ആക്ഷേപിച്ചവരും അവര്‍ക്ക് ഒത്താശചെയ്തു കൊടുക്കുന്നവരുമായ ആരേയും സീറോമലബാര്‍ സഭയുടെ നേതൃത്വം നിസ്സാരമായി കാണരുത്. അവരില്‍ ദൈവാത്മാവില്ല. അവര്‍ അര്‍പ്പിക്കുന്ന കൂദാശകള്‍ ക്രൈസ്തവ സഭയുടെ വിശ്വാസബോധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ഈ ഭൂതാവിഷ്ടരായ പുരോഹിതരെ പുറത്താക്കാന്‍ സഭാനേതൃത്വം ഭയക്കരുത്. പാപം ചെയ്ത മനുഷ്യനോട് ക്ഷമിക്കുന്ന ക്രിസ്തുവിനെ നമ്മള്‍ കാണുന്നു. എന്നാല്‍ പൈശാചികതയോടെ വിട്ടുവീഴ്ചയില്ലാതെ, “സ്വന്തം നില മറന്നു തങ്ങളുടേതായ വാസസ്ഥാനം ഉപേക്ഷിച്ചുകളഞ്ഞ ദൂതന്‍മാരെ, മഹാദിനത്തിലെ വിധിവരെ ക്രിസ്തു അന്ധകാരത്തില്‍ നിത്യബന്ധനത്തില്‍ സൂക്ഷിച്ചിരിക്കുന്നു”വെന്ന് (യൂദ 1:6) വചനം ഓര്‍മിക്കുക.

ബലിപീഠത്തില്‍ ക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നവര്‍ക്ക് വിമതബോധത്തിന്‍റെ ഒരംശം പോലും ഉണ്ടാകാന്‍ പാടില്ല. “മാത്സര്യമോ വ്യര്‍ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നുംചെയ്യരുത്” (ഫിലി 2:3). എന്ന് വചനം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ വിതമന്മാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നത് മാത്സര്യബുദ്ധിയോടെയാണ് എന്നത് പൈശാചികതയുടെ പ്രകടമായ ലക്ഷണമാണ്. ഇത്തരക്കാര്‍ അര്‍പ്പിക്കുന്ന കൂദാശകളിലൂടെ അവര്‍ പൈശാചികതയാണ് വിശ്വാസികളിലേക്ക് പകര്‍ന്നുകൊടുക്കുന്നത്. ഇത് ഗുരുതരമായ അവസ്ഥയാണ്. സഭ ഇതിന് കടുത്ത വില നല്‍കേണ്ടതായി വരും, എറണാകുളം അങ്കമാലി അതിരൂപതയുടെ നിലനില്‍പ്പിനേ തന്നെ ഇത് ബാധിക്കും. അതിനാൽ വിമതസ്വരം ഉയർത്തുന്ന സകല പുരോഹിതന്മാരേയും പുറത്താക്കി ഇവരുടെ പ്രവർത്തന രംഗമായിരുന്ന എല്ലാ ദേവാലയങ്ങളും വെഞ്ചരിച്ച് സഭാ നേതൃത്വത്തെ അനുസരിക്കുന്ന വൈദികരേ ഏൽപ്പിക്കണം.

മാത്യൂ ചെമ്പുകണ്ടത്തിൽ