25 നോമ്പിന്റെ ആദ്യവാര ചിന്ത വന്ധ്യത അനുഗ്രഹമാക്കുന്ന ദൈവത്തിന്റെ ഇടപെടലുകളാണ്.

വിശ്വാസികളുടെ പിതാവായ അബ്രാഹത്തെ , സ്നാപകന്റെ പിതാവായ സഖറിയായെ എല്ലാം ഈ ആഴ്ച്ച വായനകളിൽ അവതരിപ്പിക്കുന്നു , അവർക്കുണ്ടായ ദൈവിക ഇടപെടലുകളും വെളിപാടുകളും വാഗ്ദാനങ്ങളും കൂട്ടിച്ചേർക്കുന്നു. വന്ധ്യത അനുഭവിച്ചിരുന്ന സാറായും ഏലീശയും പ്രത്യേക ദൈവിക ഇടപെടൽ വഴി അനുഗ്രഹീതരായി ഗർഭം ധരിക്കുന്നു. ദൈവിക പദ്ധതിയോട് സഹകരിച്ചാൽ മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും ഉൾക്കൊള്ളാൻ കഴിയാത്തവിധമുള്ള അത്ഭുതങ്ങൾ സംഭവിക്കുമെന്ന് മംഗളവാർത്തയുടെ ആദ്യ ആഴ്ച്ച നമ്മെ ഓർമിപ്പിക്കുന്നു.

ദൈവിക ഇടപെടലുകളും അത്ഭുതങ്ങളും ഇന്നും സാധ്യമാണ് നാം നമ്മെത്തന്നെ വിട്ടുകൊടുക്കാനും അവന്റെ പദ്ധതിയോട് സഹകരിക്കാനും മാനസികമായും ആത്മീയമായും തയ്യാറാകുന്നുവെങ്കിൽ.

സഹോദര ബന്ധങ്ങളിലെ വിള്ളലുകൾ , വ്യക്തിബന്ധങ്ങളിലെ ഊഷ്മളത കുറവ് , അവനവനിസത്തിന്റെ സത്രങ്ങളിലേക്കുള്ള ഉൾവലിവ് എല്ലാം വ്യക്തിജീവിതത്തിലെ വന്ദ്യതകളാണ്. പലപ്പോഴും ഈ വന്ദ്യതകളെ മറയ്ക്കാൻ ഇല്ലായ്മകളുടെ പൊയ്മുഖമണിയാനാണ് മനുഷ്യൻ പരിശ്രമിക്കുക. തന്നെത്തന്നെ നഷ്ടപ്പെടുത്തിയുള്ള അർത്ഥമില്ലാത്ത ഒരു ജീവിതവും ഒരിക്കലും പിടിതരാത്ത നിഴലുകൾക്ക് പിന്നാലെ ഒരു ഓട്ടവും.

അവന്റെ വചനത്തിൽ അർത്ഥം കണ്ടെത്താനും കൂദാശകളിൽ ജീവിതത്തിന്റെ പ്രത്യാശ കണ്ടെത്താനും സാധിച്ചാൽ ദൈവിക ഇടപെടലുകൾ നടക്കും ; അത്ഭുതങ്ങൾ സംഭവിക്കും , നാം അനുഗ്രഹീതരാകും.

നല്ല മനസ്സുള്ളവർക്ക് സമാധാനം പാടിയ മാലാഖവൃന്ദത്തിന്റെ ആശംസ നമുക്കുവേണ്ടിക്കൂടിയാണെന്ന് തിരിച്ചറിഞ്ഞു സഹകരിക്കാനാണ് ഈ 25 ദിന ഒരുക്കങ്ങൾ നമ്മോട് ആവശ്യപ്പെടുന്നത് . വന്ദ്യതകളെയും വൈകൃതങ്ങളെയും മാറ്റി അവന്റെ പാതയിലേക്ക് മാറാം, അനുഗ്രഹീതരാകാം. നന്മ നിറഞ്ഞതും നന്മ പകരുന്നതുമാകട്ടെ ഈ നോമ്പുകാലം . അബ്രാഹം – സാറ , സഖറിയ – എലിസാ ദമ്പതികൾ പ്രതീക്ഷയും നമ്മുടെ വഴിത്താരയിൽ പ്രചോദനവും പകരട്ടെ.

പ്രാർത്ഥനയോടെ ,

✍ബെൻ ജോസഫ്

നിങ്ങൾ വിട്ടുപോയത്