പ്രപഞ്ചത്തെ മുഴുവൻ അടക്കിവാഴുന്ന തിന്മയുടെ ശക്തിയാണു പാപം. ദൃശ്യവും അദൃശ്യവുമായ സകലതും പാപത്തിന്റെ പിടിയിലാണ്. ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് പാപത്തിന്റെ അടിസ്ഥാന കാരണം. ദൈവഭക്തി എന്നു പറയുന്നത് കൊണ്ട് നാം പലപ്പോഴും ഉദേശിക്കുന്നത്, കർത്താവിനെ ആരാധിക്കുകയും, സ്തുതിക്കുകയും, ഉപവസിക്കുകയും ചെയ്യുന്നത് മാത്രമല്ല തിൻമയുടെ ശക്തിയെയും, പാപത്തെയും വെറുത്ത് വിശുദ്ധിയെ ജീവിതത്തിൽ ധരിക്കുന്നതാണ്. നമ്മുടെ കർത്താവ് വിശുദ്ധിയുടെ ദൈവമാണ്.
ജീവിതത്തിൽ പലപ്പോഴും, ചെറിയ ചെറിയ ലാഭങ്ങൾക്കു വേണ്ടി ദുർമാർഗത്തെ കൂട്ടുപിടിക്കുന്നു, നാം ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് ദുർമാർഗത്തെ സ്വയമായി നാം ന്യായീകരിക്കുകയും, പാപത്തിലേയ്ക്ക് നമ്മെ നയിക്കപ്പെടാൻ സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. വചനം നാം അനുസരിക്കാതിരിക്കുകയും, വിശ്വസിക്കാതിരിക്കുകയും, വചനത്തിൽ എതിരായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ വചനത്തെ നാം ദുർവചനം ആക്കുകയും ചെയ്യുന്നു. പ്രലോഭനങ്ങളും പാപസാഹചര്യങ്ങളും ഉണ്ടാകുമ്പോൾ ചെറുത്തു നിൽക്കാൻ കഴിവില്ലാത്ത നമ്മുടെ ബലഹീനതയെ മനസ്സിലാക്കി, ദൈവത്തിന്റെ ശക്തിയിൽ ശരണം വയ്ക്കാൻ തുടങ്ങുമ്പോൾ, ചീത്ത ഫലം പുറപ്പെടുവിക്കുന്ന നമ്മിലെ അവസ്ഥകളെ നീക്കി നമ്മെ ശക്തിപ്പെടുത്താൻ, ദൈവം പരിശുദ്ധാത്മാവിലൂടെ ധാരാളമായി നമ്മിലേക്ക് ചൊരിയുന്ന കൃപകൾക്കാവും.
നൻമ പുറപ്പെടുവിക്കുന്ന വ്യക്തികളായി മാറുവാൻദൈവഭക്തിയുടെ പാതയിൽ സഞ്ചരിക്കുവാനുള്ള ഒരു തീരുമാനമെടുക്കുകയാണ് നമ്മൾ ചെയ്യേണ്ട ആദ്യപടി. ജീവിതത്തിൽ നിന്ന് തിൻമയെ അകറ്റി, നൻമ പുറപ്പെടുവിക്കുന്നവരാകുന്നതിനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. കർത്താവായ യേശുവേ, നന്മ ചെയ്യുവാൻ ആഗ്രഹിക്കുമ്പോഴും തിന്മയിലേക്ക് നിപതിക്കുന്ന എന്റെ ഹൃദയത്തെ ഞാനങ്ങേയ്ക്കു മുൻപിൽ തുറന്നിടുന്നു. എന്റെ ദൗർബല്യങ്ങളിൽ അങ്ങെനിക്കു ശക്തിയാകണമേ, അങ്ങയുടെ നിരന്തരമായ അനുഗ്രഹത്താൽ നന്മ മാത്രം തിരഞ്ഞെടുക്കാൻ വെമ്പുന്ന ഒരു ഹൃദയത്തിനുടമയായി ഞാൻ മാറട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.