The day of the Lord is on its way; for it is near: (Joel 2:1)
നോഹയുടെ കാലം മുതൽ രക്ഷകൻ മനുഷ്യനായിപ്പിറന്ന സമയം വരെയുള്ള ജനങ്ങളിൽ ഭൂരിഭാഗവും ശരിയായ ഒരുക്കത്തോടെ യേശുവിനെ കാത്തിരിക്കുന്നതിൽ പിഴവ് വരുത്തിയവരാണ്. അടുത്തത് നമ്മുടെ ഊഴമാണ്. മനുഷ്യപുത്രന്റെ ആഗമനത്തിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവരാണോ നാം ഇന്ന് ? ദൈവത്തിനു എടുത്തു മാറ്റാനാവാത്ത ഒരു ദുഃഖവും നമ്മിലില്ല. നമ്മുടെ ഇന്നലെകളിലെ തെറ്റായ ജീവിതരീതികളിലൂടെ വന്നു ചേർന്നിട്ടുള്ള വേദനകൾപോലും ദൈവത്തിൽ നിന്നും ലഭ്യമായ സന്തോഷത്തിനു അതീതമല്ല. നമ്മെ ദൈവത്തിൽനിന്നും അകറ്റി, നമ്മിൽ വേദനയും ആകുലതയും ജനിപ്പിക്കുന്ന എല്ലാ അവസ്ഥകളെയും ദൈവത്തിനു മുൻപിൽ തുറന്നുകാട്ടാൻ നമ്മൾ തയ്യാറാവണം.
നമ്മുടെ ഹൃദയത്തിന്റെ അന്ധത അകറ്റുന്ന, നമ്മുടെ ശരീരത്തിന്റെ രോഗങ്ങൾ സുഖപ്പെടുത്തുന്ന, കുഷ്ഠംപിടിച്ച നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്ന, അഹങ്കാരത്താൽ അടഞ്ഞുപോയ നമ്മുടെ കാതുകളെ തുറക്കുന്ന, മൃതമായ നമ്മുടെ ആത്മാവിനെയും ഹൃദയത്തെയും തൊട്ടുണർത്തുന്ന രക്ഷകന്റെ രണ്ടാം വരവിനായി നല്ല ഒരുക്കത്തോടെ സന്തോഷപൂർവം കാത്തിരിക്കുന്ന ദിനങ്ങളായിരിക്കണം ഇനി നമ്മുടെ മുൻപിലുള്ള ഓരോ ദിവസവും.
ജാഗരൂകതയോടെയുള്ള കാത്തിരിപ്പ് മനുഷ്യനു ഒരു ബലപരീക്ഷണത്തിന്റെ സമയമാണ്. കാരണം, ലോകം വച്ചുനീട്ടുന്ന പ്രലോഭനങ്ങളോടുള്ള താൽപര്യം മനുഷ്യനിൽ ശക്തമാണ്. നമ്മിലെ ഈ പോരാട്ടത്തെ നമ്മേക്കാളും നന്നായി അറിയുന്ന ദൈവം, അവയെ എതിർത്തു നിൽക്കാനും ചെറുത്തു തോൽപിക്കാനും ആവശ്യമായ കൃപകളും, പരിശുദ്ധാൽമാവിന്റെ ശക്തിയും നമുക്കെല്ലാം ധാരാളമായി നൽകുന്നുണ്ട്. നമ്മെ ദൈവത്തിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്ന എല്ലാ ബന്ധനങ്ങളുടെയും കെട്ടുകളും പ്രാർത്ഥനയിലൂടെയും, അനുതാപത്തിലൂടെയും, ഉപവാസത്തിലൂടെയും പൊട്ടിച്ചെറിഞ്ഞ്, മനുഷ്യപുത്രന്റെ അപ്രതീക്ഷിതമായുള്ള രണ്ടാംവരവിനായും കാത്തിരിക്കാൻ നമുക്കാവണം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.