“ക്രിസ്‌തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ ?”

..കഴിഞ്ഞ ദിവസം രണ്ട് zoom മീറ്റിംഗുകളിൽ പങ്കെടുക്കേണ്ടിവന്നു. രണ്ടിലെയും ചർച്ചാവിഷയം “ക്രൈസ്തവ സഭകളുടെ ഐക്യം”. ആദ്യത്തെ മീറ്റിംഗിൽ കയറിയപ്പോൾ പട്ടക്കാരും പാസ്റ്റർമാരും ഉൾപ്പെടെ എല്ലാ ക്രൈസ്തവ സഭകളിലെയും പുരോഹിത പ്രധാനികൾ ഉൾപ്പെടെ അനേകർ പങ്കെടുക്കുന്നു, സഭൈക്യം ഉദ്ബോധിപ്പിച്ച് എല്ലാവരും പ്രസംഗിക്കുന്നു. രണ്ടാമത്തെ മീറ്റിംഗിൽ അത്മായ നേതാക്കന്മാരാണ് പങ്കെടുക്കുന്നത്. എല്ലാ ക്രൈസ്തവ സഭകളെയും പ്രതിനിധീകരിച്ച് ഒന്നോ രണ്ടോ അത്മായർ വീതം അവിടെയുമുണ്ട്.

കത്തോലിക്കർ ഒഴികെയുള്ള എപ്പിസ്കോപ്പൽ സഭകളുടെ ഒരു സംഘടനയുടെ “ക്രൈസ്തവ ഐക്യ”സമ്മേളനവും എപ്പിസ്കോപ്പൽ സഭകൾ മാത്രമുള ഐക്യ സമ്മേളനവും കഴിഞ്ഞ ആഴ്ച നടന്നിരുന്നു എന്നു കേട്ടു.ഇപ്പോൾ സഭൈക്യത്തിൻ്റെ ആവശ്യകതയാണ് എവിടെയും ഉയർന്നുകേൾക്കുന്നത് . ക്രൈസ്തവ സമൂഹം സഭൈക്യത്തിൻ്റെ പ്രാധാന്യം ഇതിനോടകം വ്യക്തമായി മനസ്സിലാക്കിയിരിക്കുന്നു!

സുവിശേഷീകരണം എന്ന പ്രഥമ ലക്ഷ്യം വിസ്മരിച്ച് ജറുസലേമിൽ തമ്പടിച്ച ആദിമസഭയെ ലോകത്തിൻ്റെ അറ്റത്തോളം ചിതറിക്കാൻ കാരണമായത് കൊടിയ ക്ഷാമവും കടുത്ത പീഡനവുമായിരുന്നു. സാഹചര്യം പ്രതികൂലമായപ്പോൾ ചിതറിപ്പോയ ശിഷ്യസമൂഹം ചെന്നുപാർത്ത ഇടങ്ങളിലെല്ലാം സുവിശേഷ പ്രഘോഷണം നടത്തി, ക്രൈസ്തവ സഭ വളർന്നു.

ഭാരതസഭകളുടെ വർത്തമാനകാലം ഇത്തരമൊരു പ്രതിഭാസത്തിനാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത് എന്നു തോന്നുന്നു. ചരിത്രപരതയുടെയും ദൈവശാസ്ത്ര വ്യാഖ്യാനങ്ങളുടെയും പാരമ്പര്യ അനുഷ്ഠാനങ്ങളുടെയും പേരിൽ വിഘടിച്ചുനിന്നവരും പോരടിച്ചവരും ഇപ്പോൾ ഐക്യ ബോധമുള്ളവരായി മാറിയിരിക്കുന്നു.

പീഡനവും പ്രതികൂല സാഹചര്യങ്ങളും സഭയുടെ ഐക്യത്തിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ് എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. ക്രൈസ്തവർ ഇപ്പോൾ ചർച്ച ചെയ്യുന്നത് ലൗ ജിഹാദ്, 80:20 സംവരണവിഷയം, രാഷ്ട്രീയമായ ഒറ്റപ്പെടൽ, മാധ്യമങ്ങളുടെ അവഗണന, ക്രൈസ്തവ ജനസംഖ്യയുടെ അതിശേഷണം, അവിവാഹിതരായ പതിനായിരക്കണക്കിന് ചെറുപ്പക്കാർ… എന്നീ വിഷയങ്ങളാണ്. ഒറ്റയ്ക്കു നിന്നാൽ ഒരു സഭയ്ക്കും ഈ വിഷയങ്ങൾ പരിഹരിക്കാൻ കഴിയില്ല എന്നത് വ്യക്തമാണ്. എല്ലാ പ്രതികൂലങ്ങളും സഭൈക്യത്തിൻ്റെ പ്രാധാന്യമാണ് നമ്മെ ഓർമ്മപ്പെടുത്തുന്നത്.

പഴയനിയമ കാലഘട്ടം ഒറ്റയാൾ പ്രവാചകന്മാരുടെ കാലമായിരുന്നു. ചരിത്രത്തിൽ ഏകനായി കടന്നുവരികയും ഒരുഘട്ടം കഴിഞ്ഞാൽ നിഷ്കാസിതരാവുകയും ചെയ്യുന്നവരായിരുന്നു അവർ. മോശെയും ഏലിയാവും ഏശയ്യയും ഇങ്ങേയറ്റത്ത് സ്നാപക യോഹന്നാൻ വരെ ഏകനായി ശുശ്രൂഷ തികച്ചവരായിരുന്നു. എന്നാൽ പുതിയനിയമത്തിൽ ഒറ്റയാൾ പോരാട്ടമില്ല. യേശു രണ്ടു പേരുടെ സംഘത്തെയാണ് തനിക്കു മുമ്പേ അയയ്ക്കുന്നത്. അന്ത്യകൽപ്പന ശിഷ്യസമൂഹത്തെ ആയിരുന്ന ഏൽപ്പിച്ചത്. സ്നേഹവും കൂട്ടായ്മയും ഐക്യവുമാണ് പുതിയനിയമ സഭയുടെ പ്രത്യേകത.

ക്രിസ്തുവിൻ്റെ പേരിൽ ഒരുമിച്ചു നിൽക്കേണ്ടവർ വിഘടിച്ചു നിൽക്കമ്പോൾ ബൈബിളിൽ നിന്ന് ഉയരുന്ന ഒരു ചോദ്യമുണ്ട്. “ക്രിസ്‌തു വിഭജിക്കപ്പെട്ടിരിക്കുന്നുവോ ?”(1 കോറിന്തോസ്‌ 1:13). വ്യത്യസ്ത ദൈവശാസ്ത്രങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും പേരിലാണ് ഇന്നുള്ള സഭകളെല്ലാം രൂപപ്പെട്ടത്. ദൈവശാസ്ത്രവും വ്യാഖ്യാനങ്ങളും എല്ലാം നല്ലതു തന്നെ. എന്നാൽ ഇവയെല്ലാം ക്രിസ്തുവിലുള്ള ഐക്യത്തിലേക്ക് വിശ്വാസ സമൂഹത്തെ നയിക്കണം. ക്രിസ്തുവിനെ വിഭജിക്കുന്ന രീതിയിലുള്ള എല്ലാ സഭാബോധവും അക്ഷന്തവ്യമായ തെറ്റാണെന്ന തിരിച്ചറിവാണ് ഇനി ഉണ്ടാകേണ്ടത്.

മറ്റ് സഭകളിൽ നിന്ന് വിവാഹം കഴിക്കാനും ആണ്ടിൽ ഒരിക്കലെങ്കിലും മറ്റ് സഭകളുടെ വിശുദ്ധകുർബാനയിലും ആരാധനാ മീറ്റിംഗുകളിലും പങ്കെടുക്കാനും എല്ലാ ക്രൈസ്തവരും തയ്യാറാകണം. വിമർശന വിധേയമാക്കണം എന്ന ലക്ഷ്യം മാറ്റിവച്ച് അറിയാനും ഉൾക്കൊളളുവാനും മറ്റു സഭകളുടെ ചരിത്രം, ദൈവശാസ്ത്രം എന്നിവ പഠിക്കാനും തയാറാകണം. സഭകൾ തമ്മിലുള്ള അകലം ഇല്ലാതെയായി എവിടെയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സുവിശേഷം പ്രചരിക്കാൻ ഇന്നുള്ള രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾ നമ്മെ സഹായിക്കട്ടെ.

”അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ്‌ എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന്‌ എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു” (യോഹന്നാന്‍ 17:21) എന്ന വചനം കേരള ക്രൈസ്തവ സമൂഹത്തിൽ നിറവേറട്ടെ!

മാത്യൂ ചെമ്പുകണ്ടത്തിൽ

നിങ്ങൾ വിട്ടുപോയത്