ദി ബിഗ് ഫിഷസ് ഓഫ് ഗോഡ്.

കൊവിഡ് കാലത്ത് കണ്ട ഏറ്റവും ഹൃദയാവർജ്ജകമായ കാഴ്ച്ചയാണ് സാമൂഹിക മാധ്യമങ്ങളിലെ അൽമായ മുന്നേറ്റം. സാമൂഹിക മാധ്യമരംഗത്ത് ഇടപെടുന്ന എല്ലാവർക്കും അരൂപിയുടെ ഈ തളളിക്കയറ്റം കൃത്യമായി വായിച്ചെടുക്കാൻ സാധിക്കും. പത്തോ പന്ത്രണ്ടോ മാസങ്ങൾ കൊണ്ട് എന്തൊരു മാറ്റമാണുണ്ടായത്! അത്ഭുതം തോന്നും.

ഈ അടുത്തകാലത്ത് വരെ സാമൂഹിക മാധ്യമരംഗത്ത് സഭയെക്കുറിച്ച് നെഗറ്റീവ് മാത്രമേ കേൾക്കാനുണ്ടായിരുന്നുള്ളൂ. അച്ചന്മാരെ കുറിച്ചും. കന്യാസ്ത്രീമാരെ കുറിച്ചും പറയുകയേ വേണ്ട. സഹനവും ക്ഷമയും ആന്തരീകഭാവമായി സ്വീകരിച്ചതുകൊണ്ട് ആരും അത് കാര്യമായും എടുത്തിരുന്നുമില്ല. പക്ഷെ പരിശുദ്ധാരൂപിക്ക് അങ്ങിനെ തോന്നിയില്ല എന്ന് വേണം കരുതാൻ.

എല്ലാറ്റിനും ഒരു സമയമുണ്ടല്ലോ ദാസാ.. കാര്യങ്ങൾ കൃത്യമായി അവലോകനം ചെയ്ത്, യുക്തിഭന്ദ്രമായി, മാന്യമായ രീതിയിൽ എന്നാൽ സരസമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള സഭാതനയരുടെ ഒരു ബറ്റാലിയൻ തന്നെയാണ് കോവിഡ് ലോക്ക്ഡൗൺ സമയത്ത് സാമൂഹിക മാധ്യമരംഗത്ത് ഉദയം ചെയ്തത്!ശരിക്കും അഭിമാനമാണ്, അവരെ കുറിച്ച് ഓർക്കുമ്പോൾ – ദി ബിഗ് ഫിഷസ് ഓഫ് ഗോഡ് ഇൻ സോഷിൽ മീഡിയ.

153 വലിയ മത്സ്യങ്ങളെ കുറിച്ചുളള ഒരു കഥ ബൈബിളിലുണ്ട്. ഉയിർപ്പിന് ശേഷം ഗലീലികടലിലെത്തിയ ശിഷ്യൻമാരോട് കർത്താവ് വലയിടാൻ പറയുന്നുണ്ട്. കിട്ടാൻ സാദ്ധ്യതയില്ലെന്ന് കറ കളഞ്ഞമുക്കുവനായ പത്രോസിന് തോന്നിയെങ്കിലും, പറയുന്നത് കർത്താവാണെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ലെങ്കിലും , ചുമ്മാ വലയിട്ടപ്പോൾ കിട്ടിയത് 153 “വലിയ” മത്സ്യങ്ങൾ. ഈ “വലിയ” മത്സ്യങ്ങളാണ് ശിഷ്യന്മാരുടെ കണ്ണ് തുറന്നത്.

ഉയിർത്തെഴുനേറ്റ കർത്താവാണതെന്ന് അവർക്ക്/സഭയ്ക്ക് മനസ്സിലിയത് ഈ “വലിയ” മത്സ്യങ്ങളെ കണ്ടപ്പോഴാണ്. അത് നടന്നത് കഫർണാമിലും.(കഫർണാമിനെ കുറിച്ച് പിന്നീട് ഞാൻ പറയാം).ഉത്ഥിതനായ കർത്താവിന്റെ മഹത്വം സോഷിൽ മീഡിയയിൽ ഇപ്പോൾ പ്രഘോഷിക്കുന്നത് ഈ ബിഗ് ഫിഷസ് തന്നെയാണ്.

ഒരേ അച്ചിലും തരത്തിലും ഉള്ളവരല്ല അവരെല്ലാവരും. ഒരേ ആശയരീതിയും അവതരണ രീതിയും അവർ വച്ച് പുലർത്തുന്നുമില്ല. പക്ഷെ അരൂപിയുടെ നിമന്ത്രണത്താൽ അവരെ തമ്പുരാനുമായും സഭയുമായും കൂട്ടിക്കെട്ടുന്ന അദ്യശ്യമായ നൂലിഴകൾ കണ്ടെത്താൻ ഒരു ബുദ്ധിമുട്ടുമില്ല.

ഈ മുന്നേറ്റത്തിൽ അൽമായ സഹോദരങ്ങൾ തനിച്ചുമല്ല. ഒരോ ദശകത്തേയും അടയാളപ്പെടുത്തുന്ന ഒറ്റ മണികൾ പോലെ ഇവരോടൊപ്പം കട്ടയ്ക്ക് നിൽക്കുന്ന വൈദിക സന്യസ്ത സഹോദരങ്ങളെയും നമുക്ക് ഇവിടെ കാണാനാവും. ജപമാലയിലെ മണികളിലൊന്നിനെപോലെ മാത്രം അവരിലൊരുവരായി നിൽക്കുന്ന അവരെ കുറിച്ചും അഭിമാനം.

ഈ ബിഗ് ഫിഷസ് ഓഫ് ഗോഡിനോടുള്ള ആദരമാണീ കുറിപ്പ്. നിങ്ങളെ, നിങ്ങളുടെ വിശ്വസ്തതയെ ദൈവം കാണുന്നുണ്ട്, ദൈവം അനുഗ്രഹിക്കട്ടെ.എനിക്കറിയാവുന്ന ബിഗ് ഫിഷസിനെ കമന്റ് ബോക്സിൽ കുറിക്കുന്നുണ്ട്, പ്രാർത്ഥനയോടെ. കർത്താവിന്റെ ബിഗ് ഫിഷിൽപെടുന്നു എന്ന്‌ നിങ്ങൾക്ക് തോന്നുന്നവരെ നിങ്ങൾക്കും ഈ നൂലിൽ കുറിക്കാം, പരസ്പരം പ്രാർത്ഥിക്കാം, ശക്തിപ്പെടുത്താം.ദൈവം അനുഗ്രഹിക്കട്ടെ.

ഫാ .ജെയ്‌സൺ മുളവരിക്കൽ