അവർണനീയമായ ദാനത്തിനു കർത്താവേ, നന്ദി!

പ്രിയ ബഹുമാനപ്പെട്ട വൈദികരേ, സമർപ്പിതരേ, സഹോദരങ്ങളേ, മക്കളേ

നമ്മുടെ പരിശുദ്ധ കുർബാനയിലെ കൈവയ്‌പുപ്രാർഥനയിൽ ഇങ്ങനെ പറയുന്നുണ്ട്: ‘റൂഹാദ്ക്കുദ്‌ശായുടെ കൃപാവരത്താൽ യഥാർഥ പൗരോഹിത്യത്തിന്റെ പദവികൾ കൈവയ്‌പുവഴി നൽകപ്പെടുന്നു. വിശ്വാസി കൾക്ക് ആത്മീയശുശ്രൂഷ ചെയ്യുന്നതിനു പരിശുദ്ധമായ സഭാശരീര ത്തിലെ സവിശേഷ അംഗങ്ങളാകാൻ നിസാരരും ബലഹീനരുമായ ഞങ്ങളെ അങ്ങു കാരുണ്യാതിരേകത്താൽ യോഗ്യരാക്കി.’ ഇപ്രകാരം കർത്താവിന്റെ കാരുണ്യാതിരേകത്താൽ വിശ്വാസികൾക്ക് ആത്മീയ ശുശ്രൂഷ ചെയ്യുന്നതിനു യോഗ്യനാക്കപ്പെട്ട നിസാരനും ബലഹീനനു മായ ഒരു എളിയദാസനാണു ഞാൻ.

കർത്താവിന്റെ അജഗണത്തെ നയിക്കാനും പഠിപ്പിക്കാനും വിശു ദ്ധീകരിക്കാനുമുള്ള ദൈവനിയോഗമായ സഭാശുശ്രൂഷ, വൈദികൻ, സഹായമെത്രാൻ, മെത്രാപ്പോലീത്താ എന്നീ പദവികളിൽ അമ്പതുവർഷ ത്തോളം നിർവഹിക്കാൻ കർത്താവെന്നെ അനുഗ്രഹിച്ചു. നന്ദിയും സ്നേഹവും നിറഞ്ഞ ഹൃദയത്തോടെ ഔദ്യോഗികമായ സഭാശുശ്രൂഷ യിൽനിന്നു ഞാൻ വിരമിക്കുകയാണ്.

നല്ലവനായ എൻ്റെ ദൈവത്തിൻ്റെ പക്കലേക്കാണ് എന്റെ ഹൃദയം ഒന്നാമതായി തിരിയുന്നത്. ദൈവത്തിൻ്റെ അപരിമേയവും അവർണനീയവുമായ സ്നേഹത്തിൻ്റെയും കരുണയുടെയും മുമ്പിൽ ഞാൻ ശിരസു നമിക്കുന്നു. അവിടുത്തെ നിഗൂഢവും അദ്ഭുതാവഹവുമായ പരിപാലനം എന്നും എന്നോടൊപ്പമുണ്ടായിരുന്നു. അവിടുത്തെ കൃപയോടു വേണ്ട വിധം സഹകരിക്കാതെ വീഴ്‌ചവരുത്തിയ നിമിഷങ്ങളെ ഓർത്തു ഞാൻ അനുതപിക്കയും മാപ്പപേക്ഷിക്കയും ചെയ്യുന്നു.

എൻ്റെ ദൈവവിളി ഫലദായകമാകാൻ സഹായിച്ചു പിന്തുണച്ച് എനിക്കുവേണ്ടി പ്രാർഥിച്ച എല്ലാവരോടും ഞാൻ ഹൃദയപൂർവം നന്ദി പറയുന്നു. പ്രത്യേകമായി എന്‍റെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, കുടുംബാംഗങ്ങൾ, ബന്ധുമിത്രാദികൾ, സഹപാഠികൾ, ഗുരുജനങ്ങൾ, ഉപകാരികൾ എന്നിവരോടുള്ള എൻ്റെ കടപ്പാടു വാക്കുകൾക്കതീതമാണ്. അവരെയെല്ലാം ദൈവസന്നിധിയിൽ സമർപ്പിച്ചു ഞാൻ പ്രാർഥിക്കുന്നു.

എന്നെ സെമിനാരിയിൽ സ്വീകരിച്ച ദൈവദാസൻ മാർ മാത്യു കാവുകാട്ട് പിതാവിനോടും ഏറെ പ്രോത്സാഹിപ്പിച്ചു വളർത്തിയ മാർ ആൻ്റണി പടിയറപ്പിതാവിനോടും എന്നെ സഹായമെത്രാനായി സ്വീക രിച്ചു വഴിനടത്തിയ മാർ ജോസഫ് പവ്വത്തിൽ പിതാവിനോടും എനിക്കു വലിയ കടപ്പാടുണ്ട്. എന്റെ സഹായമെത്രാനും പിൻഗാമിയുമായ അഭി. തോമസ് തറയിൽപിതാവിനെ നന്ദിയോടെ ഓർക്കുന്നു. അദേഹത്തിന്റെ മേല്‌പട്ടശുശ്രൂഷാകാലം അതിരൂപതയ്ക്കും സഭയ്ക്കും വലിയ ദൈവാ നുഗ്രഹത്തിൻ്റെ വർഷങ്ങളാകട്ടെയെന്നു പ്രാർഥിക്കുന്നു.

എന്റെ മേല്‌പട്ടശുശ്രൂഷയിലെ അനുദിനഭരണകാര്യങ്ങളിൽ അടുത്ത സഹപ്രവർത്തകരായി ഒരുമനസോടെ കൂടെയുണ്ടായിരുന്ന ബഹു. അതിരൂപതാകച്ചേരിയിലെ അംഗങ്ങളായ വൈദികരേ എനിക്ക് നിങ്ങ ളോട് ഏറെ നന്ദിയുണ്ട്. നിങ്ങളുടെ ആത്മാർഥമായ സഹകരണമില്ലാ യിരുന്നെങ്കിൽ എനിക്ക് ഒന്നുംതന്നെ ചെയ്യാൻ സാധിക്കുമായിരുന്നില്ല.

അതിരൂപതയിലുടനീളം വിവിധങ്ങളായ അജപാലനപ്രവർത്തന ങ്ങൾക്കു നേതൃത്വം കൊടുക്കുകയും അവയെ ഏകോപിപ്പിക്കുകയും ചെയ്യുന്ന ഡിപ്പാർട്ടുമെൻ്റുകളുടെ ഡയറക്‌ടർ അച്ചന്മാരോടും അല്‌മായ നേതാക്കളോടും വിവിധ സംഘടനകൾക്കും പ്രസ്ഥാനങ്ങൾക്കും നേതൃത്വം കൊടുക്കുന്നവരോടും എനിക്കു വളരെ നന്ദിയുണ്ട്. അതി രൂപതാകുടുംബത്തെ മുഴുവൻ വിശ്വാസജീവിതത്തിൽ സജീവമായി നിലനിർത്താൻ അധ്വാനിക്കുന്നവരാണു നിങ്ങൾ.

അതിരൂപതയുടെ ഭരണനിർവഹണത്തിൽ നിയമാനുസൃതം സഹ കരിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ആലോചനാസമിതി, വൈദിക സമിതി, സാമ്പത്തികകാര്യസമിതി, പാസ്റ്ററൽ കൗൺസിൽ, ഫൊറോനാ കൗൺസിൽ തുടങ്ങിയ അജപാലകസമിതികളിലെ അംഗങ്ങൾ, പള്ളി യോഗാംഗങ്ങൾ എന്നിവരെയും ഏറെ നന്ദിയോടെ സ്‌മരിക്കുന്നു.

കൂടെയായിരുന്നുകൊണ്ടു വളരെ ത്യാഗപൂർണമായ സേവനം നിർ വഹിച്ച എൻ്റെ എല്ലാ സെക്രട്ടറിമാരോടുമുള്ള ഹൃദയംനിറഞ്ഞ നന്ദി അറിയിക്കുന്നു. അതോടൊപ്പം റീജൻസിക്കാരായ വൈദികാർഥികളോടും ഞാൻ നന്ദി പറയുന്നു. അതിരൂപതാകേന്ദ്രത്തിൽ സേവനംചെയ്യുന്ന ബഹു. സിസ്റ്റേഴ്‌സ്, വാഹനസാരഥികൾ തുടങ്ങിയ മറ്റുസഹോദരങ്ങൾ, വിവിധ ഓഫീസുകളിൽ സേവനം ചെയ്യുന്നവർ എന്നിവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു.

എന്റെ പ്രിയപ്പെട്ട വൈദികരേ,

എന്റെ അജപാലനശുശ്രൂഷ യാഥാർഥ്യമാക്കിയതു നിങ്ങളോരോരു ത്തരുമാണ്. നിങ്ങളെക്കൂടാതെ എനിക്കൊന്നും സാധിക്കുമായിരുന്നില്ല. ഫൊറോനാവികാരിമാരായും ഇടവകവികാരിമാരായും അന്തി മാരായും സ്ഥാപനാധികാരികളായുമൊക്കെ നിങ്ങൾ ചെയ്‌ത ശുശ്രൂഷ കളാണ് എൻ്റെ ദൈവനിയോഗം പൂർത്തീകരിക്കാൻ ഇടയാക്കിയത്. യഥാർഥയിടയനായ ഈശോമ്ശിഹായുടെ അജപാലനശുശ്രൂഷ മ്ശിഹാ യ്ക്കുവേണ്ടി നമ്മൾ ഒന്നുചേർന്നു നിർവഹിക്കുകയായിരുന്നു. ഇക്കാര്യ ത്തിൽ നിങ്ങൾ നൽകിയ സഹകരണവും നിങ്ങളുടെ സ്നേഹവും അനുസരണവും ഞാനൊരിക്കലും മറക്കുകയില്ല. നന്ദിയോടെ ഞാൻ നിങ്ങൾക്കുവേണ്ടി തുടർന്നും പ്രാർഥിക്കും.

പ്രിയപ്പെട്ട സമർപ്പിതരേ,

വിവിധ സമർപ്പിതസമൂഹങ്ങളിൽപ്പെട്ട വൈദികരും ബ്രദേഴ്‌സും സിസ്റ്റേഴ്സു‌ം എന്റെ്റെ ശുശ്രൂഷാനിർവഹണത്തിൽ നൽകിയ സഹകരണവും പിന്തുണയും എനിക്കു ശക്തി പകർന്നിട്ടുണ്ട്. അതിരൂപതയോടുചേർന്ന് അച്ചടക്കത്തോടെയുള്ള നിങ്ങളുടെ സമർപ്പിതശുശ്രൂഷ അതിരൂപതയെ മുഴുവൻ ആത്മീയചൈതന്യത്തിൽ വളർത്താൻ സഹായിക്കുന്നു. ബഹു. സിസ്റ്റേഴ്‌സിന്റെ നിഷ്‌കളങ്കസ്നേഹവും നിസ്വാർഥശുശ്രൂഷകളും നിശബ്ദ പ്രാർഥനയും എനിക്കെന്നും തുണയും ശക്തിയുമായിരുന്നു. നിങ്ങളെല്ലാ വരോടുമുള്ള നന്ദിയും സ്നേഹവും ഞാനറിയിക്കുന്നു.

എൻ്റെ വാത്സല്യമുള്ള വൈദികാർഥികളേ,

നിങ്ങൾക്ക് എന്നോടുള്ള സ്നേഹത്തിനും അനുസരണത്തിനും വളരെയേറെ നന്ദിയുണ്ട്. ഈശോയുടെയും തിരുസഭയുടെയും പേരിൽ നിങ്ങളെക്കുറിച്ച് എനിക്കു വളരെയേറെ പ്രതീക്ഷയുമുണ്ട്. നിങ്ങളുടെ ദൈവവിളിക്കു ചേർന്നവിധം വിശ്വസ്‌തതയോടും വിശുദ്ധിയോടും സ്നേഹത്തോടുംകൂടി ശുശ്രൂഷ ചെയ്യുന്ന ഉത്തമവൈദികരായി നിങ്ങളെ കാണാൻ ഞാനാഗ്രഹിക്കുന്നു. അതിനായി പ്രാർഥിക്കയും ചെയ്യുന്നു.

അതിരൂപതാകുടുംബത്തിലെ അല്‌മായരായ സഹോദരങ്ങളേ, മക്കളേ

അതിരൂപതാംഗങ്ങളായ നിരവധി അല്‌മായസഭാമക്കളെ സ്വദേശത്തും പ്രവാസദേശങ്ങളിലുമായി എനിക്കു നേരിട്ടും അല്ലാതെയും ബന്ധപ്പെടാനും പരിചയപ്പെടാനും കഴിഞ്ഞിട്ടുണ്ട്. അതിരൂപതയെയും മാതൃ സഭയെയും ആത്മാർഥമായി സ്നേഹിക്കയും അതിന്റെ വിശ്വാസ പാരമ്പര്യങ്ങളിൽ അടിയുറച്ചു ജീവിക്കാൻ ആഗ്രഹിക്കയും അതിനായി പരിശ്രമിക്കയും ചെയ്യുന്ന അല്‌മായസഭാമക്കളെക്കുറിച്ച് എനിക്ക് ഏറെ അഭിമാനവും ആദരവുമുണ്ട്. പ്രിയപ്പെട്ടവരേ, എന്റെ അജപാലന ശുശ്രൂഷയിലുടനീളം നിങ്ങളെനിക്കു വലിയപിന്തുണയും ബലവും പ്രോത്സാഹനവുമായിരുന്നു. നിങ്ങളാണു ലോകത്തിൽ, ഭൗതികജീവിത മണ്ഡലങ്ങളിൽ ഈശോമിശിഹായ്ക്കും തിരുസഭയ്ക്കും സജീവസാക്ഷി കൾ. ഈ അല‌മായപ്രേഷിതദൗത്യം നിങ്ങൾ അഭംഗുരം തുടരണമെന്നു ഞാനഭ്യർഥിക്കുന്നു.

പ്രിയപ്പെട്ട യുവജനങ്ങളേ, സഭയുടെയും സമൂഹത്തിന്റെയും നല്ല ഭാ വിക്കുവേണ്ടി നിങ്ങളിലേക്കാണു ലോകം ഉറ്റുനോക്കുന്നത്. ആ ദൗത്യം നിങ്ങളുടെ ദൈവനിയോഗമാണ്. മുതിർന്നതലമുറയ്ക്കു നിങ്ങൾ പിൻ ബലവും ഇളംതലമുറയ്ക്കു മാർഗദർശികളുമാകണം.

നമ്മുടെ അതിരൂപതാകുടുംബത്തിൽനിന്നു വളരെപ്പേർ വീടും നാടും വിട്ടു ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്നവരുണ്ട്. നമ്മുടെ സഭാ സംവിധാനങ്ങളുള്ള സ്ഥലങ്ങളിലായിരിക്കുന്നവർ ആ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സഭാജീവിതത്തിലും പ്രവർത്തനങ്ങളിലും സജീവ മായി പങ്കുചേരണമെന്നഭ്യർഥിക്കുന്നു. അതിനവരെ സഹായിക്കാനാണു പ്രവാസി അപ്പോസ്‌തലേറ്റ് ശ്രമിക്കുന്നത്. നമ്മുടെ സഭാസംവിധാനങ്ങ ളില്ലാത്ത പ്രദേശങ്ങളിലായിരിക്കുന്നവർ കഴിയുന്നത് മാത്യസഭയും മാതൃരൂപതയുമായി ബന്ധം പുലർത്തിക്കൊണ്ടു വിശ്വാസജീവിതത്തിൽ തുടരാനും പ്രവാസി അപ്പോസ്‌തലേറ്റ് സഹായിക്കുന്നു. ഇക്കാര്യത്തിൽ പ്രവാസികളായ അതിരൂപതാംഗങ്ങൾ കാണിക്കുന്ന ഉത്സാഹവും നൽകുന്ന സഹകരണവും എനിക്ക് ഏറെ സന്തോഷം നൽകുന്നു. നിങ്ങൾക്ക് എന്റെ ഹൃദയംനിറഞ്ഞ നന്ദി.

ഈശോയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കുഞ്ഞുമക്കളേ,

നിങ്ങളെ ഞാനും ഏറെ സ്നേഹിക്കുന്നു. നിങ്ങൾ ഈശോയെ സ്നേഹിച്ചുതന്നെ വളരണം. അതിനു നിങ്ങളെ സഹായിക്കുന്നതാണു തിരു ബാലസഖ്യവും ചെറുപുഷ്‌പ മിഷൻലീഗും സൺഡേസ്‌കൂളുമൊക്കെ. അവയിലൊക്കെ നിങ്ങൾ ഉത്സാഹത്തോടെ പങ്കെടുക്കണം. അൾത്താര ബാലന്മാർ നല്ല ഒരുക്കത്തോടും ഭക്തിയോടുംകൂടി മദ്ബഹായിൽ ശുശ്രൂഷി ക്കുകയും മറ്റുള്ളവർക്കു നല്ല മാതൃകയായിരിക്കയും വേണം.

പ്രിയപ്പെട്ട അതിരൂപതാകുടുംബാംഗങ്ങളേ

, സന്തോഷത്തോടെയാണു ഞാൻ വിരമിക്കുന്നത്. നിങ്ങൾ എന്നോടു കാണിച്ച സ്നേഹവും സഹകരണവുമാണ് അതിന്റെ ഒരു പ്രധാനകാരണം. എല്ലാക്കാര്യങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞെന്നോ, കുറവുകളൊന്നു മില്ലായിരുന്നെന്നോ പറയാനാകില്ല. എൻ്റെ കഴിവും സാഹചര്യങ്ങളു മനുസരിച്ച് ഞാൻ പരിശ്രമിച്ചു. നിങ്ങളുടെയൊക്കെ സഹകരണത്തിലൂടെ കുറെയെല്ലാം ചെയ്തു. ആരെയും മനഃപൂർവം ഞാൻ വേദനിപ്പിച്ചിട്ടില്ല. എങ്കിലും ചിലനടപടികൾ ചിലർക്കു വേദനയുളവാക്കിയിരിക്കാം. എന്റെ മനഃസാക്ഷിയുടെ പ്രേരണയിൽ, പ്രാർഥിച്ചു നിഷ്‌പക്ഷതയോടെ, എന്റെ ദൗത്യനിർവഹണത്തിൻ്റെ ഭാഗമെന്നനിലയിലെടുത്ത ചിലനടപടികൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണമെന്നു സ്നേഹപൂർവം അഭ്യർഥിക്കുന്നു. എൻ്റെ മനസിൽ ആരോടും പിണക്കമില്ല. ഞാൻ നിങ്ങൾ ക്കെല്ലാവർക്കുംവേണ്ടി പ്രാർഥിക്കുന്നു. നിങ്ങൾ എനിക്കുവേണ്ടിയും പ്രാർഥിക്കണമെന്നപേക്ഷിക്കുന്നു.

എൻ്റെ പിൻഗാമിയായ അഭിവന്ദ്യ തോമസ് തറയിൽപിതാവിനോട് ആത്മാർഥമായി സഹകരിച്ചുകൊണ്ട്, ‘അതിരൂപതയിൽ നാമൊരു കുടുംബം’ എന്ന ആദർശത്തിൽ അടിയുറച്ച്, ഒരുമനസോടെ മുന്നേറാൻ നമ്മുടെ കർത്താവായ മ്‌ശിഹാ നിങ്ങളെല്ലാവരെയും അനുഗ്രഹിക്കട്ടെ.

സ്നേഹപൂർവം,

ആര്‍ച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം

നിങ്ങൾ വിട്ടുപോയത്