ആരാധനാ വത്സരത്തിലെ ചില വിശേഷദിവസങ്ങളില്‍ പ്രത്യേകതരം പലഹാരങ്ങള്‍ ഉണ്ടാക്കണമെന്നും അത് ഭക്ഷിക്കുമ്പോൾ അതിന്റെ പശ്ചാത്തലവും പാരമ്പര്യവും മാതാപിതാക്കള്‍ ഇളം തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്ന പതിവ് പഴയകാല ക്രിസ്ത്യാനികൾ തുടർന്നിരുന്നു. ഇത്തരം അറിവുകൾ പകർന്നുനൽകേണ്ടത് ഓരോ ക്രിസ്ത്യാനികളുടെയും കടമ കൂടിയാണ്.

1 . പാച്ചോറ്
പഴയകാലങ്ങളില്‍ വിവാഹസദ്യയില്‍ ആദ്യം പാച്ചോറും ഇളനീരും (ജീരകമിട്ട് ചക്കര ഉരുക്കിയത്) ആണ് വിളമ്പിയിരുന്നത്. ഇത് അറിവിന്റേയും ശക്തിയുടേയും റൂഹായെ പ്രാപിക്കുക എന്നർത്ഥമാക്കുന്നു. മാമോദീസ, കല്ല്യാണം, ദനഹാ പെരുന്നാള്‍, അതുപോലെ ശിഷ്യന്മാർ റൂഹായെ പ്രാപിച്ച ദിവസമായ പെന്തിക്കോസ്ത തിരുനാളിനും ഈ പലഹാരം ഉണ്ടാക്കി കഴിക്കാറുണ്ടായിരുന്നു.

 1. വെള്ളപ്പം
  കർത്താവിന്റെ ജനനപ്പെരുന്നാളിന് ഉണ്ടാക്കേണ്ട പലഹാരം. നാം പ്രകാശത്തിന്റെ മക്കളാണെന്ന് സൂചിപ്പിക്കുന്നു.
 2. കള്ളപ്പം
  വലിയ നോമ്പിന്റെ തലേദിവസം (പേത്രത്ത) കള്ള് ഒഴിച്ച് ഈ പലഹാരം ഉണ്ടാക്കുന്നു. നോമ്പ് വീടുന്നതു വരെ കള്ള് പോലുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കരുതെന്ന് ഓർമ്മിപ്പിക്കുന്ന പലഹാരമാണ് ഇത്.
 3. ഇണ്ടേറി
  അമ്പതു നോമ്പിന്റെ പകുതിനോമ്പ് ദിവസം ബുധനാഴ്ച ഉണ്ടാക്കേണ്ട പലഹാരം. ആദാമിനെ കബറടക്കിയ സ്ഥലത്താണ് കര്ത്താവിന്റെ കുരിശ് നാട്ടിയതെന്നും കര്ത്താവിന്റെ ശരീരത്തില്‍ നിന്നും രക്തം താഴേക്ക് ഒഴുകിയപ്പോള്‍ കുരിശിനടിയിലുണ്ടായിരുന്ന പാറ നടുപിളര്ന്ന് രക്തവും വെള്ളവും ആദാമിന്റെ വായിലേക്ക് ഇറ്റിറ്റുവീണുവെന്നുമുള്ള വിശ്വാസത്തില് നിന്നുമാണ് ഇത് ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് പാറ പോലുള്ള ഇണ്ടേറി ഉണ്ടാക്കി മുറിക്കാതെ നടുപിളര്ത്തി കഴിക്കണം.
 4. കൊഴുക്കട്ട
  വലിയ നോമ്പിലെ നാല്പത്തൊന്നാം (ശനിയാഴ്ച) ഉണ്ടാക്കുന്ന ഒരു പലഹാരം. അമ്പതു നോമ്പിന്റെ ആദ്യ നാല്പത് ദിവസം കർത്താവ് നോമ്പ് നോറ്റതിനേയും പിന്നീടുള്ള പത്ത് ദിവസം കർത്താവിന്റെ കഷ്ടാനുഭവത്തേയും ഓർത്തു കൊണ്ടാണ് നാം നോമ്പ് അനുഷ്ഠിക്കുന്നത്. കർത്താവ് നാല്പത് ദിവസം നോമ്പ് നോറ്റ് വീടിയതുപോലെ നാമും നാല്പത് ദിവസം നോമ്പ് നോറ്റ് വീടണം. എന്നാൽ പിന്നീടുള്ള പത്ത് ദിവസം അവിടുത്തെ കഷ്ടാനുഭവത്തെയും ഓർത്ത് നാം നോമ്പ് അനുഷ്ഠിക്കുന്നതു കൊണ്ട് അതുവരെ അനുഷ്ഠിച്ചു വന്ന നോമ്പിന്റെ തീക്ഷണത ഒട്ടും കുറയ്ക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. കൊഴുക്കട്ടയ്ക്കുള്ളില്‍നാളികേരത്തോടൊപ്പം തെങ്ങിൽ ചക്കരയോ പനംചക്കരയോ ചേർക്കുന്നു. ചക്കര കള്ളിൽ നിന്നാണല്ലോ ഉണ്ടാക്കുന്നത്. കൊഴു എന്നാല് മഴു എന്നർത്ഥം. ഭൂമിയെ കൊഴു പിളർന്ന് ചിതറിക്കുന്നതുപോലെ പാതാള വാതുക്കല്‍ നോമ്പിനെ മുറിയ്ക്കാന്‍ ഉപയോഗിക്കുന്നത് എന്നർത്ഥത്തിൽ കൂടിയാണ് കൊഴുക്കട്ട എന്ന് ഈ പലഹാരത്തെ വിളിക്കുന്നത്
 5. പീച്ചിപ്പൊടി
  വലിയ നോമ്പിലെ നാല്പതാം ദിവസം ഉണ്ടാക്കേണ്ട പലഹാരം. നാല്പതാം ദിവസത്തെ കാണിക്കുവാന്‍ ‍നാല് വിരല്‍ ഉപയോഗിച്ച് ഉണ്ടാക്കണം.
 6. ഔലോസ്പ്പൊടി
  വലിയ നോമ്പ് വീടുന്ന ദിവസം ഉണ്ടാക്കേണ്ട പലഹാരം. അരിപൊടിച്ചതും ചിരകിയ തേങ്ങയും നല്ലപോലെ യോചിപ്പിച്ച് ഉരുളിയിലിട്ട് അടുപ്പിനടുത്ത് ചൂട് സഹിച്ച് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഇരുന്ന് എടതടവില്ലാതെ ഇളക്കിയാലെ അടിയില് പിടിക്കാതെ അവിലോസ് പൊടി തയ്യാറാവുകയുള്ളു. അത് കഠിനവും നിരന്തരവുമായ പ്രവർത്തിയാണ്. അതുപോലെ നിരന്തരമായ പ്രാർത്ഥനകൊണ്ടും കഠിന ഉപവാസം കൊണ്ടും കർത്താവ് പിശാചിനെ ജയിച്ചതുപോലെ നമുക്കും പിശാചിനെ ജയിക്കുവാൻ സാധിച്ചതിനെ ഓർമിപ്പിക്കുന്നു.

നിങ്ങൾ വിട്ടുപോയത്