യഹൂദജനത്തിന്റെ ഇടയിൽ യേശു ആരാണ് എന്ന കാര്യത്തിൽ ഒട്ടേറെ സംശയങ്ങളും അഭിപ്രായങ്ങളും നിലവിലുണ്ടായിരുന്നു. അവയെക്കുറിച്ചെല്ലാം ശിഷ്യന്മാരും ബോധാവാന്മാരായിരുന്നുവെന്ന് ഇന്നത്തെ വചനഭാഗം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം ഈശോ തന്റെ ശിഷ്യരുടെ അഭിപ്രായം ആരായുന്നത്. ആശയകുഴപ്പവും അജ്ഞതയും അബദ്ധചിന്തകളും കൈയടക്കിയിരിക്കുന്ന ലോകത്തിൽ ഒരിക്കലും അപ്രസക്തമാകാത്ത ഒരു ചോദ്യമാണ് ഈശോ തന്റെ ശിഷ്യരോട് ചോദിച്ചത്, ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്?”. ഈ ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാതെ ഒരാൾക്കും ഈശോയെ അനുഗമിക്കാൻ സാധിക്കുകയില്ല.
ഈശോയെ അനുഗമിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും ഈശോ ആരാണെന്ന ചോദ്യത്തിന് ഉത്തരം പറയാൻ കടപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ ഈശോ ദൈവമാണ് എന്ന ബോധ്യവും, ആ ബോധ്യത്തിൽനിന്നും ഉടലെടുക്കുന്ന ഭക്തിയും ഭയവും നമുക്കുണ്ടായിരിക്കണം. ഈശോ സ്വീകരിച്ച മനുഷ്യരൂപം അവിടുത്തെ ദൈവീകസ്വഭാവത്തിന് യാതൊരു മങ്ങലും എല്പ്പിച്ചിട്ടില്ല. മനുഷ്യനോടുള്ള സാദൃശ്യം ഈശോയുടെ ഒരു ന്യൂനതയല്ല, അത് ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തിന്റെ ദൃശ്യരൂപമാണ്.
സ്വർഗ്ഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു തരും” (മത്തായി 16:19) എന്ന വാഗ്ദാനം നല്കാൻ ദിവ്യശക്തികളുള്ള ഒരു വ്യക്തിക്ക് സാധിക്കുകയില്ല. കാരണം, സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഒരു അത്ഭുത പ്രവർത്തകന്റെയും സ്വന്തമല്ല.
ദൈവത്തിന്റെ ദാനമാണ്. ദൈവത്തിന്റെ വഴികളെക്കുറിച്ചുള്ള അറിവാണ് ഒരുവനെ ആൽമിയതയിൽ പൂർണ്ണനാക്കുന്നത്. 1കോറിന്തോസ് 12 : 3 ൽ പറയുന്നു, യേശു കര്‍ത്താവാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നു പറയുന്നു. പത്രോസ് പറഞ്ഞതു പോലെ ദൈവത്തിന്റെ പുത്രനാണെന്ന് പരിശുദ്ധാൽമാവിന്റെ ശക്തിയാൽ നമുക്കും ഏറ്റു പറയാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ