നമ്മുടെ ക്രിസ്തുമസ് നക്ഷത്രങ്ങൾ നയിക്കേണ്ടത് ഈശോയിലേക്കോ ഹേറോദോസിലേക്കോ ?
ബെത്ലെഹെമിലെ നക്ഷത്രത്തിന്റെ ചിന്ത മുഴുവൻ ഈശോയെക്കുറിച്ചായിരുന്നു.
ജ്ഞാനികൾ പറഞ്ഞു: “ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു”.ആ നക്ഷത്രം ഈശോയുടെതായിരുന്നു. ആ നക്ഷത്രത്തെപ്പോലെ വിശ്വസ്തനായ ഓരോ ക്രിസ്ത്യാനിയും ഈശോയുടെതാണ്. ആ നക്ഷത്രത്തിലെ ഓരോ രശ്മിയും ഈശോയെ ആട്ടിടയർക്ക് കാണിച്ചു.അതെ അത് ദൈവത്തിന്റെ നക്ഷത്രമായിരുന്നു.
ഈശോയുടെ വ്യക്തിത്വത്തിൽ നമ്മെത്തന്നെ മറക്കുന്നത് നല്ലതാണ്, അങ്ങനെ നമ്മുടെ ഓരോ ചലനവും നമ്മുടെ ഓരോ പ്രവൃത്തിയും ഈശോയെ പ്രകാശിപ്പിക്കുന്നു.നാം വളരെ ചെറിയ നക്ഷത്രമായിരിക്കാം, പക്ഷെ അത് ഈശോയ്ക്ക് വേണ്ടി മിന്നിത്തിളങ്ങണം.നമ്മിലെ പ്രകാശം എത്ര ദുർബലമാണെങ്കിലും, നാം ഈശോയുടെ നക്ഷത്രമാണെന്ന് വ്യക്തമായിരിക്കട്ടെ.
ബെത്ലെഹെമിലെ നക്ഷത്രം ആളുകളെ ഈശോയിലേക്ക് നയിച്ചു.
മനുഷ്യരെ ഈശോയിലേക്ക് നയിക്കുന്ന നക്ഷത്രം എപ്പോഴും ഈശോയിലേക്ക് പോകണം. പ്രബോധനത്താൽ ദൈവത്തിലേക്ക് നയിക്കപ്പെടുന്നതിനേക്കാൾ, ജീവിത മാതൃകയാൽ ഈശോയിലേക്ക് നയിക്കപ്പെടുന്നതാണ് നല്ലത്.
സ്വയം തിളങ്ങുക എന്നത് ഒരു ചെറിയ കാര്യമാണ്. എന്നാൽ ആളുകളെ ഈശോയിലേക്ക് നയിക്കുക എന്നത് വലിയ കാര്യമാണ്. ജീവനുള്ള ഈശോയെ മനുഷ്യരുടെ മുഖാമുഖം കൊണ്ടുവരുന്നത് വരെ നാം എന്ന നക്ഷത്രത്തിന്റെ ദൗത്യം പൂർത്തിയാകില്ല.ദൈവം ഉപയോഗിച്ച നക്ഷത്രം ഈശോയിൽ വന്നു നിന്നു.ക്രിസ്തുമസ് നക്ഷത്രം ആട്ടിടയരെ ഈശോയുടെ അടുക്കൽ കൊണ്ടുവന്നു. പിന്നെ, ഈശോ ഉണ്ടായിരുന്നിടത്ത് അത് നിശ്ചലമായി.
ഈ ദിവസങ്ങളിൽ നമ്മുടെ ആകാശങ്ങളിൽ ശ്രദ്ധേയമായ ചില നക്ഷത്രങ്ങളുണ്ട്. ആളുകളെ ഈശോയിലേക്ക് നയിക്കുമെന്ന് അവർ അവകാശപ്പെടുന്നു.എന്നാൽ നാരകീയ ശക്തികളുടെ അന്ധകാര ലോകത്തിന്റെ കറുത്ത നക്ഷത്രത്തിന്റെ ലൗകിക വെളിച്ചത്തിലേക്ക് അവർ നയിക്കുന്നു.ജ്ഞാനികൾ നക്ഷത്രത്തിന്റെ പിന്നാലെ നടന്ന് ജറുസലെമിലെത്തി.പിന്നെ നാം അവരെ കാണുന്നത് ഹേറോദേസ് രാജാവിന്റെ കൊട്ടാരത്തിലാണ്.
ഫലമോ ഹേറോദോസിന്റെ കൊട്ടാരത്തിലേക്ക് അവർ ആനയിക്കപ്പെടുന്നു.ഹേറോദേസിന്റെ അരമനയ്ക്കു ചുറ്റും കണ്ണുനീരുമാത്രം നല്കുന്ന സന്തോഷങ്ങളുടെ ലഹരിയിൽ എത്രയൊ കാലമായി ആ നക്ഷത്രം കറങ്ങുന്നു.നക്ഷത്രത്തിന്റെ കാഴ്ച അവര്‍ക്ക് താല്‍ക്കാലികമായി നഷ്ടപ്പെട്ടു.ഇന്ന് പലര്‍ക്കും സംഭവിക്കാവുന്ന ഒരു അബദ്ധമാണിത്.സംഭവിച്ചുക്കൊണ്ടിരിക്കുന്നതും ഇത് തന്നെയാണ്.
സീറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത് ഇത് തന്നെ. പരിശുദ്ധാത്മാവിന്റെ പ്രചോദനങ്ങളെ മറന്ന് സ്വന്തം ബുദ്ധിയില്‍ ആശ്രയിക്കുന്നവരാണ് തെറ്റിദ്ധരിക്കപ്പെട്ടു ഹേറോദോസിന്റെ പുതിയ കൊട്ടാരങ്ങൾ തേടി യാത്ര ചെയ്യുന്നത്.പല നിഷ്കളങ്കരായ വിശ്വാസികളെയും അവർ വഴി തെറ്റിക്കുന്നു.എല്ലാവർക്കും തിരിച്ചു വരാൻ സമയം ഉണ്ട്.
ആത്മാര്‍ത്ഥമായി യേശുവിനെ അന്വേഷിക്കുന്നവരുടെ ജീവിതത്തില്‍ ഒരു തെറ്റ് വന്നാലും തിരുത്തുവാന്‍ ദൈവം അവസരമൊരുക്കും.അങ്ങനെയാണ് ജ്ഞാനികൾക്ക് തങ്ങളുടെ യാത്ര തുടരാനായത്.ജ്ഞാനികൾ കൊട്ടാരത്തിന്റെ പുറത്ത് കടന്നു. അപ്പോള്‍ വീണ്ടും അവരുടെ മുമ്പില്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. ‘നക്ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്’.
ചില നക്ഷത്രങ്ങൾ ഹേറോദോസിനെ കാണാൻ വഴി കാണിക്കും.അതാണ് തൃപ്പൂണിത്തറയിലും മറ്റും നാം കാണുന്നത്.ക്രിസ്തുമസുമായി മാനവികതയുടെ പേര് പറഞ്ഞു കൊണ്ടുള്ള ആറു ബാന്‍ഡോടുകൂടിയ മഴവില്‍ പതാകയും ഇനി ഇക്കൂട്ടർ ഉയർത്തുമായിരിക്കും. സ്വവര്‍ഗ്ഗാനുരാഗികൾക്ക് പിന്തുണ പ്രഖ്യാപിച്ചുക്കൊണ്ട് ‘മഴവില്‍ പതാക’ (റെയിന്‍ബോ ഫ്ലാഗ്) കേരളത്തിൽ സജീവമാകുന്ന കാലം വിദൂരമല്ല.
തിരുസഭയെ ഉപേക്ഷിച്ച് വ്യക്തിപരമായ സന്ദേശങ്ങള്‍ സ്വീകരിച്ച് ഹേറോദോസിന്റെ കൊട്ടാരം അന്വേഷിച്ചു പോകുന്നത് തികച്ചും അപകടകരംതന്നെ.
കാലിത്തൊഴുത്തിന്റെ കാലൊച്ച അനുസരണത്തിന്റേതാണ്.പരി.മാതാവായ മറിയത്തിന്റെയും, യൗസേപ്പിതാവിന്റെയും, ആട്ടിടയരുടെയും,ജ്ഞാനികളുടെയും ദൈവസ്വരത്തോടുള്ള അനുസരണവും സ്നേഹവും ബഹുമാനവും കാലിത്തൊഴുത്തും, ബെത്ലെഹെമിലെ നക്ഷത്രവും അത് നമ്മെ ഓർമ്മിപ്പിക്കുന്നു.
ടോണി ചിറ്റിലപ്പിള്ളി