ക്രിസ്തു ഭൂമിയുടെ പ്രകാശമായി മാറിയതുപോലെ നാം ക്രിസ്തുവിന്റെ പ്രകാശത്തിലും, സത്യമായ വചനത്തിലുമാണ് ജീവിക്കേണ്ടത്. ക്രിസ്തുവിലും, വചനത്തിലുമാണ് നാം നയിക്കപ്പെടേണ്ടത്. യേശുവിന്റെ പ്രകാശം ഹൃദയത്തിൽ സ്വീകരിക്കുന്നതിന്റെ അനന്തരഫലമായി നിരവധിയായ വ്യത്യാസങ്ങൾ ഒരു വക്തിയുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ജീവിതത്തിൽ അന്നുവരെ ശരിയെന്നു കരുതി ചെയ്തിരുന്ന പല പ്രവർത്തികളിലും ഒളിഞ്ഞിരിക്കുന്ന സ്വാർത്ഥതയും പൊങ്ങച്ചവും സ്നേഹരാഹിത്യവും ദുരാശകളും വെളിപ്പെട്ടു കിട്ടുകയും, അവയെ തിരുത്താൻ പ്രേരണ ലഭിക്കുകയും ചെയ്യുന്നത് നമ്മുടെ ഹൃദയം യേശുവിന്റെ വെളിച്ചത്തിൽ പ്രകാശിച്ചു തുടങ്ങുമ്പോൾ മാത്രമാണ്.
ലൗകീകതയിലും ഭോഗാസക്തിയിലും മുഴുകിയ ലോകത്തിന്റെ വഴികളിൽ കിട്ടാത്ത സമാധാനവും സംതൃപ്തിയും സന്തോഷവും യേശു കാണിച്ചു തരുന്ന സ്നേഹത്തിന്റെയും സേവനത്തിന്റെയും പരിത്യാഗത്തിന്റെയും വഴികളിൽ ഉണ്ടെന്ന തിരിച്ചറിവാണ് മാനസാന്തരത്തിന്റെ ആദ്യപടി. മാനസാന്തരം ഒരിക്കലും ഒരു ലക്ഷ്യമല്ല, സ്വർഗ്ഗരാജ്യമെന്ന ലക്ഷത്തിലേക്കുള്ള വഴി നമുക്ക് കാണിച്ചു തരുന്ന ഒരു ചൂണ്ടുപലക മാത്രമാണ് അത്. മാനസാന്തരപ്പെട്ട് അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള തിരിച്ചുപോക്ക് ജീവിതത്തിൽ ഒരിക്കൽമാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമായി തെറ്റിദ്ധരിക്കുകയും അരുത്. ഒരു ദിവസത്തിൽതന്നെ പലതവണ മാനസാന്തരം ആവശ്യമുള്ളവരാണ് നാം എല്ലാവരും. മാനസാന്തരത്തിന്റെ കൃപ നമ്മിൽ നിലനിൽക്കുമ്പോൾ മാത്രമേ നമുക്ക് നന്മയായതു തിരിച്ചറിയാനും അതനുസരിച്ച് പ്രവർത്തിക്കാനും സാധിക്കുകയുള്ളൂ.
നമ്മുടെ ഹൃദയത്തിലെ അന്ധകാരത്തെ മാറ്റുന്നത്, സത്യവചനം ഹ്യദയത്തിലേയ്ക്ക് ഇറങ്ങി ചെല്ലുമ്പോൾ ആണ്. ഹെബ്രായര്‍ 4 : 12 ൽ പറയുന്നു, ദൈവത്തിന്റെ വചനം ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്. നമ്മുടെ ഹൃദയങ്ങളെ ദൈവത്തിന്റെ വചനം നയിക്കട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.