ക്രിസ്ത്യാനിയുടെ ജീവിതം ദൈവികോന്മുഖമാണ്; ദേവാലയോന്മുഖം ആണ് .
അവന്റെ വിശ്വാസ ജീവിത യാത്ര- യഥാർത്ഥ തീർത്ഥ യാത്ര- ആരംഭിക്കുന്നത് മാമോദീസാ സ്വീകരണം വഴി സഭയിൽ അംഗമാകുന്നതിലൂടെയാണ്. ജീവിതയാത്രയിലുണ്ടാവേണ്ട വിശുദ്ധിയുടെ വസ്ത്രം കൊടുത്ത്, ലോകത്തിന്റെ പ്രകാശമായ ക്രിസ്തു മാർഗ്ഗദീപമാകുന്നതിന്റെ അടയാളമായി കത്തിച്ച തിരിയും കൊടുത്തു സഭയിലേക്ക് സ്വീകരിക്കപ്പെടുന്ന ശിശുവിന്റെ ജീവിതയാത്ര അവനിൽ – ക്രിസ്തുവിൽ- വിലയം പ്രാപിക്കുന്നതുവരെ തുടരുന്നു.അതുകൊണ്ടുതന്നെയാണ് സംസ്കാര ശുശ്രുഷകളിലെ പ്രാർത്ഥനകളും ശ്രദ്ധേയമാകുന്നത്. ” എന്റെ സാഹോദരരേ ഞാനിപ്പോൾ നിങ്ങളോട് യാത്ര ചോദിക്കുന്നു. നിങ്ങൾ എനിക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ ” എന്ന് പറഞ്ഞു തുടങ്ങുന്ന ഗാനത്തോടെ ഭവനത്തിൽ നിന്നും തുടങ്ങുന്ന വിലാപയാത്ര ദേവാലയത്തിൽ എത്തി, ദേവാലയത്തോടും ദേവാലയ ശുശ്രുഷകരോടും നന്ദി പറഞ്ഞുകൊണ്ടാണ് സിമിത്തേരിയിലേക്കു തുടരുന്നത്.
ദേവാലയോന്മുഖ, ദൈവോന്മുഖ ജീവിതത്തിനുടമകൾ എന്നും സ്വപ്നം കാണേണ്ടതും ലക്ഷ്യം വയ്ക്കുന്നതും അവനോടൊത്തുള്ള നിത്യതയാണ്. ഈ സത്യം ഉൾക്കൊണ്ടാണ് വി. പൗലോശ്ലീഹാ ക്രിസ്ത്യാനികളെ വിശുദ്ധ ഗണമേ എന്ന് വിളിക്കുന്നത്. സകല വിശുദ്ധരുടെയും തിരുനാൾ ആഘോഷിക്കുന്നതും മരിച്ച വിശ്വാസികളുടെ ഓർമ്മത്തിരുനാൾ നടത്തുന്നതും ജീവിച്ചിരിക്കുന്ന വിശ്വാസികൾക്ക് ഒരു ഉണർത്തുപാട്ടായാണ്.
വളർച്ചയുടെപാതയോരത്ത് നഷ്ടപ്പെട്ട വിശുദ്ധി വീണ്ടെടുക്കുവാനുള്ള ഉണർത്തുപാട്ട്…ഉടയവനോട് ചേർന്ന് എന്നും സംരക്ഷിക്കപ്പെടേണ്ട ഉടലിനെ, സത്തയോട് നീതി പുലർത്താതെ അവമതിച്ചിട്ടുണ്ടെങ്കിൽ തിരുത്തുവാനുള്ള ഉണർത്തുപാട്ട്…ഓടി തീർത്ത ജീവിതയാത്രയുടെ കുതിപ്പിനും കിതപ്പിനും ഇടയിൽ മുഴങ്ങി കേൾക്കുന്നത് സ്വയം നഷ്ടപെടലിന്റെ ഏങ്ങലുകളാണോ എന്ന് ശ്രദ്ധിക്കാനുള്ള ഉണര്ത്തുപാട്ട് .
മരണമെന്ന യാഥാർഥ്യം മുന്നിൽ നിൽക്കുമ്പോഴും വെട്ടിപ്പിടിക്കലിന്റെയും നേട്ടങ്ങളുടെയും കഥ എഴുതാൻ ഇഷ്ടപ്പെടുന്നവന്റെ മുമ്പിലെ വെല്ലുവിളിയാണ് നിത്യപ്രകാശത്തിന്റെ പാതയിൽ അഭയം തേടുകയെന്നത്.
മരിച്ച വിശ്വാസികളെ ഓർക്കുന്നതിനു ജീവിച്ചിരിക്കുന്ന ഒരു വിശ്വാസ സമൂഹം ആവശ്യമാണ്. നാളെകളിൽ നമ്മെ ഓർക്കാൻ, നമുക്ക് വേണ്ടി ഒരു നിമിഷം കര്ത്താവിങ്കൽ കരങ്ങൾ കൂപ്പാൻ ഇന്നുകളിൽ നാം ഇന്നലെകളിൽ കടന്നു പോയവരെ പ്രാർത്ഥനാപൂർവ്വം സ്മരിക്കേണ്ടിയിരിക്കുന്നു, അവർക്കായി പ്രാർത്ഥനകൾ ചൊല്ലേണ്ടിയിരിക്കുന്നു.ആ ശൈലി മക്കൾക്ക് പകർന്നുകൊടുക്കുകയും ചെയ്യണം. വിശ്വാസ അനുഷ്ടാനങ്ങൾ അപേക്ഷികമാവാതെ സ്വന്തം ബോദ്ധ്യങ്ങളുടെ നിറവിൽ നിന്നാവണം. ഉച്ചത്തിൽ വായിക്കാനുള്ള തുറന്ന പുസ്തകമായി മാതാപിതാക്കൾ മാറണം എന്ന് സാരം.
നമുക്കൊരുങ്ങാം അവന്റെ മുമ്പിൽ നീതീകരിക്കപ്പെടാനും മാനിക്കപ്പെടാനും അംഗീകരിക്കപ്പെടാനുമായി. ജീവിതം ദൈവോന്മുഖമായിരിക്കട്ടെ, ദേവാലയോന്മുഖവും . പകർന്നുകൊടുക്കുന്ന ദീപം കരിന്തിരി കത്തുന്നതാവരുത് എന്ന ദൃഢനിശ്ചയം നമ്മെ നയിക്കട്ടെ.
Ben Fr