വർണ്ണവിവേചനത്തിന്റെയും ദാരിദ്യത്തിന്റെയും ദുരിതങ്ങളും അവഹേളനങ്ങളും ഓർമ്മ വെക്കുമ്പോഴേ അനുഭവിച്ചു വളർന്നുവന്ന ഒരാളായിരുന്നു പെറുവിലെ ലിമയിൽ ജനിച്ച വിശുദ്ധ മാർട്ടിൻ ഡി പോറസ് .

ഒരു കറുത്തവർഗ്ഗക്കാരനായതിനാലും ഉന്നതകുലജാതനായ പിതാവ് ഡോൺ ജുവാൻ ഡി പോറസ് നീഗ്രോക്കാരിയായ അവന്റെ അമ്മയെ നിയമപ്രകാരം വിവാഹം കഴിച്ചിട്ടില്ലാതിരുന്നതിനാലും അവൻ കേട്ട അധിക്ഷേപങ്ങൾക്കും അനുഭവിച്ച അപമാനത്തിനും കയ്യും കണക്കുമില്ലായിരുന്നു. പക്ഷെ അറുപതാം വയസ്സിൽ മരിക്കുമ്പോൾ വിശുദ്ധന്റെ ശവപ്പെട്ടി ചുമന്നത് ഒരു വൈസ്രോയിയും ഒരു പ്രഭുവും രണ്ടു ബിഷപ്പും ഉൾപ്പെട്ട അനേകം ഉന്നതകുലജാതരായിരുന്നു. സ്നേഹം, എളിമ, പ്രാർത്ഥന, സേവനം, അത്ഭുതപ്രവൃത്തികൾ തുടങ്ങിയവ കൊണ്ടൊക്കെ അത്രക്കും വ്യക്തിപ്രഭാവം സമൂഹത്തിൽ ചെലുത്താൻ കഴിഞ്ഞ ആളായതുകൊണ്ടായിരുന്നു അത്.

ഭർത്താവു ഇട്ടിട്ടുപോയത് തന്റെയും കുട്ടികളുടെ കറുത്ത നിറം കൊണ്ടാണെന്നു അറിയാമായിരുന്ന അന്ന വെലാസ് ക്വെസ്, മാർട്ടിനോടും അവനു രണ്ടുവയസ്സിനു ഇളയമകൾ ജുവാനയോടും ഒട്ടും മയമില്ലാത്ത പെരുമാറ്റമായിരുന്നു. കറുത്ത തൊലി തങ്ങളുടെ ജീവിതം ഇത്രക്ക് ദുസ്സഹമാക്കിയതോർത്ത് നിരാശപ്പെട്ട അന്ന ദേഷ്യം തീർത്തത് പാവം മാർട്ടിന്റെ മേൽ ആയിരുന്നു. ഭക്ഷണം ആവശ്യത്തിന് കിട്ടാത്ത അത്ര ദാരിദ്ര്യം. അടിക്കു മാത്രം കുറവില്ലാർന്നു.ഒപ്പം കൂട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസങ്ങൾ.

സാധാരണ ഗതിയിൽ കയ്പു നിറഞ്ഞ ജീവിതത്തോട് പട വെട്ടി എല്ലാറ്റിനോടും വെറുപ്പായി തീരേണ്ട ബാല്യം. പക്ഷെ മാർട്ടിൻ അങ്ങനെ അല്ലായിരുന്നു. ഒരാളോടും ദുർമ്മുഖം കാണിച്ചില്ല, എല്ലാവരോടും സ്നേഹത്തോടും ദയയോടും കൂടെ പെരുമാറി. പത്തുവയസ്സുള്ളപ്പോൾ തന്നെ മണിക്കൂറുകളോളം മുട്ടുകുത്തി പ്രാർത്ഥിക്കുമായിരുന്നു. പാവങ്ങളോടും ആവശ്യക്കാരോടും അന്നേ കരുണ കാണിക്കുമായിരുന്നു. അമ്മ ചന്തയിൽ വിൽക്കാൻ കൊടുത്തയക്കുന്ന സാധനങ്ങളോ എന്തെങ്കിലും മേടിക്കാൻ കൊടുത്തയക്കുന്ന പൈസയോ മിക്കവാറും ചെന്നെത്തിയിരുന്നത് വഴിയിൽ കാണുന്ന പാവങ്ങളുടെ കൈകളിൽ ആയിരുന്നു. തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ അമ്മ എങ്ങനെയായിരിക്കും പെരുമാറുക എന്ന് പറയേണ്ടതില്ലല്ലോ.

ഇടയ്ക്കു മനംമാറ്റം വന്നു പിതാവ് ഇവരുടെ കൂടെത്താമസിച്ചു. രണ്ടുകൊല്ലത്തേക്ക് മാർട്ടിനെയും കുഞ്ഞനിയത്തിയേയും തൻറെ കൂടെ കൊണ്ടുപോയി, അവരെ പഠിപ്പിക്കാൻ ട്യൂഷനും ഏർപ്പാടാക്കി. പക്ഷെ സ്‌ഥാനക്കയറ്റം കിട്ടിയപ്പോൾ സമൂഹത്തിലെ ഉന്നതസ്ഥാനീയർ മക്കളെ കാണുമ്പോൾ പരിഹസിക്കുമെന്നു തോന്നി മാർട്ടിനെ തിരിച്ചയച്ചു. അനിയത്തിയെ നോക്കാൻ ഒരു അമ്മാവനെയും ഏൽപ്പിച്ചു.

12 വയസ്സായിരുന്ന മാർട്ടിൻ ഡോക്ടർ റിവേരോയുടെ ഡിസ്പെൻസറിക്കടുത്തു താമസമാക്കി. എല്ലാ ദിവസവും കാലത്തു കുർബ്ബാനയ്ക്ക് പോയി, ഡിസ്പെന്സറിയിൽ സഹായിച്ചു, ഒപ്പം ബാർബർ പണിയും പഠിച്ചു. കുറഞ്ഞ സമയം കൊണ്ട് അവിടെയുള്ള എല്ലാ മരുന്നുകളെപ്പറ്റിയും ആളുകളെ എങ്ങനെ പരിചരിക്കണം എന്നൊക്കെ പഠിച്ചെടുത്തു, ഡോക്ടറിനെക്കാള്‍ നന്നായി എല്ലാം ചെയ്യാൻ തുടങ്ങി.

വീട്ടുടമസ്ഥയോട് മെഴുതിരിക്കുറ്റികൾ ആവശ്യപ്പെട്ട മാർട്ടിൻ അതെന്തിനായിരിക്കും ഉപയോഗിക്കുന്നതെന്ന് അറിയാൻ അവർ താക്കോൽപഴുതിലൂടെ നോക്കിയപ്പോൾ കണ്ടത് അത് കത്തിച്ചു വെച്ചു ക്രൂശിതരൂപത്തിനു മുൻപിൽ പ്രാർത്ഥനാനിരതനായി കണ്ണീരൊഴുക്കുന്ന അവനെ ആയിരുന്നു. കിട്ടുന്ന ചെറിയ ശമ്പളത്തിൽ നിന്ന് അമ്മക്ക് കൊടുത്തിട്ടു ബാക്കിയുള്ളത് കൊണ്ട് അവൻ പാവങ്ങളെ സഹായിച്ചു.

15 വയസ്സായപ്പോൾ അപ്പോഴേക്ക് പനാമയിലെ ഗവർണർ ആയ അവന്റെ പിതാവ് ലിമയിലേക്ക് വന്ന് അമ്മയുടെ കാര്യങ്ങൾ സുരക്ഷിതമാക്കുന്നതു കണ്ടപ്പോൾ ഒരു ഡൊമിനിക്കൻ ജപമാല ആശ്രമത്തിൽ മൂന്നാംസഭക്കാരനായി എങ്കിലും ചേരാൻ അവൻ ആഗ്രഹിച്ചു. കടുത്ത വർണ്ണവിവേചനം നിലനിന്നിരുന്ന അക്കാലത്തു വൈദികൻ ആകാൻ ബുദ്ധിമുട്ടായിരിക്കുമെന്നറിയാവുന്ന അവനോട് തുണസഹോദരനായിക്കോളാൻ അവർ പറഞ്ഞെങ്കിലും തുണസഹോദരരുടെ അടിമ പോലെ ആകാനാണവൻ ഇഷ്ടപെട്ടത് . ആശ്രമത്തിലെ താണതരം എല്ലാ ജോലികളും അവൻ ചെയ്തു , അതിനൊപ്പം അവന്റെ നിറത്തെ കളിയാക്കിയുള്ള മറ്റുള്ളവരുടെ കളിയാക്കലും അവൻ ക്ഷമാപ്പൂർവ്വം സഹിച്ചു. എന്തിനും ഏതിനും എല്ലാവരും അവനെ വിളിച്ചു പണി ചെയ്യിച്ചുകൊണ്ടിരുന്നു.

മാർട്ടിൻ പാചകം ചെയ്യുമ്പോൾ ചൂടുള്ള പാത്രത്തെ പിടിക്കാനുള്ള ഉപകരണങ്ങൾ ആശ്രമവാസികൾ എടുത്ത് ഒളിപ്പിക്കുമ്പോൾ വെറും കൈകൊണ്ടാണ് മാർട്ടിൻ ചൂടുള്ള പാത്രങ്ങളെ എടുത്തുയർത്തിയിരുന്നത്. പക്ഷെ കൈകൾ പൊള്ളാറുണ്ടായിരുന്നില്ല.

ക്ഷാമവും ദുരിതവും ദേശത്തെ കീഴടക്കിയ കാലത്ത് കടബാധ്യതയിൽ മുങ്ങുകയായിരുന്ന ആ ആശ്രമത്തിൽ ആഹാരത്തിനു വകയില്ലാതെ പ്രിയോരച്ചൻ വിഷമിച്ചു. ഒരു ദിവസം മാർട്ടിൻ മുറ്റമടിച്ചു കൊണ്ടിരിക്കെ ഒരു സഞ്ചിയിൽ കുറച്ചു ചിത്രങ്ങളുമായി പ്രിയോരച്ചൻ പുറത്തേക്കു പോകുന്നവൻ കണ്ടു. അച്ചന്റെ മുഖം വാടിയിരിക്കുന്നു. ആശ്രമത്തിൽ അമൂല്യങ്ങളായി വെച്ചിരുന്ന കലാമൂല്യമുള്ള ചിത്രങ്ങൾ വിറ്റ് കുറച്ചു പൈസ ഉണ്ടാക്കാമെന്നായിരുന്നു അച്ചന്റെ പ്ലാൻ. ഇത് മനസ്സിലാക്കിയ മാർട്ടിൻ അച്ചന്റെ പിന്നാലെ ഓടിച്ചെന്നു പറഞ്ഞു, “വന്ദ്യപിതാവേ, ചിത്രങ്ങൾ വിൽക്കരുതേ”. “പിന്നെ എങ്ങനെ കടം വീട്ടും ? ഭക്ഷണത്തിനുള്ള വക കണ്ടെത്തും ?” പ്രിയോരച്ചന്റെ വാക്കുകളിൽ വേദന. “എന്നെ വിറ്റുകൊള്ളുക , എന്നെ വിറ്റ് കടം വീട്ടൂ” അക്കാലത്ത് അടിമക്കച്ചവടം നിലനിന്നിരുന്നു. മാർട്ടിൻ പറഞ്ഞത് കേട്ട് പ്രിയോരച്ചൻ അത്ഭുതസ്തബ്ധനായി . “നിന്നെ വിൽക്കാനോ ? നീ എന്താണീ പറയുന്നത് ?” “അതേ , എനിക്കാരോഗ്യമുണ്ട്. ഞാൻ നന്നായി പണിയെടുത്തു കൊള്ളും” അച്ചൻ പറഞ്ഞു, “കുഞ്ഞേ, എത്ര പണം കൊടുത്താലും കിട്ടാത്ത കാര്യങ്ങളുണ്ട്, അതിലൊന്നാണ് വിശ്വസ്തതയുള്ള ഹൃദയം”. അവനെ അച്ചൻ സമാധാനിപ്പിച്ചു.

9 വർഷത്തെ കഠിനജോലികൾക്കു ശേഷം പ്രിയോരച്ചൻ മാർട്ടിനെ ഡൊമിനിക്കൻ ഒന്നാം സഭയിൽ ചേർക്കാൻ ആഗ്രഹിച്ചു. കുറെ എതിർത്ത് പറഞ്ഞെങ്കിലും ദൈവേഷ്ടമാണെന്നുകരുതി അവസാനം അവൻ സമ്മതിച്ചു.താൻ ചെയ്യുന്ന ജോലികൾ തുടർന്നും ചെയ്യാൻ അനുവദിക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം. അങ്ങനെ 1603ൽ ഡൊമിനിക്കൻ സഹോദരനായി വ്രതവാഗ്ദാനം നടത്തി . ദൈവസ്നേഹത്തിലും പരസ്നേഹത്തിലും അവൻ ഉത്തരോത്തരം പുരോഗമിച്ചു കൊണ്ടിരുന്നു.

മുടിവെട്ടുന്ന ജോലിയും ആശ്രമത്തിൽ അസുഖമുള്ളവരെ പരിചരിക്കുന്ന ജോലിയും അവൻ ഏറ്റെടുത്തിരുന്നു. ആശ്രമത്തിനു പുറത്തുള്ളവരെയും അവൻ കൊണ്ടുവന്നു ചികിൽസിച്ചു, പണക്കാരെന്നോ പാവപ്പെട്ടവരെന്നോ ഭേദമില്ലാതെ.

അവനെ വിശുദ്ധനായി നാമകരണം ചെയ്യുന്ന വേളയിൽ ജോൺ ഇരുപത്തിമൂന്നാം പാപ്പ നടത്തിയ

പ്രസംഗത്തിലെ ചില പ്രസക്തഭാഗങ്ങൾ..

” യേശുക്രിസ്തു നമുക്കായി സഹിച്ചതിനെപ്പറ്റിയും നമ്മുടെ പാപങ്ങളെല്ലാം മരത്തിൽ കിടന്നുകൊണ്ട് സ്വശരീരത്തിൽ അവൻ വഹിച്ചതിനെപറ്റിയുമെല്ലാം തിരിച്ചറിവുണ്ടായപ്പോൾ കുരിശിൽ ആണികളാൽ തറക്കപ്പെട്ട യേശുവിനോടുള്ള അഗാധമായ സ്നേഹത്താൽ മാർട്ടിൻ നിറഞ്ഞു. ഈശോയുടെ കഠിനപീഡകളെ പറ്റി ചിന്തിച്ചപ്പോഴെല്ലാം അടക്കാനാവാതെ തിങ്ങിനിറഞ്ഞ സങ്കടം അവനിൽ നിന്ന് കണ്ണുനീർ ചാലുകളായി പ്രവഹിച്ചു. മുഴുമനമോടെ പരിശുദ്ധ കുർബ്ബാനയെ സ്നേഹിച്ച അവൻ അൾത്താരക്ക് മുൻപിൽ മണിക്കൂറുകളോളം അതിനു മുൻപിൽ ആരാധിക്കുക മാത്രമല്ല ആത്മാവിന്റെ ഭക്ഷണമായി കഴിയുമ്പോഴൊക്കെ അതിനെ സ്വീകരിക്കാൻ വെമ്പൽ കൊണ്ടു.

മാത്രമല്ല, ക്രിസ്തുവിന്റെ പ്രബോധനങ്ങളോടുള്ള സമഗ്രമായ തുറവി മൂലം തന്റെ സഹജരെ അവൻ സ്നേഹിച്ചത് അങ്ങേയറ്റത്തെ എളിമയിൽ നിന്നും കലക്കമില്ലാത്ത വിശ്വാസത്തിൽ നിന്നും ഉരുത്തിരിഞ്ഞ സ്നേഹത്തിൽ നിന്നായിരുന്നു. ഒരാളെയും ഒഴിവാക്കാതെ എല്ലാവരെയും അവൻ സ്നേഹിച്ചു കാരണം എല്ലാവരും അവന് ദൈവത്തിന്റെ മക്കളും തന്റെ സ്വന്തം സഹോദരനും സഹോദരിയുമായിരുന്നു. അവനെക്കാൾ അധികമായി അവൻ അവരെ സ്നേഹിച്ചു. അവന്റെ എളിമയിൽ, എല്ലാവർക്കും അവനെക്കാൾ കൂടുതൽ വിശുദ്ധി ഉള്ളതായും അവൻ കരുതി.

പാപികളെ മനസാന്തരപ്പെടുത്താൻ എല്ലാ വിധത്തിലും ശ്രമിച്ചു : രോഗികളെ നിസ്വാർത്ഥമായി പരിചരിച്ചു, ഭക്ഷണവും വസ്ത്രവും മരുന്നും സ്വന്തമായി വാങ്ങാൻ കഴിയാത്ത പാവങ്ങൾക്ക് അത് എത്തിച്ചു നൽകി. നീഗ്രോകളും താഴേക്കിടയിലും ആയവർക്ക്, അടിമകളായി എല്ലാരും കണ്ടിരുന്നവർക്ക് സഹായവും സന്മനസ്സുമാവാൻ തൻറെ കഴിവിന്റെ പരമാവധി പരിശ്രമിച്ച വിശുദ്ധൻ “Martin the Charitable ” എന്ന പദവിക്ക് സർവഥാ അർഹനാണ് “.

ഒരു ഗ്ലാസ് വെള്ളവും ഒരു കുരിശടയാളം കൊണ്ട് പോലും കഠിനമായ അസുഖങ്ങൾ മാർട്ടിൻ സുഖമാക്കിയിരുന്നു . രോഗനിർണ്ണയത്തിനും അത് ഭേദമാക്കുന്നതിനും പ്രത്യേക കഴിവായിരുന്നു. തെരുവുകളിൽ തളർന്നു വീഴുന്നവരെ അവൻ ആശ്രമത്തിലേക്ക് എടുത്തുകൊണ്ടു വന്നു. ആശ്രമത്തിലെ പലർക്കും അസൂയ ഉളവാക്കുന്നതായിരുന്നു അവന്റെ ഈ കയ്യയച്ചുള്ള സഹായങ്ങൾ.

ഒരിക്കൽ തെരുവിൽ നിന്ന് പഴുത്തൊലിക്കുന്ന വ്രണങ്ങളുമായി അവശനായ ഒരു വൃദ്ധനെ എടുത്തുകൊണ്ട് മാർട്ടിൻ തൻറെ മുറിയിലെത്തി , തൻറെ കിടക്കയിൽ കിടത്തി. അതുകണ്ട് കുറ്റം പറഞ്ഞ ആശ്രമാംഗങ്ങളോട് അവൻ പറഞ്ഞു, “പ്രിയസഹോദരാ, വൃത്തിയേക്കാൾ കാരുണ്യമാണ് അഭിലഷണീയം. ഒരൽപം സോപ്പുകൊണ്ട് എനിക്കീ കിടക്കവിരി വൃത്തിയാക്കാൻ സാധിക്കും. പക്ഷെ ഈ പാവം മനുഷ്യനെ സഹായിക്കാതെ ഞാൻ ക്രൂരമായി പെരുമാറിയാൽ അത് എന്റെ ആത്മാവിൽ സൃഷ്ടിക്കുന്ന കറ ഇല്ലാതെയാക്കാൻ കണ്ണീരിന്റെ ഒരു മലവെള്ളപ്രവാഹം തന്നെ മതിയാവുകയില്ല”.

അവന്റെ ജീവിതം ലളിതമായിരുന്നു. പ്രത്യേകിച്ച് ഫർണീച്ചർ ഒന്നും മുറിയിൽ ഇല്ലായിരുന്നു. കുറച്ചു പലകകൾ ഇട്ടാണ് കിടന്നിരുന്നത്, ഒരു മരക്കഷ്ണം ആയിരുന്നു തലയിണ. പലരും ഉപേക്ഷിച്ചതും കീറിയതും ഒക്കെ ആയ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. അവന്റെ ഒരു കൈ സ്പര്ശനം , പ്രാർത്ഥന, കുരിശുവര ഒക്കെ രോഗികളെ ഞൊടിയിടയിൽ സുഖപ്പെടുത്തിയിരുന്നു. വളരെ കുറച്ചു മാത്രം ഭക്ഷിച്ചിരുന്ന മാർട്ടിൻ മാംസം കഴിച്ചിരുന്നില്ല. ദിവസം മൂന്നു പ്രാവശ്യത്തോളം തന്റെയും മറ്റുള്ളവരുടെയും പാപപരിഹാരാർത്ഥം ചാട്ടവാറു കൊണ്ട് സ്വയം പ്രഹരിച്ചിരുന്നു. ദിവ്യകാരുണ്യത്തോടും കുർബ്ബാനയോടും അതീവഭക്തിയുണ്ടായിരുന്ന മാർട്ടിൻ തീപിടുത്തമുണ്ടായി ചുറ്റിനും ആളുകൾ ഓടിനടക്കുന്നതുപോലും അറിയാതെ അൾത്താരയിൽ പ്രാർത്ഥനയിൽ മുഴുകിയ സംഭവം ഉണ്ടായിട്ടുണ്ട് .

തീരെ ചെറിയ ജീവികളോടും പക്ഷികളോടും പോലും അതീവ കരുണയായിരുന്നു. ഒരിക്കൽ ആശ്രമത്തിലെ ലിനൻ വസ്ത്രങ്ങൾ എലികൾ കരണ്ടു നശിപ്പിക്കുന്നെന്നു ആശ്രമവാസികളുടെ പരാതി ഉയർന്നു. മാർട്ടിൻ എലികളുടെ മാളം കണ്ടുപിടിച്ചു അവരുടെ മുൻപിൽ ചെന്ന് അവരെ അഭിവാദ്യം ചെയ്തിട്ട് പറഞ്ഞു, എല്ലാവരും കൂടി കളപ്പുരയിലേക്കു താമസം മാറ്റണമെന്നും ഇനിയൊരു ഉപദ്രവവും ആശ്രമത്തിൽ ചെയ്യരുതെന്നും പകരമായി എന്നും അവർക്കു ഭക്ഷണം കൊടുത്തോളാമെന്നും. എലികൾ അതനുസരിച്ചു.മരിക്കുന്നതു വരെ മാർട്ടിൻ അവർക്കു ഭക്ഷണം കൊണ്ടുവച്ചു കൊടുത്തിരുന്നു.

ഒരുപാട് അത്ഭുതപ്രവൃത്തികളാണ് ഈ വിശുദ്ധന്റെതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഒരേസമയം പലയിടത്തു പ്രത്യക്ഷപ്പെടുന്ന മാർട്ടിന്റെ കഴിവ് പ്രസിദ്ധമായിരുന്നു. മാർട്ടിൻ എന്ന് ആരെങ്കിലും സഹായത്തിനു മനമുരുകി വിളിച്ചാൽ വാതിൽ പോലും തുറക്കാതെ അവരുടെ മുന്നിലെത്തിയിട്ടുണ്ട് മാർട്ടിൻ. മറ്റു രാജ്യങ്ങളായ ആഫ്രിക്ക ,ചൈന , അൾജീരിയ , ജപ്പാൻ, മെക്സിക്കോ എന്നിവിടങ്ങളിൽ പോലും പലരും വിശുദ്ധനെ കണ്ടട്ടുണ്ട്. മരിച്ചുപോയ ബ്രദർ തോമസിനെ ഉയിർപ്പിച്ചിട്ടുണ്ട്. പലരുടെയും ശരീരവൈകല്യങ്ങൾ മാറ്റിയിട്ടുണ്ട്. പ്രാർത്ഥിക്കുമ്പോൾ തലയ്ക്കു മുകളിൽ പ്രകാശഗോളം, തറയിൽ നിന്നുയരുക , ഇതൊക്കെ ഉണ്ടായിരുന്നു.

അവനെപ്പറ്റി എഴുതിയ റിച്ചാർഡ് കാർഡിനൽ കഷിങ് ന്റെ ഭാഷയിൽ മാർട്ടിൻ “ആധുനിക സാമൂഹ്യസേവനത്തിന്റെ മുൻഗാമി” ആയിരുന്നു, അതുപോലെ ആ ഡൊമിനിക്കൻ ആശ്രമം ‘ആധുനിക ആതുരാലയങ്ങളുടെ’ യും.

അനാഥർക്കു വേണ്ടി ഹോളി ക്രോസ്സ് സ്കൂളുകൾ മാർട്ടിൻ സ്ഥാപിച്ചു. കുറെ രോഗികളെയും നായകളെയുമൊക്കെ തൻറെ പെങ്ങളുടെ വീട്ടിൽ കൊണ്ടുചെന്നാക്കി ആണ് മാർട്ടിൻ ചികിൽസിച്ചത്. ജയിൽവാസികൾക്ക് വസ്ത്രങ്ങളും ഭക്ഷണവും കൊണ്ട് കൊടുത്തു. ലിമയിലെ വിശുദ്ധ റോസ് മാർട്ടിന്റെ സുഹൃത്തായിരുന്നു. മാർട്ടിന്റെ പ്രശസ്തി ലിമയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിൽ പോലും പരന്നിരുന്നു ആ സമയമായപ്പോഴേക്ക്.

1639 ൽ 60 വയസ്സാവാൻ ദിവസങ്ങൾ മാത്രം ബാക്കി ആയിരുന്നപ്പോൾ ഒരു ദിവസം മാർട്ടിൻ പുതിയ ഒരുടുപ്പ് ധരിച്ചതുകണ്ട ആശ്രമവാസികൾ അമ്പരന്നു, ചിലർ കളിയാക്കി. മാർട്ടിൻ പറഞ്ഞു, ” നാല് ദിവസത്തിനകം ഞാൻ മരിക്കും. ഞാൻ എന്റെ ദൈവത്തിന്റെ അടുത്തേക്ക് എന്നെന്നേക്കുമായി പോകും” ആ വാർത്ത കാട്ടുതീ പോലെ പരന്നു. വിശുദ്ധന്റെ മരണം ലിമനിവാസികൾക്ക് സങ്കൽപ്പിക്കാൻ കഴിയില്ലായിരുന്നു. വൈസ്രോയിയെ ആശ്രമത്തിലേക്കു അയച്ചു പറഞ്ഞു, എങ്ങനെയെങ്കിലും മാർട്ടിനെ രക്ഷിക്കണം. വൈസ്രോയി വന്ന സമയത്തു മാർട്ടിൻ പറഞ്ഞു, “ഇപ്പോൾ ആരെയും മുറിയിലേക്ക് കടത്തി വിടരുത്”. മാർട്ടിൻ പരിശുദ്ധ മറിയത്തോടും വിശുദ്ധ ഡൊമിനിക്കിനോടും സംസാരിക്കുകയായിരുന്നു. 15 മിനിറ്റോളം സംസാരം ദീർഘിച്ചു. അതിനു ശേഷം വൈസ്രോയിയെ കണ്ടു.

അന്നുതന്നെ,1639 നവംബർ 3ന്, മാർട്ടിൻ മരിച്ചു. കൂട്ടമണി കേട്ട് ആളുകൾ ആശ്രമത്തിലേക്കൊഴുകി. പൊതുദർശനത്തിനു വച്ച മാർട്ടിന്റെ വസ്ത്രത്തിൽ നിന്ന് കഷണങ്ങൾ ആളുകൾ തിരുശേഷിപ്പായി മുറിച്ചെടുത്തു. കൈക്ക് സ്വാധീനമില്ലാതിരുന്ന ഒരു സ്ത്രീ മാർട്ടിന്റെ ശവശരീരത്തിൽ തൊട്ടാൽ തനിക്കു സുഖമാകുമെന്നു വിചാരിച്ചതു പോലെ തന്നെ സംഭവിച്ചു. പ്രത്യേക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്. വൈസ്രോയി, ബിഷപ്പുമാർ, ജഡ്ജി തുടങ്ങിയവരാണ് മൃതദേഹം ചുമന്നത്. തന്നെത്താൻ താഴ്ത്തപ്പെടുന്നവർ ഉയർത്തപ്പെടുന്നതാണ് അവിടെ കണ്ടത്. വലിയ ജനക്കൂട്ടം ആ കൊച്ചുകറുത്തമനുഷ്യന്റെ ശവമഞ്ചത്തെ അനുഗമിച്ചു.

എല്ലാവരുടെ മനസ്സിലും അപ്പോഴേ മാർട്ടിൻ വിശുദ്ധനായിരുന്നു. മരണശേഷവും ധാരാളം അത്ഭുതങ്ങളും അനുഗ്രഹങ്ങളും വിശുദ്ധന്റെ പേരിൽ രേഖപ്പെടുത്തപ്പെട്ടു . 25 കൊല്ലം കഴിഞ്ഞു ശവകുടീരം തുറന്നപ്പോൾ കാര്യമായ കുഴപ്പങ്ങളില്ലാതെ നല്ലൊരു സുഗന്ധത്തോടെ ശരീരം കാണപ്പെട്ടു.

സാമൂഹ്യനീതിയുടെ മധ്യസ്ഥനാണ് വർണവിവേചനം ഒരുപാട് അനുഭവിച്ച, പാവങ്ങളെന്നോ പണക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാരേയും സേവിച്ച, ഈ വിശുദ്ധൻ. 1837 ൽ ഗ്രിഗറി പതിനാറാമൻ പാപ്പ മാർട്ടിൻ ഡി പോറസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

ജോൺ ഇരുപത്തിമൂന്നാം പാപ്പ വിശുദ്ധനായും.

Feast Day of St. Martin De Porres – November 3

ജിൽസ ജോയ് ✍️

നിങ്ങൾ വിട്ടുപോയത്